Friday, November 30, 2012

ദൈവസ്നേഹം ....!!


ഈലോകത്തില്‍ മറ്റു ആരെക്കാളും ഭാഗ്യവതി ഞാനാണെന്ന അഹങ്കാരത്തോടെ അങ്ങ് എന്നെ സ്നേഹിക്കുന്നപോലെ അങ്ങയെ സ്നേഹിക്കാന്‍ എനിക്ക് എന്നാണു കഴിയുക ...........!!

അങ്ങയെ കാണാന്‍ എന്‍റെ കണ്ണുകളും ....അങ്ങയെ കേള്‍ക്കാന്‍ എന്‍റെ കാതുകളും....അങ്ങേയ്ക്കായി എന്‍റെ ഹൃദയവും തുടിക്കുന്നു......ഞാന്‍ ശ്വസിക്കുന്ന ഓരോ ജീവശ്വാസതിലും അങ്ങയുടെ സ്നേഹം ഞാന്‍ അനുഭവിക്കുന്നു.........!!

പുല്‍ക്കൊടി തുമ്പിലും പൂമ്പാറ്റയിലും കാരുണ്യം കിനിയുന്ന കണ്ണുകളിലും ഞാന്‍ അങ്ങയെ തേടാറുണ്ട് .....!!

അങ്ങേനിക്കായി നല്‍കിയ പൂന്തോട്ടത്തില്‍ പൂക്കളെതൊട്ടു തലോടുമ്പോള്‍ ഒരിളം തെന്നലായി എന്നെ അങ്ങ് തൊടുന്നതും ഞാനറിയുന്നു....!!

വാല്‍സല്യമുള്ള പിതാവായി എന്‍റെ വിരല്‍ത്തുമ്പ് പിടിച്ചു അങ്ങെന്നെ നടത്തുന്നു...!!

ജീവിതവഴിയിലെ പാപചെളിയില്‍ നിന്നും ....വേദനകളാകുന്ന മുള്ളില്‍ നിന്നും  കൈകളില്‍ കോരിയെടുത്ത് അങ്ങെന്നെ കാത്തിടുന്നു.....!!

പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ മിഴികള്‍ നിറയുമ്പോള്‍ പ്രിയനായി വന്നു നീ മിഴികളില്‍ ചുംബിച്ചു ആശ്വസിപ്പിക്കുന്നു....!!

സ്നേഹിക്കാന്‍ ആരുമില്ലെന്ന് പരിഭവം പറയുമ്പോള്‍
നീയെന്റെ പ്രിയപ്പെട്ടവളാണെന്ന്
സ്നേഹത്തോടെ ഉള്ളം കയ്യില്‍ കുറിച്ചിട്ട എന്‍റെ പേര് നീ കാണിച്ചു തരുന്നു ...........!!

എന്‍റെ ആവശ്യങ്ങളെല്ലാം എനിക്ക് മുന്പേ നീ അറിയുന്നു .....ഞാന്‍ എത്ര നിന്നെ വേദനിപ്പിചാലും എന്‍റെ ഒരു നോട്ടത്തിനായി കാരുണ്യം തുളുമ്പുന്ന മിഴികളുമായി അങ്ങ് എന്‍റെ ചാരെ നില്‍ക്കുന്നു.......!!

ഒരു പുഞ്ചിരിയില്‍ നിന്‍റെ കരളില്‍ ഞാന്‍ തീര്‍ത്ത മുറിവുകള്‍ നീ മറക്കുന്നു .....കൂടുതല്‍ സ്നേഹത്തോടെ നീയെന്നെ ചേര്‍ത്ത് നിര്‍ത്തുന്നു.....!!

ആത്മാവില്‍ തൊട്ടു നീ തരുന്ന സ്നേഹം ഒരംശമെങ്കിലും തിരിച്ചു തരാന്‍ ഞാന്‍ എത്ര ജന്മം അങ്ങയെ സ്നേഹിച്ചാല്‍ മതിയാകും.......!!

ഏതു വാക്കിനാല്‍ വര്‍ണ്ണിക്കാന്‍ സാധിക്കും ദൈവമേ നിന്‍റെ സ്നേഹം....!!!

Wednesday, November 14, 2012

നക്ഷത്രക്കൂട്ടുള്ള രാപ്പാടി

മൂകമാം രാത്രിയില്‍

തനിചിരുന്നൊരു രാപ്പാടി കേഴുന്നു

കേള്‍വിക്കാര്‍ ആരുമില്ലെങ്കിലും


പാട്ടിത് പാടതിരിക്കാനാകുമോ

കൂരിരുട്ടില്‍ തനിച്ചായ

രാപ്പാടിക്ക് മാനത്തെ നക്ഷത്രം കൂട്ടിരുന്നു

രാവുകളോക്കെയും കരഞ്ഞു തീര്‍ത്തു

വീണ്ടും കരയുവാനൊരു

രാവിനായ്‌ കേഴുന്നു

ജീവിതയാത്രയില്‍ ഒരു സഹയാത്രക്കാരായി

കണ്ടുമുട്ടി നമ്മള്‍

എല്ലാമായി സ്വപ്നങ്ങളും

ദുഖങ്ങളും നീ പങ്കുവച്ചപ്പോള്‍

നിറഞ്ഞൊഴുകുന്ന മിഴികള്‍ കണ്ടു

നെഞ്ചുപിടഞ്ഞു ഒരു മന്ദമാരുതനായി

അരികിലാണയാന്‍ ഞാന്‍ കൊതിച്ചുപോയി

എന്‍റെ സ്വരത്തിലെ ഇടര്‍ച്ചയും

നെഞ്ചിലെ തേങ്ങലും

എന്നെക്കാള്‍ ആദ്യം തിരിച്ചറിഞ്ഞതും

നീ മാത്രമായിരുന്നു

രാത്രിയില്‍ നിന്‍റെ വാക്കുകള്‍

എനിക്കൊരു താരാട്ടായിരുന്നു

പുലരിയില്‍ എന്നെ ഉണര്‍ത്തുന്ന

മഞ്ഞുതുള്ളിയായി നീ

ഓരോ ദിനവും ഞാന്‍ കൊതിച്ചത്

നിനക്കുവേണ്ടി മാത്രമായിരുന്നു

ഇന്നീ ഏകാന്ത രാത്രികളില്‍

മിഴിനീര്‍ത്തുള്ളികള്‍ ഓര്‍മ്മിപ്പിക്കുന്നു നിന്നെ

യാത്ര പറഞ്ഞു പിരിഞ്ഞവര്‍ അല്ല നമ്മള്‍

ലക്ഷ്യ സ്ഥാനത് യാത്ര നിറുത്തി

നീ ഇറങ്ങിപ്പോയപ്പോള്‍

ആ കണ്ണുകളില്‍ കണ്ടത്

ഒരു യാത്ര പറചിലായിരുന്നില്ല

വീണ്ടും കാണാമെന്ന ഒരു പ്രതീക്ഷയായിരുന്നു

ഇനി എവിടെ വച്ചാണ് നീ

എന്‍റെ ജീവിതവണ്ടിയില്‍

ഒരു യാത്രക്കരനാകുക

മനസ്സില്‍ നിനക്കായി ഇരിപ്പിടം

ഒരുക്കി കാത്തിരിക്കുന്നു ഞാന്‍ 

Monday, November 12, 2012

ഓര്‍മ്മച്ചെപ്പ്...!!!



സ്‌കൂള്‍ വിട്ടു വരുന്നവഴി മേരി സാറിന്റെ വീട്ടില്‍ കയറി ലൂബിക്ക പെറുക്കുകയാണ് അന്നത്തെ ഞങ്ങള്‍ മൂവര്‍ സംഘത്തിന്റെ ലക്‌ഷ്യം ...

സാറിന്റെ വീടിന്റെ പ്രധാന ഗേറ്റ്‌ തുറക്കാറില്ല പകരം വീടിന്റെ അരികത്തു തൊഴുത്തിനോട് ചേര്‍ന്ന് ഒരു ഗേറ്റ്‌ ഉണ്ട് അതാണ് തുറക്കാന്‍ പറ്റുക പൂട്ടിയിട്ടുണ്ടാവില്ല തള്ളിയാല്‍ തുറന്നു കിട്ടും ... 

ഞങ്ങള്‍ ആദ്യം വീടിന്റെ ഉമ്മറത്ത്‌ ആരെങ്കിലും ഉണ്ടോ എന്ന് നോക്കും ...

മിക്കവാറും ദിവസങ്ങളില്‍ മേരി സാര്‍ ആകും ഉണ്ടാവുക ചെടി നനച്ചു കൊണ്ടിരിക്കുകയായിരിക്കും....

മേ രി സാറിനു മീശയുണ്ട് പൊടിമീശ പിന്നെ ഭയങ്കര കര്‍ക്കശക്കാരിയുമാണ്..അതുകൊണ്ട ാണെന്നു തോന്നുന്നു എല്ലാവരും മേരി സാര്‍ എന്നാണ് വിളിക്കുക കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മേരി സാറേ എന്നാണ് വിളിക്കുന്നത്‌.....  

സാറിനു ഇഷ്ട്ടമല്ല ആരും അവിടെ ലൂബിക്ക പെറുക്കാന്‍ ചെല്ലുന്നത്...ഞങ്ങളുടെ തലവെട്ടം കണ്ടാല്‍ വിളിച്ചു പറയും ഒരെണ്ണം ഇങ്ങോട്ട് കടന്നു പോകരുത് എന്ന്.... ഞങ്ങള്‍ അവിടെ മറഞ്ഞു നില്‍ക്കും ...മുറ്റത്ത്‌ വീണുകിടക്കുന്ന ലൂബിക്ക ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരിക്കും....

സാര്‍ ചെടി നനച്ചു പോകുമ്പോഴേയ്ക്കും അവിടെത്തെ മാഷ്‌ വരുന്ന സമയം ആകും മാഷ്‌ പാവമാണ് ഞങ്ങളെ കണ്ടു മാഷ്‌ പറയും .. "മക്കള്‍ കയറി പെറുക്കിക്കോ എന്ന്"അല്ലെങ്കില്‍ മാഷ്‌ പെറുക്കി കൊണ്ട് വന്നു തരും ...

ഒരുപാട് തമാശ പറയാനും സംസാരിക്കാനും ഒന്നും മാഷ്‌ നില്‍ക്കില്ല ...മേരി സാറിനെ മാഷിനും പേടിയാകും...  

ലൂബിക്ക കിട്ടി കഴിഞ്ഞാല്‍ അടുത്ത ലക്‌ഷ്യം വീട്ടില്‍ നിന്നും മതിലിലൂടെ പടര്‍ന്നു കിടക്കുന്ന മുല്ലയുടെ മുട്ടുകളാണ് ....ചോറുപാത്രം നിറയെ അത് ഞങ്ങള്‍ ശേഖരിക്കും അത് ഞങ്ങള്‍ വഴിയില്‍ നിന്നാണ് പറിക്കുക മേരി സാറിനു കാണാന്‍ പറ്റില്ല...അത് കൊണ്ട് മുല്ലമുട്ടു ഞങ്ങള്‍ക്ക് ഒരുപാട് കിട്ടാറുണ്ട് .

അത് കഴിഞ്ഞു വരുന്ന വഴിയ്ക്കാണ് പുണ്യാളന്‍ വല്യപ്പന്റെ വീട് ...പുണ്യാളന്‍ വല്യപ്പന്‍ നല്ല ഉയരവും ,വണ്ണവും, കുടവയറും ,കഴുത്തില്‍ ഒരു കൊന്തയും ,വെന്തിങ്ങയും ,തോളില്‍ ഒരു തോര്‍ത്തുമുണ്ടും ഇതാണ് പുണ്യാളന്‍ വല്യപ്പന്‍....

അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കില്ല...കുട്ടികളെ കണ്ടാല്‍ ചെകുത്താന്‍ കുന്തിരിക്കം കണ്ടപോലെയാണ്.... വല്യപ്പന് ചായകടയാണ്....

സ്കൂളില്‍ ചായകൊടുക്കുന്നത് വല്യപ്പനാണ്.....ആ ചായ കൈയില്‍ എടുക്കുമ്പോള്‍ എല്ലാവരും എന്റെ പുണ്യാളാ എന്ന് വിളിച്ചുപോകും...എന്താണ് വല്യപ്പന് ഈ പേര് വീണത്‌ എന്ന് ഇന്നും ആര്‍ക്കും മനസിലായിട്ടില്ല ..

പക്ഷെ പുണ്യാളന്‍ വല്യപ്പന്‍ ഇന്ന് പറഞ്ഞാലേ ആളുകള്‍ അറിയൂ...അവിടെയാണെങ്കില്‍ നിറയെ ജാതിയുണ്ട് ഇതൊക്കെ കണ്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കാതെ എങ്ങിനെയാ പോകുന്നെ .....

അവിടെ വല്യമ്മയാനെങ്കില്‍ ഞങ്ങള്‍ക്ക് കോളാണ്....വല്യമ്മയും കൂടി ഞങ്ങള്‍ക്ക് പെറുക്കി തരും...അങ്ങിനെ ജാതിക്കയും ബാഗിലാക്കി ഞങ്ങള്‍ വീട്ടില്‍ എത്തുമ്പോള്‍ ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞിട്ടുണ്ടാകും .... അമ്മയുള്ള ദിവസങ്ങളില്‍ ചോദിക്കും 

  "ഇത്രയും നേരം എവിടെയരുന്നെടി" 
സ്പെഷ്യല്‍ ക്ലാസ്സ്‌ ഉണ്ടായിരുന്നു അമ്മെ..

"നിനക്ക് മാത്രമേ സ്പെഷ്യല്‍ ക്ലാസ്സ്‌ ഉന്നു പിള്ളേര് വന്നിട്ട് മണിക്കൂര്‍ ഒന്നയല്ലോടി" 

അത് മിണ്ടാതെ നിന്ന് കേള്‍ക്കും കാരണം മിക്ക ദിവസങ്ങളിലും അമ്മ വീട്ടില്‍ ഉണ്ടാകാറില്ല പണിയ്ക്ക് പോകും. ഒരിക്കല്‍ പരീക്ഷയുടെ സമയത്ത് എന്റെ റൂളി പെന്‍സില്‍ മുന ഒടിഞ്ഞു അപ്പോള്‍ ഞാന്‍ അടുത്ത് ഇരുന്ന കൂട്ടുകാരിയോടും പെന്‍സിലിനു മുനവയ്ക്കാനായി ബ്ലേഡ് ചോദിച്ചു നല്ല പുതിയ ബ്ലേഡ് ആയിരുന്നു വാങ്ങിയിട്ട് തിരിച്ചു കൊടുക്കുമ്പോള്‍ ബ്ലേഡ് കൈകൊണ്ടു അവളുടെ കൈ മുറിഞ്ഞു ചോര ഒഴുകി പാവാടയിലും പരീക്ഷ പേപ്പറിലും എല്ലാം ചോര എനിക്ക് ആകെ പേടിയായി... 

അല്ലെങ്കില്‍ തന്നെ എനിക്ക് ടീച്ചറിന്റെ കൈയില്‍ നിന്നും എന്റെ അപ്പച്ചന്റെ കൈയില്‍ നിന്നും അടി മേടിക്കനെ നേരമുണ്ടയിരുന്നുല്ല് എന്റെ കുസൃതി കാരണം സത്യമാണോ എന്ന് അന്വഷിക്കാതെ എനിക്ക് നല്ല അടിയും തരുമായിരുന്നു അവരെല്ലാം..... 

"ടീച്ചറെ ബിന്ദുവിന്റെ കൈമുറിഞ്ഞു" 

അടുത്തിരുന്ന കുട്ടി വിളിച്ചു പറഞ്ഞു . ബിന്ദു കരയുവാണ് എങ്ങിനെയ കൈ മുറിഞ്ഞേ എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു ഈ മിനി ബ്ലേഡ് കൊണ്ട് കുത്തിയതാ എന്ന്... 

പിന്നെ പറയണോ പൂരം എനിക്ക് അന്ന് ടീച്ചറിന്റെ അടുത്ത് നിന്നും കൈ നിറയെ അടികിട്ടി....  

ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ ഉണ്ട് അവിടെ ആകെ ബഹളം അപ്പച്ചന്‍ എന്നെയും നോക്കി നില്‍ക്കുവാന് കൂടെ ബിന്ദു കണ്ടപ്പോള്‍ എനിക്ക് കാര്യം പിടി കിട്ടി അവളുടെ അപ്പച്ചന്‍ അവളെയും കൊണ്ട് വന്നു എന്റെ അപ്പച്ചനോട് പറഞ്ഞിരിക്കുവ ഞാന്‍ അവളുടെ കൈ മുറിച്ചു എന്ന്... 

"ഞാന്‍ അറിഞ്ഞു കൊണ്ട് മുറിച്ചതല്ല" 

എവിടെ ആര് കേള്‍ക്കാന്‍ അതൊക്കെ ....

അന്ന് കൈയും കാലും നിറച്ചു അടികിട്ടിയ ദിവസം ആയിരുന്നു. തെറ്റുചെയ്യാതെ കിട്ടിയത് ആയതു കൊണ്ട് അത് മനസ്സിലും മുറിവേല്പിച്ചു...

  മൂന്നു വര്‍ഷം മുന്‍പ്‌ എന്റെ ചേച്ചിയുടെ കല്യാണത്തിന് വന്നപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ഇത് പറഞ്ഞു ഒരുപാട് ചിരിച്ചു ...അവള്‍ പറഞ്ഞു മിനി എന്റെ കുട്ടികളെ കൊണ്ട് ഞാന്‍ തോറ്റിരിക്കുവ എന്തൊരു കുസ്രതിയാണ് ... 

ഞാന്‍ പറഞ്ഞു നിനക്ക് അങ്ങിനെ തന്നെ വേണം ഇപ്പോള്‍ രണ്ടു കുട്ടിയല്ലേ ഉള്ളു ദൈവമേ ഇവള്‍ക്ക് രണ്ടു കുട്ടികളെക്കൂടി കൊടുക്കണേ എന്ന് ....അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു ...

ഓര്‍മ്മചെപ്പില്‍ ഇതുപോലെ ഒരുപാട് മുത്തുകള്‍ ഉണ്ട് അതൊക്കെ ഇടയ്ക്ക് പൊടിതട്ടി എടുത്തു ഓര്‍മ്മയുടെ പൊന്‍നൂലില്‍ ഒന്ന് കോര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് ...

Saturday, November 10, 2012

എന്‍റെ വിദ്യാലയം




പൂമുഖത് ഒരു നാട്ടുമാവ് ,പുറകില്‍ ഒരു എലിഞ്ഞിമരം,നാല് അതിര്‍ത്തിയിലും കനാംബാര ചെടികള്‍,നടുവില്‍ ഓഫിസ് റൂം.ഓഫിസ് റൂമിന്റെ മുന്‍വശം മുഴുവന്‍ മൈലാഞ്ചി ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു,ഓഫിസ് റൂമിന് ഇരുവശവും പുറകിലും ക്ലാസ്സ്‌ റൂമുകള്‍ 


ആദ്യമായി ഒന്നാം ക്ലാസ്സില്‍ കൊണ്ട് വിട്ടിട്ടു അമ്മ പോകുമ്പോള്‍ പിന്നാലെ ഓടി ഞാന്‍ വീട്ടില്‍ അമ്മയോടും അനിയതിമാരോടും ഒപ്പം കളിച്ചു നടന്ന എന്നെ അറിയാത്ത ഒരു ലോകത്ത് കൊണ്ട് വിട്ടിട്ടു പോന്ന അമ്മയോടും ദേഷ്യമായിരുന്നു.അമ്മയുടെ പിന്നാലെ ഞാന്‍ ഓടി ഒന്ന് രണ്ടു വട്ടം അമ്മ എന്നെ ക്ലാസ്സില്‍ കൊണ്ട് ഇരുത്തി അമ്മ പോരുന്നതിന്റെ പിന്നാലെ ഞാനും ഓടും സ്കൂളിന്റെ മുന്‍വശത്ത് മെയിന്‍ റോഡാണ് റോഡു മുറിച്ചു കടന്നു പോയി കഴിഞ്ഞിരുന്നു അമ്മ.ഞാന്‍ റോഡിനു കുറുകെ ഓടാന്‍ തുടങ്ങിയതും അടുത്ത കടയിലെ ചേട്ടന്‍ ഓടിവന്നു എന്നെ വട്ടം പൊക്കിയെടുത്തു ക്ലാസ്സിലേയ്ക്ക് നടന്നു ഞാന്‍ കുതറി താഴെയിറങ്ങി  ചേട്ടന്‍ എന്നെ വിടാതെ പിടിച്ചു ചേട്ടന്‍ വിടുന്നില്ലാനു കണ്ടപ്പോള്‍ ഞാന്‍ കൈയില്‍ ഒരു കടി കൊടുത്തു എന്നിട്ടും ചേട്ടന്‍ എന്നെ വിട്ടില്ല ഒരു കൈകൊണ്ടു എന്നെ തൂക്കിയെടുത്തു കാസ്സില്‍ കൊണ്ടിരുത്തി .


"ഇനി ഇവിടെ നിന്നും ഓടിയാല്‍ നിന്റെ കൈയും കാലും ഞാന്‍ കെട്ടി ഇവിടെ ഇരുത്തും പറഞ്ഞേക്കാം"


ഭീഷിണി മുഴക്കികൊണ്ട് ചാക്കപ്പന്‍ ചേട്ടന്‍ പോയി.


ഞാന്‍ ഒരു രക്ഷയുമില്ലാതെ അവിടെ ഇരുന്നു കരഞ്ഞു.


പിന്നീട് ആ വിദ്യാലയത്തിലെ ഓരോ ദിവസങ്ങളും സുഖമുള്ളതായി .പുതിയ കൂട്ടുകാര്‍....സ്നേഹമുള്ള ടീച്ചര്‍മാര് ,,,ഒരു പുതിയ ലോകം ..


രാവിലെ വരിവരിയായിഒ നിന്നും ഈശ്വര പ്രാര്‍ത്ഥന ചൊല്ലി ആരഭിക്കുന്ന ക്ലാസ്സ്‌ 


"തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിന്നും തൂങ്കമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം"


ഒരേ സ്വരത്തില്‍ ഒരേ ഈണത്തില്‍ പാടിയ നാളുകള്‍.


ക്ലാസ്സിലെത്തിയാല്‍ ആദ്യം നോക്കുന്നത് ദേവസി വല്യപ്പന്‍ വന്നിട്ടുണ്ടോ എന്നാണു..ഉച്ചയ്ക്ക് ശാപ്പാട് ഉണ്ടാക്കുന്നത് വല്യപ്പനാണ്..എന്നിട്ട് ചോദിക്കും ഇന്ന് കടലയാണോ പയരാണോ ഉച്ചയ്ക്ക് എന്ന് കടലയാനെന്നു കേട്ടാല്‍ സന്തോഷമായി....പയര്‍ ചെറുപയര്‍ വളരെ നല്ല സാധനമാണ് പക്ഷെ എനിക്ക് കണ്ണിനു നേരെ കണ്ടു കൂടാ ഈ സാധനത്തിനെ ...പയറിനോടും കണക്കു സാറ് വിശ്വനാഥന്‍ മാഷിനോടും ഒരു പോലെ ദേഷ്യമായിരുന്നു പട്ടിക ചൊല്ലുമ്പോള്‍ തെറ്റിയാല്‍ മാഷ്‌ നല്ല നുള്ള് തരും ....മാഷ്‌ കൈയിലെ തള്ള വിരലില്‍ നഖം വളര്‍ത്തുന്നത് നുള്ളാന്‍ മാത്രമാണ് എന്ന് തോന്നിയിട്ടുണ്ട് .....പെണ്‍കുട്ടികളെ കൈമുട്ടിനു താഴെയും,ആണ്‍കുട്ടികളെ കാലിന്റെ തുടയിലും നുള്ളാന്‍ ആയിരുന്നു മാഷിനു ഇഷ്ട്ടം.


മാഷിന്റെ നുള്ളിന്റെ ആഴം അനുസരിച്ച് കുട്ടികളുടെ പൊക്കം കൂടി കൂടി വരും..ഈ കാലമാടന്‍ മാഷിന്റെ കൈ ഒന്ന് ഒടിഞ്ഞു പോയിരുന്നെങ്കില്‍ ദൈവമേ എന്ന് ക്ലാസ്സിലെ കുട്ടികള്‍ ഒന്നടങ്കം പ്രാര്‍ത്ഥിക്കുമായിരുന്നു.....


ക്ലാസ്സു തുടങ്ങി കുറച്ചു കഴിയുമ്പോള്‍ അറബി സാര്‍ വന്നു ചോദിക്കും


"ഇന്ന് ആര്‍ക്കൊക്കെയാ ശാപ്പാട് വേണ്ടത്"


എന്നേറ്റു നില്‍ക്കുന്ന എല്ലാവരുടെയും തല എണ്ണി പോകും...


പിന്നെ ബെല്ലടിക്കനായി കാതോര്‍ത്തിരിക്കും.ബെല്ലടി കേട്ട ഉടനെ പാത്രവും എടുത്തിട്ട് ഓടും വരാന്തയില്‍ നിരന്നു ഇരിക്കും..


ചിലപ്പോഴോകെ ചോറ് വിളമ്പുന്നത് സുമതി ടീച്ചര്‍ ആണ്..നല്ല പശയുള്ള ചോറ് ആയിരിക്കും തവിയില്‍ നിന്നും വിടില്ല പശപോലെ ഒട്ടിയിരിക്കും.....അപ്പോഴൊക്കെ ടീച്ചര്‍ പറയും


"മാങ്ങാത്തൊലി.."


പിന്നെ ടീച്ചറെ കാണുമ്പോള്‍ ഞങ്ങള്‍ ശബ്ദം താഴ്ത്തി പറയും 


മാങ്ങതൊലി ടീച്ചര്‍ ഇന്നും വന്നിട്ടുണ്ട് എന്ന്...


ഇതൊക്കെയാണ് എന്റെ വിദ്യാലയം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത്‌.


കഴിഞ്ഞ വര്ഷം ഒരു ക്യാമ്പിനു ചെന്നപ്പോള്‍ ഇരുപതു വര്‍ഷത്തിനു ശേഷം എനിക്ക് എന്റെ വിദ്യാലയം ഒന്ന് കൂടെ കാണാനുള്ള ഭാഗ്യം കിട്ടി 


ഒത്തിരി സന്തോഷം തോന്നിയ ദിവസമായിരുന്നു അന്ന്.


ഒന്നിലും,, രണ്ടിലും,, മൂന്നിലും, നാലിലും ,,ഞാന്‍ ഇരുന്നു പഠിച്ച ക്ലാസ്സ്‌ മുറികളില്‍ ഒരിക്കല്‍ കൂടി ഒന്ന് കയറിയിറങ്ങി 


അന്നത്തെ ഓഫിസ് റൂം എല്ലാം പുതുക്കി പണിതിരിക്കുന്നു മൈലാഞ്ചി ചെടികള്‍ എല്ലാം വെട്ടി.


കനകാംബര ചെടികളുടെ സ്ഥാനത് കോണ്‍ഗ്രീറ്റ് മതില്‍ ഉയര്‍ന്നു നില്‍ക്കുന്നു ...ഇലഞ്ഞിമരവും ഓര്‍മ്മയായി .....


പൂമുഖത്തെ നാട്ടുമാവ് മാത്രം എല്ലാത്തിനും സാക്ഷിയായി ഇപ്പോഴും നിലകൊള്ളുന്നു.......

Saturday, November 3, 2012

ചെറുചിന്ത


ഒരു നിമിഷം തനിച്ചാകുമ്പോള്‍ 
ജീവിതത്തില്‍ എന്നും 
തനിച്ചായി പോയവരെ കുറിച്ച്
ചിന്തിക്കാറുണ്ടോ 
 
വല്ലപ്പോഴും കണ്ണുകള്‍ നിറയുമ്പോള്‍ 
കരയാന്‍ മാത്രം വിധിക്കപ്പെട്ടവരെ
ഓര്‍ക്കാറുണ്ടോ 
 
അവഗണിക്കപ്പെടുമ്പോള്‍
തിരിച്ചറിയാരുണ്ടോ
ഒരിക്കലും പരിഗണന 
ലഭിക്കാത്തവരുടെ വിഷമം 

ഒരു നേരം ഭക്ഷണം
മുന്നിലെത്താന്‍ വൈകുമ്പോള്‍
ചിന്തിക്കാറുണ്ടോ ഒരു നേരത്തെ
ഭക്ഷണത്തിനായി അലയുന്നവരെ കുറിച്ച്
 
ഇല്ലെങ്കില്‍ ഇന്ന് മുതല്‍ 
അതൊക്കെ ഒന്ന് ശീലിച്ചു നോക്കാം 
എന്നിലെ തിന്മയെ കണ്ടു 
മറ്റുള്ളവരിലേ നന്മയെ കാണാം