അമ്മുവിന്റെ അച്ഛനും , കണ്ണന്റെ അമ്മയും.
എന്ത് പറഞ്ഞാലും അച്ഛന് അമ്മുവിന് സൈഡ് പറയണം....അമ്മുവിന് ആദ്യത്തെ ഉരുള കൊടുത്തിട്ടേ അച്ഛന് ഉണ്ണാന്‍ പാടുള്ളൂ.....അതുപോലെ കണ്ണന്റെ കാര്യങ്ങള്‍ എല്ലാം അമ്മ സാധിച്ചു കൊടുക്കണം അല്ലെങ്കില്‍ അവിടെ ഹര്‍ത്താലും ബന്ദും ഉപരോധവും എല്ലാം കണ്ണന് ഒറ്റയ്ക്ക് നടത്തും...
അമ്മു പറയുന്നതാണ് അച്ഛന്റെ നിയമം ,കണ്ണന് പറയുന്നത്അമ്മയുടെയും അതാണ് ഈ കൊച്ചു വീട്ടിലെ ആനന്ദം ,സന്തോഷം, എല്ലാം ...അമ്മു രണ്ടാം ക്ലാസ്സിലും ,കണ്ണന് നാലാം ക്ലാസ്സിലും പഠിക്കുന്നു .
പണിമുടക്ക് ആയതുകൊണ്ട് പുറത്തെങ്ങും പോകാതെ ഒരു മാസിക മറിച്ചുനോക്കി അലസമായി കിടക്കുകയായിരുന്നു ഹരി.
"അച്ഛാ ...!"
ഉറക്കെ വിളിച്ചുകൊണ്ട് അമ്മു ഓടികിതച്ചു വന്നു
പിറകെ കയ്യില്‍ ചപ്പാത്തി പരത്തുന്ന പൈപ്പുമായി രാധികയും
" എടീ അവിടെ നില്ക്കാനാ പറഞ്ഞത്"
രാധിക ഒച്ചയെടുത്തു
അമ്മു കള്ളക്കരചിലോടെ ഹരിയുടെ നെഞ്ചിലേയ്ക്ക് വീണു മുഖം അമര്‍ത്തി കെട്ടിപ്പിടിച്ചു ഉറക്കെ പറഞ്ഞൂ
"അച്ഛാ അമ്മയെന്നെ തല്ലി"
"ഒരു അച്ഛനും മോളും ....ഡീ ...ഇറങ്ങടീ താഴെ നിന്നെ ഞാന്‍ ഇന്ന് ശരിയാക്കും"
രാധിക താഴേയ്ക്ക് കൈചൂണ്ടി പറഞ്ഞു.
"എന്താ രാധേ ഇത് നീ എന്തിനാ ഇങ്ങിനെ കിടന്നു തുള്ളുന്നെ?"
ഹരി അമ്മുവിനെ മുറുകെപ്പിടിച്ചു കൊണ്ട് ചോദിച്ചു.
"അമ്മ നാഗവല്ലിയായി അച്ഛാ "
അമ്മു അച്ഛന്റെ നെഞ്ചില്‍ നിന്നും തലയുയര്‍ത്താതെ പറഞ്ഞു.
"ഡീ "
രാധിക കയ്യില്‍ ഇരുന്ന പൈപ്പ് അമ്മുവിന്റെ തുട ലക്ഷ്യമാക്കി ഓങ്ങി..
അച്ഛാ എന്ന് വിളിച്ചു അമ്മു ഹരിയെ മുറുകെ പിടിച്ചു .
ഹരി അമ്മുവിന് അടികൊള്ളാതെ അവളെയും കൊണ്ട് കമിഴ്ന്നു.
അടി ലക്ഷ്യം തെറ്റി ഹരിയുടെ പുറത്തു കൊണ്ടു.
"എന്റെ ഹരിയേട്ടാ ലുലുമാളില്‍ നിന്നും മുഖത്തെ പാടുപോകാന്‍ തേയ്ക്കുന്ന ആ ഫേസ്ക്രീം തൊള്ളായിരം വിലവരുന്നത് ,ഞാന്‍ എത്ര കെഞ്ചിയിട്ടാ ഹരിയേട്ടന് എനിക്കത് വാങ്ങി തന്നത് ....ദിവസവും ഞാന്‍ അതില്‍ നിന്നും ഓരോ പൊട്ടിന്റെ അത്രേം എടുക്കാറുള്ളൂ വേഗം തീര്‍ന്നു പോയാലോന്നു കരുതി.....അത് എടുത്തു അവളുടെ മുഖവും ദേഹവും മുഴുവന്‍ തേച്ചതും പോരാ ...ആ സോഫയിലും തേച്ചു വച്ചേക്കുവാ "
രാധിക പരാതിയും , പരിഭവവും, സങ്കടവും കലര്‍ന്ന സ്വരത്തില്‍ വിശദീകരിച്ചു.
ഹരി അമ്മുവിനെ ബെഡില്‍ നിറുത്തി കൃത്രിമ ദേഷ്യം അഭിനയിച്ചു കൊണ്ട് ചോദിച്ചു.
" എന്തിനാ അമ്മു അമ്മയുടെ ക്രീം എടുത്തത്?"
അച്ഛന്റെ മുഖത്ത് നോക്കാതെ തലകുമ്പിട്ടു നിന്ന് അമ്മു പറഞ്ഞു.
"അമ്മൂന് സുന്ദരിയാകാനാ"
അതുകേട്ട് ഹരി ഉറക്കെ ചിരിച്ചു .
"ഒരു ചുന്ദരി "
"ഇനിയെന്റെ ക്രീമില്‍ തൊട്ടാല്‍ കൈ ഞാന്‍ തല്ലിയൊടിക്കും "
അമ്മുവിന്റെ നേരെ കൈചൂണ്ടി താക്കീത് കൊടുത്തിട്ട് രാധിക ചവിട്ടിക്കുലുക്കി നടന്നുപോയി
അമ്മൂ അച്ഛന്റെ നേരെ കണ്ണിറുക്കി ചുമ്മാ എന്നൊരു ആക്ഷന്‍ കാണിച്ചു.
ഹരി അവളെയെടുത്തു വട്ടം കറക്കി
അമ്മു മുത്ത്കിലുങ്ങും പോലെ ചിരിച്ചു.
അടുക്കളയില്‍ പാത്രം വീഴുന്ന കേട്ട് ഓടി ചെന്നതാണ് രാധിക. അവിടെ കസേരയിട്ട് കേറി അലമാര പരിശോധിക്കുന്ന കണ്ണനെയാണ് കണ്ടത് ....കടുക് ഇട്ടു വച്ചിരുന്ന പാത്രം താഴെ വീണു അടുക്കള മുഴുവന്‍ തൂവിപ്പോയിരുന്നു ...അലമാരയിലെ കവരും ടിന്നുകളും എല്ലാം വലിച്ചു താഴെ ഇട്ടിരിക്കുന്നു.ഒരു യുദ്ധം കഴിഞ്ഞ പ്രതീതി.
"എന്താ കണ്ണാ ഇത്?"
രാധിക കലിതുള്ളി വന്ന ദേഷ്യം അടക്കി ചോദിച്ചു.
"അമ്മ എവിടെയാ പുളി ഒളിപ്പിച്ചു വച്ചിരിക്കുന്നെ?"
"എടാ ഇറങ്ങാടാ താഴെ ...പുളി തിന്നണ്ട "
രാധിക ചപ്പാത്തി പരത്തുന്ന പൈപ്പ് എടുത്തു കാണിച്ചു കണ്ണനെ പേടിപ്പിച്ചു.
ദേഷ്യം വരുമ്പോള്‍ കുട്ടികളെ പേടിപ്പിക്കാന്‍ രാധികയ്ക്ക് ഉള്ള ഒരേഒരു ആയുധം ആണ് ചപ്പാത്തി പൈപ്പ് .
വാതില്ക്കല് എല്ലാം നോക്കി നിന്ന് ചിരിക്കുകയായിരുന്നു ഹരിയും അമ്മുവും.
അമ്മു പതുക്കെ അച്ഛന്റെ ചെവിയില്‍ പറഞ്ഞു
"അമ്മൂനും വേണം പുളി "
പുളിയോ അതെന്താ സാധനം ഞാന്‍ അങ്ങിനെ ഒന്ന് കേട്ടിട്ടേ ഇല്ല എന്ന ഭാവത്തില്‍ അമ്മുവിന്റെ നേരെ കൈ രണ്ടും മലര്‍ത്തി കാണിച്ചിട്ട് ഹരി അവിടെ നിന്നും പിന്‍വാങ്ങി.
ഒരു ദിവസം ഹരിയും രാധികയും കൂടെ കണ്ണനെയും അമ്മുവിനെയും പറ്റിക്കാനായി പറഞ്ഞോത്തു.....രാധിക കണ്ണന്റെ മുന്പില് വച്ചു അമ്മുവിനെ വിളിച്ചു
" അമ്മയുടെ അമ്മൂട്ടി ഇങ്ങു വന്നെ "
അമ്മയുടെ കണ്ണന് ,അച്ഛന്റെ അമ്മൂ, ഇതായിരുന്നു അവിടെത്തെ നിയമം.....അത് രണ്ടു പേരും കൂടി ഒരേ സ്വരത്തില്‍ സമ്മതിച്ചു എടുത്തിരിക്കുന്ന തീരുമാനം ആണ്...തങ്ങള്‍ക്കു മക്കള്‍ രണ്ടുപേരും ഒരുപോലെയാണെന്ന് പറഞ്ഞു മനസ്സിലാക്കിയിട്ട് തന്നെയാണ് ഹരിയും രാധികയും ആ നിയമം പാസാക്കിയത്.പതിവിനു വിപരീതമായി "അമ്മയുടെ അമ്മൂട്ടി" എന്ന് വിളി കേട്ടപ്പോള്‍ അമ്മു അതിശയിച്ചു ആ കണ്ണുകള്‍ വിടര്‍ന്നു ചുണ്ടില്‍ പുഞ്ചിരി വിരിഞ്ഞു. പിന്നെ കുസൃതിയോടെ കണ്ണനെ നോക്കി വിജയഭാവത്തില്‍ തലയുയര്‍ത്തി നിന്നു.
ഇത് കേട്ട കണ്ണന് ചാടി എഴുന്നേറ്റ് പറഞ്ഞു.
"കണ്ണന്റെ അമ്മയാ "
കണ്ണനെ വാശി പിടിപ്പിക്കാന്‍ അമ്മുവും പറഞ്ഞു.
"അമ്മുവിന്റെ അമ്മയാ"
"അല്ല അല്ല കണ്ണന്റെ അമ്മയാ"
കണ്ണന് വന്നു അമ്മയെ വട്ടം പിടിച്ചു.
"അതൊക്കെ പണ്ട് ഇപ്പോള്‍ അമ്മുവിന്റെ അമ്മയാ "
അമ്മുവും വന്നു അമ്മയെ വട്ടം പിടിച്ചു.
" അച്ഛാ വേഗം വന്നു അച്ഛന്റെ അമ്മൂനെ കൊണ്ട് പോയെ"
കണ്ണന് വിളിച്ചു പറഞ്ഞു.
വിളികേട്ട് വന്ന ഹരിയെ നോക്കി രാധിക കണ്ണിറുക്കി....അയാള്‍ക്ക് കാര്യം മനസ്സിലായി..
"അപ്പോള്‍ അച്ഛനെ ആര്‍ക്കും വേണ്ടേ ?"
ഹരി പിണക്കം നടിച്ചു സോഫയില്‍ ചെന്നിരുന്നു.
"അച്ഛനും അമ്മയും അമ്മൂന്റെയാ "
അമ്മു അമ്മയെ വിട്ടിട്ട് ഓടിവന്നു അച്ഛന്റെ അരികില്‍ ഇരുന്നിട്ട് പറഞ്ഞു.
" അമ്മെ അമ്മ പറ കണ്ണന്റെ അമ്മയല്ലേ"
കണ്ണന് അമ്മയെ മുറുകെ പിടിച്ചു.
" അല്ല അമ്മൂന്റെ അമ്മയാ.."
രാധിക ഗൌരവം നടിച്ചു പറഞ്ഞൂ.
അതുകേട്ട് മുഖം വീര്‍പ്പിച്ചു അച്ഛന്റെ അടുത്ത് ചെന്നിട്ട് കണ്ണന് പറഞ്ഞു .
"എന്നാല്‍ അച്ഛന് എന്റെയാ"
" അല്ല അച്ഛന് എന്റെയാ"
അമ്മു കണ്ണനെ തള്ളിമാറ്റി.
"നീ അമ്മയെ എടുത്തില്ലേ പോടീ അച്ഛന് എന്റെയാ"
കണ്ണനും വിട്ടുകൊടുത്തില്ല.
"അച്ഛന് എന്റെയാ എന്റെയാ എന്റെയാ "
അമ്മു കണ്ണന് പറയുന്നത് കേള്‍ക്കാതിരിക്കാന്‍ രണ്ടു കൈകൊണ്ടും കാതു പൊത്തിയിട്ട് പറഞ്ഞു.
"എന്നാല്‍ അത് അച്ഛന് പറയട്ടെ "
കണ്ണന് അച്ഛന്റെ തീരുമാനത്തിന് വിട്ടു.
അമ്മുവും ,കണ്ണനും,രാധികയും ഹരിയെ നോക്കി ....
ഹരി ആകെ ധര്‍മ്മസങ്കടത്തിലായി ...കണ്ണന്റെ അച്ചനാന്നു പറഞ്ഞാല്‍ അവിടെ ഭൂകമ്പം നടക്കും അത് ഉറപ്പാ. പക്ഷെ പ്ലാന്‍ ചെയ്തപ്രകാരം അമ്മുവിന്റെ അമ്മയാണെന്ന് രാധിക പറഞ്ഞും കഴിഞ്ഞൂ. ഇനി കണ്ണന്റെ അച്ഛനാണെന്ന് താന്‍ പറയണം അതാണ് കരാര്‍ .
"പറ അച്ഛാ അമ്മൂന്റെ അച്ഛനാണെന്ന്"
അമ്മൂ അച്ഛനെ പിടിച്ചു കുലുക്കി.
ഹരി രാധികയെ നോക്കി....പറഞ്ഞോ എന്ന് രാധിക കണ്ണ് കാണിച്ചു
"കണ്ണന്റെ അച്ഛനാ "
കണ്ണടച്ച് രണ്ടും കല്പ്പിച്ചു ഹരി പറഞ്ഞൂ
മൂന്നു പേരും അമ്മൂനെ നോക്കി ...
ആ കുഞ്ഞികണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു വന്നൂ...റോസാപ്പൂ കവിള് ചുവന്നു തുടുത്തു...ആള്ക്കൂട്ടത്തിനിടയ
നിറഞ്ഞു തൂവിയ മിഴികള്‍ ഉയര്‍ത്തി വിതുമ്പുന്ന ചുണ്ടുകളോടെ അവള് പതുക്കെ പറഞ്ഞു.
"അമ്മൂന്റെ അച്ഛനാ "
അത്രയും ആയപ്പോഴേക്കും ഹരി അമ്മൂനെ വാരിയെടുത്ത് കവിളില്‍ തെരുതെരെ ചുംബിച്ചു.
" അച്ഛന്റെ മുത്തല്ലേ "
....അച്ഛന്റെ മോളെ പറ്റിക്കാന്‍ പറഞ്ഞതല്ലേ ...ദെ കണ്ടില്ലേ ....കണ്ണനെയും പറ്റിച്ചതാ എന്നിട്ട് അവന് കരഞ്ഞില്ലല്ലോ ...
അമ്മു പുഞ്ചിരിച്ചു എന്നിട്ടും കണ്ണ് നിറയുന്നുണ്ടായിരുന്നു.
അവളെ നെഞ്ചോട് ചേര്‍ത്ത ഹരിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.....
" പറ്റിക്കുന്നതാനെന്നു എനിക്കറിയാമായിരുന്നു"
കണ്ണന് കൈ കൊട്ടി ചിരിച്ചിട്ട് പറഞ്ഞൂ.
അത്കേട്ട് ഹരി രാധികയെ നോക്കി ...അവള് ഹരിക്ക് മുഖം കൊടുക്കാതെ വിജയഭാവത്തില്‍ പുഞ്ചിരിച്ചു....അവളിലെ അമ്മ വിജയിച്ചിരിക്കുന്നു കണ്ണന്റെ മനസ്സ് വേദനിക്കാതിരിക്കാന്‍ അവള് എല്ലാം മുന്‍കൂട്ടി കണ്ണനെ അറിയിച്ചു....ഇവിടെ തന്നിലെ അച്ഛന് പരാജയപ്പെട്ടതായി ഹരിക്ക് തോന്നി....
6 comments:
ഒരു സന്തുഷ്ട കുടുംബത്തിന്റെ
ബഹളമയമായ ചിത്രം നല്ല ഭംഗിയോടെ
വരച്ചുകാട്ടിയിരിക്കുന്നു.
നന്നയിട്ടുണ്ട് രചന
ആശംസകള്‍
നല്ല രസമായിട്ടുണ്ട് കേട്ടൊ
അതെ അച്ഛനും അമ്മയും അചൂന്റെയും കണ്ണന്റെയും തന്നെ നല്ല കഥ
താലോലം താനേ താരാട്ടും..സകുടുംബം
നല്ല കുടുംബം. നല്ല കഥ
നല്ല കഥ ..ആശംസകൾ
Post a Comment