Friday, October 11, 2013

ഫോറിന്‍ പാവാട

 ലമാരിയിലെ പഴയ തുണികള്‍ എല്ലാം എടുത്തു കത്തിക്കാനായി കട്ടിലില്‍ മാറ്റി ഇടുകയായിരുന്നു ആതിര. നല്ല കട്ടിയുള്ള രണ്ടു വലിയ ഫോറിന്‍ തുണി എടുത്തു കട്ടിലില്‍ വിരിച്ചു അവള്‍ അതില്‍ തന്നെ നോക്കി നിന്നു ഇപ്പോഴും പുത്തന്‍ മയങ്ങിയിട്ടില്ലാത്ത ഫോറിന്‍ തുണി. അതിന്റെ ഒരറ്റം എടുത്തു നെഞ്ചോട്‌ ചേര്‍ക്കുമ്പോഴേക്കും അവളറിയാതെ മിഴിനീര്‍ത്തുള്ളികള്‍ അതിനെ ചുംബിച്ചിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കിട്ടിയ സമ്മാനം ആണ് അത്. സ്ക്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ന്‍റെ മകളുടെ ഫുള്‍പ്പാവാട. സാറിന്‍റെ ഭാര്യ കത്തിച്ചു കളയാനായി അവിടെ വേലയ്ക്ക് പോകുന്ന അമ്മയെ ഏല്‍പ്പിച്ചതാണ് അത്…അത്രയും നല്ല പാവാട കത്തിച്ചു കളയാന്‍ അമ്മയ്ക്ക് മനസ്സുവന്നില്ല …ടീച്ചറോട് ചോദിച്ചിട്ട് അമ്മ അത് ഒരു കവറിലാക്കി കൊണ്ട് വന്നു. പഴയത് ആണെങ്കിലും പുത്തന്‍ മയങ്ങാത്തത്.കിട്ടിയപ്പോള്‍ തന്നെ അതെടുത്ത് മണപ്പിച്ചു നോക്കി ഒരു ഫോറിന്‍ മണം അപ്പോഴും ഉണ്ടായിരുന്നു അതില്‍. അന്ന് ഈ ലോകം മുഴുവന്‍ സ്വന്തമാക്കിയ സന്തോഷമായിരുന്നു…പിറ്റേന്ന് അതും ഉടുത് കോളേജില്‍ പോയപ്പോഴും കൂട്ടുകാരികള്‍ തൊട്ടു നോക്കി കൊതി പറഞ്ഞപ്പോഴും അനുഭവിച്ച ആനന്ദം വിവരിക്കാന്‍ വാക്കുകളില്ലായിരുന്നു. ദാരിദ്രത്തിന്‍റെ ആഴങ്ങളില്‍ നിന്നും താന്‍ സമ്പന്നതയുടെ കൊടുമുടിയില്‍ എത്തിയ പോലെ …..വിലയേറിയ വസ്ത്രങ്ങള്‍ മാറി മാറി അണിയണം എന്നുള്ള ആഗ്രഹം അല്ലായിരുന്നു അന്നൊക്കെ മനസ്സില്‍ , യൂണിഫോം പോലെ ഇട്ടുകൊണ്ട് പോകുന്ന ചുരിദാര്‍ ഉണ്ടായിരുന്നു. നിനക്കിത് ഒന്ന് മാറ്റിക്കൂടെ ആതിരെ എന്ന് ചോദിക്കുന്ന സഹപാഠികള്‍ …അവര്‍ക്ക് അറിയില്ലല്ലോ താന്‍ ഇത് ഒരു നൂറുവട്ടം മനസ്സില്‍ മാറ്റിയണിയുന്ന കാര്യം …ദാരിദ്രത്തിന്റെ ആകാശത്ത് അമ്മയുടെ കണ്ണുനീരില്‍ തന്‍റെ ചുരിദാറിന് മഴവില്‍ വര്‍ണ്ണങ്ങള്‍ ഉണ്ടെന്നും ആരെയും അറിയിക്കാറില്ല രണ്ടു ദിവസം താന്‍ ഈ പാവാട അണിഞ്ഞു കൊണ്ടാണ് കോളേജില്‍ പോയത് . അന്ന് കൂട്ടുകാരോട് ഒപ്പം കോളേജില്‍ പോകാന്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ സ്ക്കൂട്ടിയില്‍ വന്ന സാറിന്‍റെ മകള്‍ എല്ലാവരും കേള്‍ക്കെ ഇത് എനിക്ക് എന്‍റെ ചാച്ചന്‍ ഫോറിനില്‍ നിന്നും കൊണ്ട് വന്ന പാവാട ആണെന്ന് അഹങ്കാരത്തോടെ വിളിച്ചു പറഞ്ഞപ്പോള്‍ നിന്ന നില്‍പ്പില്‍ ഇല്ലാതായിപ്പോയത് ഇല്ലായ്മയിലും സ്നേഹത്താല്‍ സമ്പന്നമായ നെഞ്ചോട്‌ ചേര്‍ത്ത് അമ്മ പകര്‍ന്നു തന്ന ആത്മാഭിമാനം ആയിരുന്നു. ഉറക്കെ ചിരിക്കുന്ന കൂട്ടുകാരുടെ മുന്പില്‍ നിന്നും വായ്പോത്തി കരഞ്ഞുകൊണ്ട് താന്‍ വീട്ടിലേയ്ക്ക് ഓടി അരയില്‍ ഇരുന്നു പൊള്ളിക്കുന്ന ഫോറിന്‍ പാവാട ഊരി കട്ടിലിലെയ്ക്ക് എറിഞ്ഞിട്ടു അതിനു മുകളില്‍ വീണു ഉറക്കെ കരഞ്ഞ എന്നെ ആശ്വസിപ്പിക്കാന്‍ ആകാതെ അമ്മ നിന്നു ഉരുകി മനസ്സിന്‍റെ വിങ്ങല്‍ എല്ലാം കരഞ്ഞു തീര്‍ത്തിട്ട് ,അടുക്കളയില്‍ പോയി കത്തി എടുത്തു കൊണ്ട് വന്നു ആ പാവാട നെടുകെ കീറി നല്ല ഞോറികള്‍ ഇട്ടു ഭംഗിയായി തയിചിരുന്ന പാവാടതുണി ഒരു സാരിയുടെ നീളം ഉണ്ടായിരുന്നു ….അത് നാലായി കീറി എടുത്തിട്ട് അമ്മയോട് പറഞ്ഞു എടുത്തു വച്ചേക്കൂ അമ്മെ നമുക്ക് രാത്രിയില്‍ പുതയ്ക്കാന്‍ എടുക്കാം അപ്പോള്‍ അമ്മയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞു അന്ന് മുതല്‍ അമ്മയുടെ മരണം വരെ അമ്മ പുതച്ചിരുന്നത് ഈ പാവാട ആയിരുന്നു.. കാലം എത്ര കഴിഞ്ഞാലും അമ്മയുടെ നിശ്വാസത്തിനും കണ്ണീരിനും കൂട്ടായ ദാരിദ്രത്തിന്റെ അത്തര്‍ പൂശിയ , ജീവന്‍റെ തുടിപ്പ് തന്നില്‍ ശേഷിക്കും വരെയും മറക്കാനാവാത്ത ആ ഫോറിന്‍ പാവാടയെ കാലത്തിലും കാഴ്ചയിലും പഴക്കം സംഭവിച്ച , കത്തിക്കാനായി മാറ്റിയിട്ട തുണികള്‍ക്ക് ഒപ്പം ചേര്‍ക്കാന്‍ ആതിരയ്ക്ക് ആകുമായിരുന്നില്ല… അവള്‍ അത് ഭദ്രമായി മടക്കി ചുംബിച്ചു അലമാരയില്‍ വച്ചു ഓര്‍മ്മയുടെ മണിച്ചിത്രത്താഴ് ഇട്ടു പൂട്ടി.

4 comments:

അരുൺ said...

വായിച്ചു. തെറ്റില്ലാത്ത ഒരെഴുത്ത്.

Unknown said...

Good

Unknown said...

ഇല്ലായ്മയിൽ അല്ലലിൽ നന്മ നിറയെയുണ്ട്...

നന്നായി എഴുതി..

ajith said...

പാവങ്ങളുടെ ജീവിതം