Saturday, November 2, 2013

മണ്ണ് !!




മണ്ണിനെ സ്വന്തമാക്കാന്‍ 
സ്വന്തമായവരെ അരിഞ്ഞുവീഴ്ത്തി 
മണ്ണിന്‍റെ മാറിലടക്കി
മണ്ണ് പങ്കിടുന്നവരോട്
മണ്ണിന്‍റെ മനസ്സിന്‍റെ മന്ത്രണം 

നിങ്ങള്‍ക്ക് മാത്രമായി എന്നില്‍ നിന്നും 
ഒരു മുള പൊട്ടുകയോ
എന്‍റെ ഉറവയില്‍ നിന്നും 
ഒരുതുള്ളി കിനിയുകയോ ചെയ്തിട്ടില്ല 

പാദങ്ങള്‍ കൊണ്ട്  ചവിട്ടുകയല്ലാതെ 
കരങ്ങള്‍ കൊണ്ട് ഇതുവരെ 
നിങ്ങളെന്നെ  ഒന്ന് തൊട്ടിട്ടില്ല 
നിങ്ങളുടെ വിയര്‍പ്പോ ഗന്ധമോ 
എനിക്ക് പരിചിതമല്ല 
എന്നിട്ടും ഞാന്‍ സ്വന്തമെന്നു 
അവകാശപ്പെട്ട് നിങ്ങളെനിക്കുവേണ്ടി 
പൊരുതുന്നതെന്തിനു 

പാലൂട്ടി വളര്‍ത്തിയ പെറ്റമ്മയെയും 
പിച്ചവയ്ക്കാന്‍ പഠിപ്പിച്ച പിതാവിനെയും 
ഒരേ ഉദരവും സ്തന്യവും പങ്കിട്ടവരെയും
നിങ്ങള്‍ വെട്ടിക്കീറുന്നു  
എന്നെ സ്വന്തമാക്കാന്‍ വേണ്ടി

നിങ്ങള്‍ക്ക് അവകാശപ്പെട്ടത് 
ആറടി മണ്ണ് 
അതിനു വേണ്ടി 
കുരുക്ഷേത്ര യുദ്ധം വേണ്ട
ജനിച്ചപ്പോഴേ ഞാനത് 
ദാനമായി നല്‍കിക്കഴിഞ്ഞു

Friday, October 11, 2013

ഫോറിന്‍ പാവാട

 ലമാരിയിലെ പഴയ തുണികള്‍ എല്ലാം എടുത്തു കത്തിക്കാനായി കട്ടിലില്‍ മാറ്റി ഇടുകയായിരുന്നു ആതിര. നല്ല കട്ടിയുള്ള രണ്ടു വലിയ ഫോറിന്‍ തുണി എടുത്തു കട്ടിലില്‍ വിരിച്ചു അവള്‍ അതില്‍ തന്നെ നോക്കി നിന്നു ഇപ്പോഴും പുത്തന്‍ മയങ്ങിയിട്ടില്ലാത്ത ഫോറിന്‍ തുണി. അതിന്റെ ഒരറ്റം എടുത്തു നെഞ്ചോട്‌ ചേര്‍ക്കുമ്പോഴേക്കും അവളറിയാതെ മിഴിനീര്‍ത്തുള്ളികള്‍ അതിനെ ചുംബിച്ചിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കിട്ടിയ സമ്മാനം ആണ് അത്. സ്ക്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ന്‍റെ മകളുടെ ഫുള്‍പ്പാവാട. സാറിന്‍റെ ഭാര്യ കത്തിച്ചു കളയാനായി അവിടെ വേലയ്ക്ക് പോകുന്ന അമ്മയെ ഏല്‍പ്പിച്ചതാണ് അത്…അത്രയും നല്ല പാവാട കത്തിച്ചു കളയാന്‍ അമ്മയ്ക്ക് മനസ്സുവന്നില്ല …ടീച്ചറോട് ചോദിച്ചിട്ട് അമ്മ അത് ഒരു കവറിലാക്കി കൊണ്ട് വന്നു. പഴയത് ആണെങ്കിലും പുത്തന്‍ മയങ്ങാത്തത്.കിട്ടിയപ്പോള്‍ തന്നെ അതെടുത്ത് മണപ്പിച്ചു നോക്കി ഒരു ഫോറിന്‍ മണം അപ്പോഴും ഉണ്ടായിരുന്നു അതില്‍. അന്ന് ഈ ലോകം മുഴുവന്‍ സ്വന്തമാക്കിയ സന്തോഷമായിരുന്നു…പിറ്റേന്ന് അതും ഉടുത് കോളേജില്‍ പോയപ്പോഴും കൂട്ടുകാരികള്‍ തൊട്ടു നോക്കി കൊതി പറഞ്ഞപ്പോഴും അനുഭവിച്ച ആനന്ദം വിവരിക്കാന്‍ വാക്കുകളില്ലായിരുന്നു. ദാരിദ്രത്തിന്‍റെ ആഴങ്ങളില്‍ നിന്നും താന്‍ സമ്പന്നതയുടെ കൊടുമുടിയില്‍ എത്തിയ പോലെ …..വിലയേറിയ വസ്ത്രങ്ങള്‍ മാറി മാറി അണിയണം എന്നുള്ള ആഗ്രഹം അല്ലായിരുന്നു അന്നൊക്കെ മനസ്സില്‍ , യൂണിഫോം പോലെ ഇട്ടുകൊണ്ട് പോകുന്ന ചുരിദാര്‍ ഉണ്ടായിരുന്നു. നിനക്കിത് ഒന്ന് മാറ്റിക്കൂടെ ആതിരെ എന്ന് ചോദിക്കുന്ന സഹപാഠികള്‍ …അവര്‍ക്ക് അറിയില്ലല്ലോ താന്‍ ഇത് ഒരു നൂറുവട്ടം മനസ്സില്‍ മാറ്റിയണിയുന്ന കാര്യം …ദാരിദ്രത്തിന്റെ ആകാശത്ത് അമ്മയുടെ കണ്ണുനീരില്‍ തന്‍റെ ചുരിദാറിന് മഴവില്‍ വര്‍ണ്ണങ്ങള്‍ ഉണ്ടെന്നും ആരെയും അറിയിക്കാറില്ല രണ്ടു ദിവസം താന്‍ ഈ പാവാട അണിഞ്ഞു കൊണ്ടാണ് കോളേജില്‍ പോയത് . അന്ന് കൂട്ടുകാരോട് ഒപ്പം കോളേജില്‍ പോകാന്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ സ്ക്കൂട്ടിയില്‍ വന്ന സാറിന്‍റെ മകള്‍ എല്ലാവരും കേള്‍ക്കെ ഇത് എനിക്ക് എന്‍റെ ചാച്ചന്‍ ഫോറിനില്‍ നിന്നും കൊണ്ട് വന്ന പാവാട ആണെന്ന് അഹങ്കാരത്തോടെ വിളിച്ചു പറഞ്ഞപ്പോള്‍ നിന്ന നില്‍പ്പില്‍ ഇല്ലാതായിപ്പോയത് ഇല്ലായ്മയിലും സ്നേഹത്താല്‍ സമ്പന്നമായ നെഞ്ചോട്‌ ചേര്‍ത്ത് അമ്മ പകര്‍ന്നു തന്ന ആത്മാഭിമാനം ആയിരുന്നു. ഉറക്കെ ചിരിക്കുന്ന കൂട്ടുകാരുടെ മുന്പില്‍ നിന്നും വായ്പോത്തി കരഞ്ഞുകൊണ്ട് താന്‍ വീട്ടിലേയ്ക്ക് ഓടി അരയില്‍ ഇരുന്നു പൊള്ളിക്കുന്ന ഫോറിന്‍ പാവാട ഊരി കട്ടിലിലെയ്ക്ക് എറിഞ്ഞിട്ടു അതിനു മുകളില്‍ വീണു ഉറക്കെ കരഞ്ഞ എന്നെ ആശ്വസിപ്പിക്കാന്‍ ആകാതെ അമ്മ നിന്നു ഉരുകി മനസ്സിന്‍റെ വിങ്ങല്‍ എല്ലാം കരഞ്ഞു തീര്‍ത്തിട്ട് ,അടുക്കളയില്‍ പോയി കത്തി എടുത്തു കൊണ്ട് വന്നു ആ പാവാട നെടുകെ കീറി നല്ല ഞോറികള്‍ ഇട്ടു ഭംഗിയായി തയിചിരുന്ന പാവാടതുണി ഒരു സാരിയുടെ നീളം ഉണ്ടായിരുന്നു ….അത് നാലായി കീറി എടുത്തിട്ട് അമ്മയോട് പറഞ്ഞു എടുത്തു വച്ചേക്കൂ അമ്മെ നമുക്ക് രാത്രിയില്‍ പുതയ്ക്കാന്‍ എടുക്കാം അപ്പോള്‍ അമ്മയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞു അന്ന് മുതല്‍ അമ്മയുടെ മരണം വരെ അമ്മ പുതച്ചിരുന്നത് ഈ പാവാട ആയിരുന്നു.. കാലം എത്ര കഴിഞ്ഞാലും അമ്മയുടെ നിശ്വാസത്തിനും കണ്ണീരിനും കൂട്ടായ ദാരിദ്രത്തിന്റെ അത്തര്‍ പൂശിയ , ജീവന്‍റെ തുടിപ്പ് തന്നില്‍ ശേഷിക്കും വരെയും മറക്കാനാവാത്ത ആ ഫോറിന്‍ പാവാടയെ കാലത്തിലും കാഴ്ചയിലും പഴക്കം സംഭവിച്ച , കത്തിക്കാനായി മാറ്റിയിട്ട തുണികള്‍ക്ക് ഒപ്പം ചേര്‍ക്കാന്‍ ആതിരയ്ക്ക് ആകുമായിരുന്നില്ല… അവള്‍ അത് ഭദ്രമായി മടക്കി ചുംബിച്ചു അലമാരയില്‍ വച്ചു ഓര്‍മ്മയുടെ മണിച്ചിത്രത്താഴ് ഇട്ടു പൂട്ടി.

Friday, September 27, 2013

സ്നേഹപ്പൂക്കള്‍



അമ്മുവിന്‍റെ അച്ഛനും , കണ്ണന്‍റെ അമ്മയും. 
എന്ത് പറഞ്ഞാലും അച്ഛന്‍ അമ്മുവിന് സൈഡ് പറയണം....അമ്മുവിന് ആദ്യത്തെ ഉരുള കൊടുത്തിട്ടേ അച്ഛന്‍ ഉണ്ണാന്‍ പാടുള്ളൂ.....അതുപോലെ കണ്ണന്‍റെ കാര്യങ്ങള്‍ എല്ലാം അമ്മ സാധിച്ചു കൊടുക്കണം അല്ലെങ്കില്‍ അവിടെ ഹര്‍ത്താലും ബന്ദും ഉപരോധവും എല്ലാം കണ്ണന്‍ ഒറ്റയ്ക്ക് നടത്തും...
അമ്മു പറയുന്നതാണ് അച്ഛന്റെ നിയമം ,കണ്ണന്‍ പറയുന്നത്അമ്മയുടെയും അതാണ്‌ ഈ കൊച്ചു വീട്ടിലെ ആനന്ദം ,സന്തോഷം, എല്ലാം ...അമ്മു രണ്ടാം ക്ലാസ്സിലും ,കണ്ണന്‍ നാലാം ക്ലാസ്സിലും പഠിക്കുന്നു .

പണിമുടക്ക്‌ ആയതുകൊണ്ട് പുറത്തെങ്ങും പോകാതെ ഒരു മാസിക മറിച്ചുനോക്കി അലസമായി കിടക്കുകയായിരുന്നു ഹരി.
"അച്ഛാ ...!"
ഉറക്കെ വിളിച്ചുകൊണ്ട് അമ്മു ഓടികിതച്ചു വന്നു
പിറകെ കയ്യില്‍ ചപ്പാത്തി പരത്തുന്ന പൈപ്പുമായി രാധികയും
" എടീ അവിടെ നില്‍ക്കാനാ പറഞ്ഞത്"
രാധിക ഒച്ചയെടുത്തു
അമ്മു കള്ളക്കരചിലോടെ ഹരിയുടെ നെഞ്ചിലേയ്ക്ക് വീണു മുഖം അമര്‍ത്തി കെട്ടിപ്പിടിച്ചു ഉറക്കെ പറഞ്ഞൂ
"അച്ഛാ അമ്മയെന്നെ തല്ലി"
"ഒരു അച്ഛനും മോളും ....ഡീ ...ഇറങ്ങടീ താഴെ നിന്നെ ഞാന്‍ ഇന്ന് ശരിയാക്കും"
രാധിക താഴേയ്ക്ക് കൈചൂണ്ടി പറഞ്ഞു.
"എന്താ രാധേ ഇത് നീ എന്തിനാ ഇങ്ങിനെ കിടന്നു തുള്ളുന്നെ?"
ഹരി അമ്മുവിനെ മുറുകെപ്പിടിച്ചു കൊണ്ട് ചോദിച്ചു.
"അമ്മ നാഗവല്ലിയായി അച്ഛാ "
അമ്മു അച്ഛന്റെ നെഞ്ചില്‍ നിന്നും തലയുയര്‍ത്താതെ പറഞ്ഞു.
"ഡീ "
രാധിക കയ്യില്‍ ഇരുന്ന പൈപ്പ്‌ അമ്മുവിന്‍റെ തുട ലക്ഷ്യമാക്കി ഓങ്ങി..
അച്ഛാ എന്ന് വിളിച്ചു അമ്മു ഹരിയെ മുറുകെ പിടിച്ചു .
ഹരി അമ്മുവിന് അടികൊള്ളാതെ അവളെയും കൊണ്ട് കമിഴ്ന്നു.
അടി ലക്‌ഷ്യം തെറ്റി ഹരിയുടെ പുറത്തു കൊണ്ടു.
"എന്‍റെ ഹരിയേട്ടാ ലുലുമാളില്‍ നിന്നും മുഖത്തെ പാടുപോകാന്‍ തേയ്ക്കുന്ന ആ ഫേസ്ക്രീം തൊള്ളായിരം വിലവരുന്നത് ,ഞാന്‍ എത്ര കെഞ്ചിയിട്ടാ ഹരിയേട്ടന്‍ എനിക്കത് വാങ്ങി തന്നത് ....ദിവസവും ഞാന്‍ അതില്‍ നിന്നും ഓരോ പൊട്ടിന്റെ അത്രേം എടുക്കാറുള്ളൂ വേഗം തീര്‍ന്നു പോയാലോന്നു കരുതി.....അത് എടുത്തു അവളുടെ മുഖവും ദേഹവും മുഴുവന്‍ തേച്ചതും പോരാ ...ആ സോഫയിലും തേച്ചു വച്ചേക്കുവാ "
രാധിക പരാതിയും , പരിഭവവും, സങ്കടവും കലര്‍ന്ന സ്വരത്തില്‍ വിശദീകരിച്ചു.
ഹരി അമ്മുവിനെ ബെഡില്‍ നിറുത്തി കൃത്രിമ ദേഷ്യം അഭിനയിച്ചു കൊണ്ട് ചോദിച്ചു.
" എന്തിനാ അമ്മു അമ്മയുടെ ക്രീം എടുത്തത്‌?"
അച്ഛന്റെ മുഖത്ത് നോക്കാതെ തലകുമ്പിട്ടു നിന്ന് അമ്മു പറഞ്ഞു.
"അമ്മൂന് സുന്ദരിയാകാനാ"
അതുകേട്ട് ഹരി ഉറക്കെ ചിരിച്ചു .
"ഒരു ചുന്ദരി "
"ഇനിയെന്റെ ക്രീമില്‍ തൊട്ടാല്‍ കൈ ഞാന്‍ തല്ലിയൊടിക്കും "
അമ്മുവിന്റെ നേരെ കൈചൂണ്ടി താക്കീത് കൊടുത്തിട്ട് രാധിക ചവിട്ടിക്കുലുക്കി നടന്നുപോയി
അമ്മൂ അച്ഛന്‍റെ നേരെ കണ്ണിറുക്കി ചുമ്മാ എന്നൊരു ആക്ഷന്‍ കാണിച്ചു.
ഹരി അവളെയെടുത്തു വട്ടം കറക്കി
അമ്മു മുത്ത്‌കിലുങ്ങും പോലെ ചിരിച്ചു.

അടുക്കളയില്‍ പാത്രം വീഴുന്ന കേട്ട് ഓടി ചെന്നതാണ് രാധിക. അവിടെ കസേരയിട്ട് കേറി അലമാര പരിശോധിക്കുന്ന കണ്ണനെയാണ് കണ്ടത് ....കടുക് ഇട്ടു വച്ചിരുന്ന പാത്രം താഴെ വീണു അടുക്കള മുഴുവന്‍ തൂവിപ്പോയിരുന്നു ...അലമാരയിലെ കവരും ടിന്നുകളും എല്ലാം വലിച്ചു താഴെ ഇട്ടിരിക്കുന്നു.ഒരു യുദ്ധം കഴിഞ്ഞ പ്രതീതി.
"എന്താ കണ്ണാ ഇത്?"
രാധിക കലിതുള്ളി വന്ന ദേഷ്യം അടക്കി ചോദിച്ചു.
"അമ്മ എവിടെയാ പുളി ഒളിപ്പിച്ചു വച്ചിരിക്കുന്നെ?"
"എടാ ഇറങ്ങാടാ താഴെ ...പുളി തിന്നണ്ട "
രാധിക ചപ്പാത്തി പരത്തുന്ന പൈപ്പ് എടുത്തു കാണിച്ചു കണ്ണനെ പേടിപ്പിച്ചു.
ദേഷ്യം വരുമ്പോള്‍ കുട്ടികളെ പേടിപ്പിക്കാന്‍ രാധികയ്ക്ക് ഉള്ള ഒരേഒരു ആയുധം ആണ് ചപ്പാത്തി പൈപ്പ്‌ .

വാതില്‍ക്കല്‍ എല്ലാം നോക്കി നിന്ന് ചിരിക്കുകയായിരുന്നു ഹരിയും അമ്മുവും.
അമ്മു പതുക്കെ അച്ഛന്‍റെ ചെവിയില്‍ പറഞ്ഞു
"അമ്മൂനും വേണം പുളി "
പുളിയോ അതെന്താ സാധനം ഞാന്‍ അങ്ങിനെ ഒന്ന് കേട്ടിട്ടേ ഇല്ല എന്ന ഭാവത്തില്‍ അമ്മുവിന്‍റെ നേരെ കൈ രണ്ടും മലര്‍ത്തി കാണിച്ചിട്ട് ഹരി അവിടെ നിന്നും പിന്‍വാങ്ങി.

ഒരു ദിവസം ഹരിയും രാധികയും കൂടെ കണ്ണനെയും അമ്മുവിനെയും പറ്റിക്കാനായി പറഞ്ഞോത്തു.....രാധിക കണ്ണന്‍റെ മുന്‍പില്‍ വച്ചു അമ്മുവിനെ വിളിച്ചു
" അമ്മയുടെ അമ്മൂട്ടി ഇങ്ങു വന്നെ "
അമ്മയുടെ കണ്ണന്‍ ,അച്ഛന്‍റെ അമ്മൂ, ഇതായിരുന്നു അവിടെത്തെ നിയമം.....അത് രണ്ടു പേരും കൂടി ഒരേ സ്വരത്തില്‍ സമ്മതിച്ചു എടുത്തിരിക്കുന്ന തീരുമാനം ആണ്...തങ്ങള്‍ക്കു മക്കള്‍ രണ്ടുപേരും ഒരുപോലെയാണെന്ന് പറഞ്ഞു മനസ്സിലാക്കിയിട്ട് തന്നെയാണ് ഹരിയും രാധികയും ആ നിയമം പാസാക്കിയത്.പതിവിനു വിപരീതമായി "അമ്മയുടെ അമ്മൂട്ടി" എന്ന് വിളി കേട്ടപ്പോള്‍ അമ്മു അതിശയിച്ചു ആ കണ്ണുകള്‍ വിടര്‍ന്നു ചുണ്ടില്‍ പുഞ്ചിരി വിരിഞ്ഞു. പിന്നെ കുസൃതിയോടെ കണ്ണനെ നോക്കി വിജയഭാവത്തില്‍ തലയുയര്‍ത്തി നിന്നു.
ഇത് കേട്ട കണ്ണന്‍ ചാടി എഴുന്നേറ്റ്‌ പറഞ്ഞു.
"കണ്ണന്‍റെ അമ്മയാ "
കണ്ണനെ വാശി പിടിപ്പിക്കാന്‍ അമ്മുവും പറഞ്ഞു.
"അമ്മുവിന്‍റെ അമ്മയാ"
"അല്ല അല്ല കണ്ണന്‍റെ അമ്മയാ"
കണ്ണന്‍ വന്നു അമ്മയെ വട്ടം പിടിച്ചു.
"അതൊക്കെ പണ്ട് ഇപ്പോള്‍ അമ്മുവിന്‍റെ അമ്മയാ "
അമ്മുവും വന്നു അമ്മയെ വട്ടം പിടിച്ചു.
" അച്ഛാ വേഗം വന്നു അച്ഛന്‍റെ അമ്മൂനെ കൊണ്ട് പോയെ"
കണ്ണന്‍ വിളിച്ചു പറഞ്ഞു.
വിളികേട്ട് വന്ന ഹരിയെ നോക്കി രാധിക കണ്ണിറുക്കി....അയാള്‍ക്ക്‌ കാര്യം മനസ്സിലായി..
"അപ്പോള്‍ അച്ഛനെ ആര്‍ക്കും വേണ്ടേ ?"
ഹരി പിണക്കം നടിച്ചു സോഫയില്‍ ചെന്നിരുന്നു.
"അച്ഛനും അമ്മയും അമ്മൂന്റെയാ "
അമ്മു അമ്മയെ വിട്ടിട്ട് ഓടിവന്നു അച്ഛന്‍റെ അരികില്‍ ഇരുന്നിട്ട് പറഞ്ഞു.
" അമ്മെ അമ്മ പറ കണ്ണന്‍റെ അമ്മയല്ലേ"
കണ്ണന്‍ അമ്മയെ മുറുകെ പിടിച്ചു.
" അല്ല അമ്മൂന്റെ അമ്മയാ.."
രാധിക ഗൌരവം നടിച്ചു പറഞ്ഞൂ.
അതുകേട്ട് മുഖം വീര്‍പ്പിച്ചു അച്ഛന്‍റെ അടുത്ത് ചെന്നിട്ട് കണ്ണന്‍ പറഞ്ഞു .
"എന്നാല്‍ അച്ഛന്‍ എന്റെയാ"
" അല്ല അച്ഛന്‍ എന്റെയാ"
അമ്മു കണ്ണനെ തള്ളിമാറ്റി.
"നീ അമ്മയെ എടുത്തില്ലേ പോടീ അച്ഛന്‍ എന്റെയാ"
കണ്ണനും വിട്ടുകൊടുത്തില്ല.
"അച്ഛന്‍ എന്റെയാ എന്റെയാ എന്റെയാ "
അമ്മു കണ്ണന്‍ പറയുന്നത് കേള്‍ക്കാതിരിക്കാന്‍ രണ്ടു കൈകൊണ്ടും കാതു പൊത്തിയിട്ട് പറഞ്ഞു.
"എന്നാല്‍ അത് അച്ഛന്‍ പറയട്ടെ "
കണ്ണന്‍ അച്ഛന്‍റെ തീരുമാനത്തിന് വിട്ടു.
അമ്മുവും ,കണ്ണനും,രാധികയും ഹരിയെ നോക്കി ....

ഹരി ആകെ ധര്‍മ്മസങ്കടത്തിലായി ...കണ്ണന്‍റെ അച്ചനാന്നു പറഞ്ഞാല്‍ അവിടെ ഭൂകമ്പം നടക്കും അത് ഉറപ്പാ. പക്ഷെ പ്ലാന്‍ ചെയ്തപ്രകാരം അമ്മുവിന്‍റെ അമ്മയാണെന്ന് രാധിക പറഞ്ഞും കഴിഞ്ഞൂ. ഇനി കണ്ണന്‍റെ അച്ഛനാണെന്ന് താന്‍ പറയണം അതാണ്‌ കരാര്‍ .
"പറ അച്ഛാ അമ്മൂന്റെ അച്ഛനാണെന്ന്"
അമ്മൂ അച്ഛനെ പിടിച്ചു കുലുക്കി.
ഹരി രാധികയെ നോക്കി....പറഞ്ഞോ എന്ന് രാധിക കണ്ണ് കാണിച്ചു
"കണ്ണന്‍റെ അച്ഛനാ "
കണ്ണടച്ച് രണ്ടും കല്‍പ്പിച്ചു ഹരി പറഞ്ഞൂ
മൂന്നു പേരും അമ്മൂനെ നോക്കി ...
ആ കുഞ്ഞികണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു വന്നൂ...റോസാപ്പൂ കവിള്‍ ചുവന്നു തുടുത്തു...ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടു പോയത് പോലെ ആ മുഖത്ത് പരിഭ്രമം പടരുന്നു.....
നിറഞ്ഞു തൂവിയ മിഴികള്‍ ഉയര്‍ത്തി വിതുമ്പുന്ന ചുണ്ടുകളോടെ അവള്‍ പതുക്കെ പറഞ്ഞു.
"അമ്മൂന്റെ അച്ഛനാ "
അത്രയും ആയപ്പോഴേക്കും ഹരി അമ്മൂനെ വാരിയെടുത്ത് കവിളില്‍ തെരുതെരെ ചുംബിച്ചു.
" അച്ഛന്‍റെ മുത്തല്ലേ "
....അച്ഛന്‍റെ മോളെ പറ്റിക്കാന്‍ പറഞ്ഞതല്ലേ ...ദെ കണ്ടില്ലേ ....കണ്ണനെയും പറ്റിച്ചതാ എന്നിട്ട് അവന്‍ കരഞ്ഞില്ലല്ലോ ...
അമ്മു പുഞ്ചിരിച്ചു എന്നിട്ടും കണ്ണ് നിറയുന്നുണ്ടായിരുന്നു.
അവളെ നെഞ്ചോട്‌ ചേര്‍ത്ത ഹരിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.....
" പറ്റിക്കുന്നതാനെന്നു എനിക്കറിയാമായിരുന്നു"
കണ്ണന്‍ കൈ കൊട്ടി ചിരിച്ചിട്ട് പറഞ്ഞൂ.
അത്കേട്ട് ഹരി രാധികയെ നോക്കി ...അവള്‍ ഹരിക്ക് മുഖം കൊടുക്കാതെ വിജയഭാവത്തില്‍ പുഞ്ചിരിച്ചു....അവളിലെ അമ്മ വിജയിച്ചിരിക്കുന്നു കണ്ണന്‍റെ മനസ്സ് വേദനിക്കാതിരിക്കാന്‍ അവള്‍ എല്ലാം മുന്‍കൂട്ടി കണ്ണനെ അറിയിച്ചു....ഇവിടെ തന്നിലെ അച്ഛന്‍ പരാജയപ്പെട്ടതായി ഹരിക്ക് തോന്നി....

Monday, September 23, 2013

സ്നേഹത്തിന്‍റെ, സഹകരണത്തിന്‍റെ തണൽ വിരിച്ച ഓണ സംഗമം......

E ഇടത്തില്‍ പരിചയപ്പെട്ട സുഹൃത്ത്ക്കളോടൊപ്പം ഏതാനും മണിക്കൂറുകള്‍ .....
കീഴില്ലം ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ തണല്‍ ഓണസംഗമം (തണല്‍ തുടങ്ങിയിരികുന്നത് ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു പറ്റം ചെറുപ്പക്കാരാണ് .. ....... 
കുറെ കൂട്ടുകാരെ നേരിക്‌ കണ്ടു, കുറേപ്പേരെ പരിചയപ്പെട്ടു .. ഓണസദ്യ കഴിച്ചു എല്ലാവരോടും ഒപ്പം ....ഇന്ത്യന്‍ റെഡ്‌ ക്രോസ് സൊസൈറ്റിയുടെ ഓണക്കോടിയും .......ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്..എനിക്ക് എല്ലാവരെയും ഒന്ന് കാണണമായിരുന്നു കണ്ടു സംസാരിച്ചു സന്തോഷം .....കലാപരിപാടിയും ഒക്കെ ഉണ്ടായിരുന്നു കാണാന്‍ നില്‍ക്കാന്‍ പറ്റിയില്ലേ അനിയന് വേറൊരു വഴിക്ക് പോകേണ്ടാതുകൊണ്ട് വേഗം പോരേണ്ടി വന്നൂ ...സാബു ആരക്കുഴയുടെ മിമിക്രി മാത്രം കണ്ടു ...:) 






                                       







സ്നേഹത്തിന്‍റെ, സഹകരണത്തിന്‍റെ തണൽ വിരിച്ച ഓണ സംഗമം......

Sunday, August 25, 2013

ആത്മമുദ്ര



അന്ന് സെമിത്തേരിയില്‍ കുഴിമാടത്തില്‍ 
കിളിര്‍ത്ത പുല്ലുകള്‍ 
പറിച്ചു കളയുകയായിരുന്നു അവള്‍ 
മാസത്തില്‍ ഒരിക്കല്‍ 
കാടുപിടിച്ചു കിടക്കുന്ന കുഴിമാടങ്ങള്‍ 
പുല്ലുപറിച്ചു 
വൃത്തിയാക്കി ഇടണമെന്ന് 
വികരിയച്ചനാണ് അവളോട്‌ പറഞ്ഞത്
അവള്‍ക്കു അത് ചെയ്യാന്‍
സന്തോഷവുമായിരുന്നു അമ്മച്ചി പറഞ്ഞു
കേട്ടിട്ടുണ്ട്
മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന്
കൂട്ടുകാരികള്‍ക്ക്
സെമിത്തേരിയില്‍ വരാന്‍ പേടിയാണ്
പക്ഷെ അവള്‍ക്കത് വളരെ സന്തോഷമാണ്
അവള്‍ തനിയെ പതിഞ്ഞ സ്വരത്തില്‍
സംസാരിച്ചു കൊണ്ടിരുന്നു
അവള്‍ ഒരു പുതിയ കുഴിമാടത്തിന്റെ
അരികിലെത്തി

ഉണങ്ങിതുടങ്ങിയ പൂക്കള്‍
എല്ലാം നീക്കി
പടര്‍ന്നു കയറിയ പുല്ലിനെ
പിഴുതു മാറ്റാനായ്‌ പറിച്ചു.ഇല്ല കിട്ടുന്നില്ല
അധികം ഉറയ്ക്കാത്ത
ആ മണ്ണില്‍ വളരെ ആഴത്തില്‍ ആ പുല്‍ക്കൊടി
വേരൂന്നിയിരിക്കുന്നു
അവള്‍ കുറച്ചു ശക്തിയോടെ വലിച്ചു അതിന്റെ
ഒരു തുമ്പ് മാത്രം
അവളുടെ കയ്യില്‍ കിട്ടി അതില്‍ നിന്നും
ഇറ്റുവീണ രക്ത തുള്ളികള്‍
കണ്ടു അവള്‍ ഭയപ്പെട്ടു
പിന്നോട്ട് മാറി
തന്റെ കയ്യില്‍ ഇരുന്നു വിറയ്ക്കുന്ന പുല്‍നാമ്പ്
അവള്‍ പേടിയോടെ
കുഴിമാടതിലെയ്ക്ക് ഇട്ടു

അവളുടെ മിഴികള്‍ കുരിശില്‍ എഴുതി വച്ചിരിക്കുന്ന
പേരിലും തീയതിയിലും ഉടക്കി
സാന്ദ്ര സാമുവല്‍ ഇരുപത്തിയേഴ് വയസ്സ് .

പേരിനു അടിയില്‍ കണ്ട ഫോട്ടോ കണ്ടു അവള്‍ ഞെട്ടി 
ഒരുമാസം ആകുന്നു ആ കുഴിമാടതിലെയ്ക്ക് അവള്‍ വിരുന്നുകാരിയായിട്ടു 
അവളുടെ ശരീരമാകെ കുളിര്‍ന്നു
പേടിയോടും അത്ഭുതതോടും കൂടെ
അവള്‍ തന്റെ കണ്ണുകളെ
വിശ്വസിക്കനാകാതെ നിന്ന് കിതച്ചു
വളരെ പതിയെ ഒരു തെന്നല്‍ തന്നെ
തഴുകുന്നതായി അവള്‍ക്കു തോന്നി
മിഴികള്‍ താനേ അടഞ്ഞുപോകുന്നു
ശരീരം തളരുന്നപോലെ അവള്‍ പതുക്കെ
കുഴിമാടതിനരികെ ഇരുന്നു
അഗാധത്തിലേയ്ക്ക് ആഴ്ന്നു പോകുന്ന
മിഴികളില്‍ മഞ്ഞിന്‍ മറ നീക്കി
വെള്ളപ്പൂക്കള്‍ മാത്രം വിരിഞ്ഞു നില്‍ക്കുന്ന
പൂന്തോട്ടത്തില്‍ തൂമഞ്ഞു തോല്‍ക്കും
വസ്ത്രമണിഞ്ഞ് മാലാഖമാരുടെ
അകമ്പടിയോടെ കയ്യില്‍ ഒരു
പിടി വെള്ള റോസപ്പൂക്കളുമായി
അവള്‍ ആനയിക്കപ്പെട്ടു
പള്ളിമണികള്‍ ഇടവിടാതെ മുഴങ്ങിക്കൊണ്ടിരുന്നു
ഒരു മയക്കത്തിലെയ്ക്ക്
അവള്‍ അലിഞ്ഞുപോയി !!

Saturday, August 24, 2013

വിസ്മയം

പച്ചിലക്കുലകള്‍ക്കിടയില്‍ 
ഇരുന്നൊരു മഞ്ഞയില 
വിടപറയാന്‍ കഴിയാതെ 
വിഷമിച്ചോരിലയെ
തഴുകി കൂടെ കൊണ്ടുപോയി 
ഒരു തെമ്മാടിക്കാറ്റ്‌ 


ഒരു മണല്‍ത്തരിയുടെ 
പ്രണയത്തില്‍ 
കൊഴിഞ്ഞുകൊണ്ടിരിക്കുന്നൊരു 
പനിനീര്‍പ്പൂവ്

മണ്ണിനെ തൊടാന്‍
മടിയുള്ള
ഇലകള്‍ക്കും പൂക്കള്‍ക്കും
മണ്ണിന്‍റെ മാറില്‍ വിശ്രമം

വിണ്ണില്‍ നിന്നും
ഭൂമിയെ പ്രണയിച്ചു
മഴത്തുള്ളിയ്ക്കൊപ്പം
ഒളിച്ചോടിയ മേഘങ്ങള്‍
ധരണിയുടെ മിഴികളില്‍
കണ്ടതും വിണ്ണിനെ തന്നെ

നിലാവിനായ്‌ മാത്രം
ജാലകവാതില്‍
പാതിതുറന്നൊരു നിശാഗന്ധി

വെയിലിന്‍റെ വര്‍ണ്ണങ്ങള്‍ ചാലിച്ച്
അരുണന്‍ എഴുതുന്നു
നിഴല്‍ച്ചിത്രം

Sunday, August 4, 2013

സ്നേഹപൂര്‍വ്വം

ഈ ജീവിതയാത്രയില്‍ സഹയാത്രക്കാരായവരെ ,
ഇടയ്ക്ക് വച്ച് മരണത്ത കൂടെക്കൂട്ടിയവരെ ,
ഒരിക്കലും മറക്കാനാകാത്ത മയില്‍പ്പീലി സമ്മാനിച്ചവരെ,
അപരിചിതരായി വന്നു ,സുഹൃത്തുക്കളായിമാറി , ഒടുവില്‍ ആരും അല്ലാതായി തീര്‍ന്നവരെ,
ഒരുനാള്‍ കണ്ണീര്‍ത്തുള്ളിയിലും മഴവില്ല് കാണാന്‍ പഠിപ്പിച്ചവരെ,
രക്തബന്ധത്തെക്കാള്‍ വിലയുള്ളവര്‍ ഉണ്ടെന്നു ഇപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നവരെ ,
കൂടപ്പിറപ്പുകള്‍ ആകാന്‍ കൂടെപിറക്കെണ്ടതില്ല എന്ന് പഠിപ്പിച്ചവരെ,
താരാട്ട് പാടിയിട്ടില്ലെങ്കിലും താതനായ്‌ തീര്‍ന്നവരെ,
സ്നേഹത്തിന്‍റെ തൂലികയാല്‍ സ്നേഹാക്ഷരങ്ങള്‍ കൊണ്ട് ഹൃദയത്തില്‍ തൊടുന്നവരെ,
എല്ലാവരെയും കൈക്കുമ്പിളില്‍ എടുത്തു ഹൃദയത്തോട് ചേര്‍ക്കുന്നു 


സൗഹൃദ ദിനാശംസകള്‍....!

Thursday, July 25, 2013

മഴത്തുള്ളി

തോരാതെ നനഞ്ഞിട്ടും 
സ്വന്തമാക്കിയ ഒരു മഴത്തുള്ളി കാറ്റ്‌ കവര്‍ന്നെന്നു ചേമ്പിലയ്ക്ക് പരിഭവം തീര്‍ന്നില്ല

തെങ്ങോലയെ ആദ്യം ചുംബിച്ചെന്നു തൊടിയിലെ കാശിത്തുമ്പയ്ക്ക് മഴത്തുള്ളിയോടു പിണക്കം


അനുസ്യൂതം ഒഴുകുന്ന മഴയെ വാഴക്കൈകള്‍ പറഞ്ഞു തിരിച്ചെന്നുമഴനനയാന്‍ മടിയുള്ള ചീരചെടിയുടെ പരദൂഷണം


തന്നെ കോരിയെടുത്ത കുഞ്ഞു കൈകളില്‍ അമ്മ തല്ലിയെന്ന് മഴത്തുള്ളിയ്ക്കും സങ്കടം

Thursday, July 11, 2013

കുഞ്ഞു കുറിപ്പുകള്‍



ഒരു തിരി തെളിയേണ്ട താമസമേ ഉള്ളൂ അന്ധകാരം വഴിമാറാന്‍ 
ആ തിരി തെളിക്കെണ്ടവര്‍ അന്ധകാരത്തില്‍ തപ്പിത്തടയുന്നു ...!!




നമുക്ക് ഉള്ളത് ഒന്നും നമ്മളുടെ സ്വന്തമല്ല 
കണ്ണീര്‍ പോലും സ്വന്തമല്ല അത് ശേഖരിക്കാന്‍ നമുക്കാവില്ല ....

നമ്മുടെ പുഞ്ചിരിയും സ്വന്തമല്ല കാരണം നമ്മുടെ പുഞ്ചിരിപ്പൂക്കളും നമുക്കുവേണ്ടിയല്ല വിരിയുന്നത് ....

ദാനമായി നല്‍കാന്‍ ആരോ തന്ന ഭിക്ഷയാണ് എല്ലാം 
എത്രത്തോളം നല്‍കുന്നോ അത്രത്തോളം നേടുന്നു ...!








തിരിഞ്ഞു നോക്കുമെന്ന് പ്രതീക്ഷിച്ചപ്പോള്‍ അവര്‍ അന്ധരായിരുന്നെന്നു അറിഞ്ഞിരുന്നില്ല...!!
വിളി കേള്‍ക്കുമെന്നു വിശ്വസിച്ചപ്പോള്‍ അവര്‍ ചെകിടര്‍ ആണെന്നും അറിഞ്ഞില്ല .....!!
അരികത്തുണ്ട് എന്ന് കരുതിയവര്‍ അകലെയാണെന്ന് അറിയാനും ....

അകലെയാണെന്ന് നിനച്ചവര്‍ അരികിലുണ്ടെന്നു അറിയാനും വൈകി....!!!





എന്നില്‍ നിന്നും ജന്മാന്തരങ്ങളോളം അകലെയാണ് നീ എന്‍ പൊന്നമ്പിളി എന്നാലും എന്‍റെ കൈക്കുമ്പിളില്‍ നിറയുന്ന സ്നേഹ ഉറവയില്‍ എന്നും നീ എന്നരികിലെത്താറുണ്ട് ......!!



പൂക്കളെ ഞാന്‍ സ്നേഹിക്കുന്നു 
ഞാന്‍ മരിക്കുമ്പോള്‍ കൂടെ മരിക്കുന്നതും 
ഉണരാത്ത ഉറക്കത്തിലും കാവലിരിക്കുന്നതും പൂക്കള്‍ തന്നെ 
ഉറ്റവരുടെ സ്നേഹത്തിന്‍റെ മുദ്ര എന്നില്‍ 
പതിപ്പിക്കുന്നതും പൂക്കള്‍ തന്നെ




ഓരോ നിമിഷവും കണ്ണാടിയിലെന്ന പോലെ കാണുന്നുണ്ട്.....!!
ഹൃദയമിടിപ്പ് പോലും വ്യക്തമായി കേള്‍ക്കുന്നുണ്ട്.... !!
മനസ്സില്‍ ചിന്തകള്‍ കൂട് കൂട്ടുന്നതും അതില്‍ എന്റെ സ്ഥാനവും ഞാന്‍ കാണുന്നുണ്ട്.......!!
ഹൃദയത്തില്‍ ഊറുന്ന സ്നേഹംകൊണ്ട് മഞ്ഞിനേക്കാള്‍ വെണ്മയുള്ള ആത്മബന്ധത്തെ വിശുദ്ധിയുടെ വസ്ത്രം ധരിപ്പിച്ചു ആത്മാവില്‍ തൊട്ടു തലോടി അതില്‍ എന്റെ മുഖം കണ്ടു ആ കണ്ണുകളില്‍ തുളുമ്പുന്ന വാത്സല്യത്തിന്റെ മുത്തുകളും ഞാന്‍ കാണുന്നുണ്ട് ....!!



കാറ്റിനോട് പിണങ്ങിയോടിയ മേഘക്കീറിനെ മഴത്തുള്ളിയായി ഒളിപ്പിച്ചത് ഇലക്കൈകള്‍ 
കാറ്റിനെ വിട്ടു ഇലക്കൈകളില്‍ നിന്നും മഴത്തുള്ളിയെ സ്വന്തമാക്കിയത് മണല്‍തരി





Thursday, June 6, 2013

കാര്‍ത്ത്യായനി


അമ്മ വച്ച കുടംപുളിയിട്ട മീന്‍ കറി കൂട്ടിക്കൊണ്ടിരുന്നപ്പോള്‍ ഓര്‍മ്മയിലെയ്ക്ക്‌ കയറി വന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ബാല്യകാലത്ത് സ്ഥിരമായി മീന്‍ കൊണ്ട് വരുന്ന കാര്‍ത്തിയാനി ചേച്ചിയാണ് ...

അമ്പതു വയസ്സ് പ്രായം വരും അവര്‍ക്ക് ..... ആ കരയിലുള്ള എല്ലാവര്ക്കും കാര്‍ത്തിയാനി അരയതിയെ വലിയ സ്നേഹം ആണ്.....പല കുടുംബങ്ങളിലെയും ആണ്കു്ട്ടികളുടെയും പെണ്കു്ട്ടികളുടെയും വിവാഹം നടത്തിയ ബ്രോക്കര്‍ ജോലി കൂടി അവര്‍ ചെയ്തിട്ടുണ്ട് .....തന്റെ കല്യാണ ബ്രോക്കറും കാര്‍ത്തിയാനിചേച്ചിയായിരുന്നു 

ഫോറിനില്‍ നിന്നും ആര് വന്നാലും ഒരു ലുങ്കിയും കുറച്ചു പൈസയും അവര്ക്കുുള്ളതാണ്അവര്‍ക്കുള്ളതാണ് വീട്ടില്‍ പലപ്പോഴും അമ്മയില്ലാതപ്പോള്‍ മീന്‍ വേണ്ട എന്ന് പറഞ്ഞാലും അവര്‍ അടുക്കളയില്‍ കയറി മീന്കലം എടുത്തു മീന്‍ വെട്ടി ഉപ്പിട്ട് വച്ചിട്ടെ പോകുമായിരുന്നുള്ളൂ.....മീന്റെ പൈസ ഒന്നും ചോദിക്കില്ല അത് അവര്‍ക്ക് കിട്ടും എന്ന് ഉറപ്പായിരുന്നു....

പിന്നെ കാര്ത്ത്യായനി ചേച്ചിയുടെ മീന്‍ വട്ടകയില്‍ തേങ്ങയും മാങ്ങയും കുടം പുളിയും എല്ലാം ഉണ്ടാകും വീടുകളില്‍ നിന്നും ആരെങ്കിലും ഒക്കെ കൊടുക്കുന്നതാണ്.............മക്കളും മരുമക്കളും ഒക്കെ ഉണ്ടായിട്ടും ഈ വയസ്സാന്‍ കാലത്ത് എന്തിനാ ഇങ്ങനെ വെയിലും കൊണ്ട് കരമുഴുവനും തെണ്ടി നടക്കുന്നെ എന്ന് പലപ്പോഴും അമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്......

”വീട്ടിലിരുന്നാല്‍ എനിക്കാര് ചിലവിനും തരും മോളെ”

“അതെന്തു ചോദ്യമാ ചേച്ചി മക്കളൊക്കെ വലുതായില്ലേ പെണ്ണും കെട്ടി .....അവര് നോക്കൂല്ലേ ചേച്ചിയെ..”

“ത്ഫൂ മക്കള്‍ ....രണ്ടെണ്ണം ഉണ്ട് എനിക്ക് .....ഒരുത്തിയെ ഞാന്‍ കരമുഴുവനും നടന്നു തെണ്ടി കെട്ടിച്ചു വിട്ടു .....എന്നിട്ടും ഇപ്പോഴും അവള് കൂടെ കൂടെ വരും അമ്മ തെണ്ടികൊണ്ട് വരുന്നത് ഇരക്കാന്‍......ഒരുത്തന്‍ പെണ്ണ് കെട്ടി ഒരു ചുന്ദരി കോത.......നേരം വെളുത്താല്‍ കുളിച്ചു കണ്ണെഴുതി കുറിയുംതൊട്ടു വാരികയും വായിച്ചിരിക്കാനെ അവള്ക്കു നേരമുള്ളൂ......ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ വല്ലതും ഒക്കെ പറഞ്ഞു പോകും ....അതവള്ക്ക് പിടിക്കേലാ...... 

കാര്‍ത്തിയാനി ചേച്ചി മടിയില്‍ നിന്നും ഒരു പഴകിയ പേഴ്സ് എടുത്തു അതില്‍ നിന്നും കുറച്ചു ചില്ലറയും മുഷിഞ്ഞ നോട്ടുകളും എടുത്തു എണ്ണി തിട്ടപ്പെടുത്തി നെടുവീര്പ്പി ട്ടുകൊണ്ട് തുടര്‍ന്നു

“പിന്നെ നേരം വെളുത്താല്‍ ഈ വട്ടകയും കൊണ്ട് ഇറങ്ങുന്നതും ഇരുപത്തഞ്ചു രൂപയ്ക്കാനെന്കിലും കിട്ടുന്നത് വാങ്ങി വട്ടകയിലാക്കി ഈ കരയിലോട്ടു വരുന്നതും എന്തിനാന്നാ മോളെ ഈ മീന്‍ വിറ്റ്‌ കിട്ടുന്ന കാശിനു വേണ്ടി അല്ല....നിങ്ങളൊക്കെ തരുന്ന ഈ സ്നേഹം ഉണ്ടല്ലോ അതിനായിട്ടാ ഈ വയസ്സതി ഇങ്ങിനെ കരമുഴുവന്‍ തെണ്ടി നടക്കുന്നെ....”ആ മിഴിനിറഞ്ഞു സ്വരമിടറി....അത് മറച്ചുകൊണ്ട് അവര്‍ പറഞ്ഞു.

“മോളെ കുറച്ചു ചൂടുള്ള കഞ്ഞിവെള്ളം ഇങ്ങെടുത്തേ”അമ്മ നല്ല ചൂട്‌ കഞ്ഞിവെള്ളം ഒരു പരന്നപാത്രത്തില്‍ ആക്കി കൊണ്ട് വന്നു കൊടുത്തു ....

“രണ്ടു വറ്റ് കൂടി ഇട്ടു കഴിക്കൂ ചേച്ചി”അമ്മ പറഞ്ഞു.

“വേണ്ട മോളെ ഇത് മതി ....ഇപ്പോള്‍ ഒരു പരവശം മാറി “

ഒരു ദിവസം പതിവിനു വിപരീതമായി കാര്‍ത്തിയാനി ചേച്ചി പൂരതെറി പറഞ്ഞു ആരെയോ പ്രാകികൊണ്ടാണ് വീട്ടില്‍ കയറി വന്നത് ......കാര്യം എന്താണെന്ന് ചോദിച്ചിട്ടും ചേച്ചി തെറി നിറുത്തുന്നില്ല.പിന്നെ അമ്മ കുറച്ചു ഗൗരവത്തില്‍ തന്നെ പറഞ്ഞു. 

“നിങ്ങള്‍ ഇങ്ങിനെ തെറി പറയല്ലേ കുട്ടികള്‍ കേട്ട് പഠിക്കും ...എന്താ കാര്യമെന്ന് പറ”

“അല്ല മോളെ അയാള്‍ ഇത്തരക്കാരനാനെന്നു ഞാന്‍ കരുതിയില്ല ...അയാള്ക്ക് ‌ കാശുണ്ടെങ്കില്‍ കയ്യില്‍ വച്ചാല്‍ മതി ......ഇതുവരെ കാര്ത്തിായാനിയോടു ആരും ഇങ്ങനെ പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല ....അവന്റെ തള്ളേടെ പ്രായം ഉണ്ടല്ലോ എനിക്ക് ....വൃത്തികെട്ടവന്‍ “

അന്ന് അവര്‍ അമ്മയോട് പറഞ്ഞത് അയല്പ.ക്കത്തെ നല്ല അയല്ക്കാരരന്റെെ അത്ര നല്ലതല്ലാത്ത കയ്യിലിരിപ്പ്....ഒപ്പം ഒരു മുന്നറിയിപ്പും.കേട്ടത് ഒന്നും വിശ്വസിക്കാന്‍ ആകാതെ അമ്മ നിന്ന് വിളരുന്നത് കണ്ടു.പിന്നെ അമ്മ ഞങ്ങളുടെ നേരെ തിരിഞ്ഞു.

“എന്ത് കേള്‍ക്കാന്‍ ആണടീ നില്‍ക്കുന്നെ കേറിപ്പോടീ അകത്തു “

"നീയെന്താ ആലോചിക്കുന്നെ ?"അമ്മയുടെ ചോദ്യം കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്....പരിഭവങ്ങളും പരാതിയും ഇല്ലാത്ത ലോകത്തേയ്ക്ക് കാര്‍ത്തിയാനിചേച്ചി യാത്രയായിട്ടു നാളുകളേറെ ആയെന്നു അമ്മയില്‍ നിന്നും അറിഞ്ഞു.

Wednesday, June 5, 2013

ഇര



കല്യാണം അടുത്ത് വന്നു എല്ലാവര്‍ക്കും സന്തോഷത്തിന്‍റെ നാളുകള്‍ വീട്ടില്‍ വിരുന്നുകാര്‍ ഏറെ ....കല്യാണം  അടുത്ത് വരുമ്പോഴും എനിക്ക് വയറു നിറച്ചു കഴിക്കാന്‍ കിട്ടുമായിരുന്നു എല്ലാവരും മാറി മാറി അവരുടെ പങ്കു കൊണ്ട് തന്നു. അപ്പോള്‍ തോന്നിയ സന്തോഷത്തിനു അതിരില്ല ഞാന്‍ ഇവിടെ പുതിയ ആളാണെങ്കിലും എന്തൊരു സ്നേഹമാണ് ഇവിടെ എല്ലാവര്ക്കും എന്നോട് ഞാന്‍ ഈ വീട്ടിലെ ഒരു അംഗമായി മാറിയിരിക്കുന്നു .
പുതിയ വീട്ടില്‍ പോകുന്നത് ഓര്മ്മ വന്നപ്പോള്‍ ആകുലതയായിരുന്നു മനസ്സ് നിറയെ പുതിയ ആളുകള്‍ എന്താ എങ്ങിനെയാ തന്നെ വരവേല്ക്കു ക എന്ന് പേടിയായിരുന്നു .പക്ഷെ ഇപ്പോള്‍ അതെല്ലാം പോയി . എല്ലാവര്ക്കും എന്നോട് എന്തൊരു സ്നേഹമാണ് വാത്സല്യമാണ് ...എല്ലാവരുടെയും സ്നേഹത്തോടെയുള്ള തലോടല്‍ മനസ്സ് നിറഞ്ഞ നാളുകള്‍ ...കല്യാണം അടുത്ത് വന്നപ്പോള്‍ എന്നെ കാണാന്‍ ഒരാള്‍ വന്നു അത് വരെ ഞാന്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ ......അയാള്‍ എന്നെ സ്നേഹത്തോടെ തലോടി ...പിന്നെ ഞാന്‍ അതുവരെ കണ്ടിട്ടില്ലാത്ത ഒരിടത്തേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി...പോകാന്‍ മടിച്ചു നിന്ന എന്നെ അവര്‍ തലോടി അയച്ചു .....അവിടെ വച്ച് അയാള്‍ എനിക്ക് കഴിക്കാന്‍ തന്നു .പക്ഷെ എനിക്ക് അതൊന്നും കഴിക്കാന്‍ തോന്നിയില്ല അയാളുടെ ചുവന്ന കണ്ണുകളും തടിച്ച ശരീരവും കണ്ടു ഞാന്‍ ശരിക്കും പേടിച്ചിരിക്കുകയായിരുന്നു ....പിന്നെ അയാള്‍ എന്‍റെ കഴുത്തില്‍ തലോടി ......പിന്നെ ഞാന്‍ കണ്ടത് എന്നില്‍ നിന്നും ഒഴുകുന്ന ചുടുചോരയായിരുന്നു .....അയാള്‍ എന്‍റെ അവയവങ്ങള്‍ ഒന്നൊന്നായി പിഴുതെടുത്തു......എന്റെ. ഹൃദയം പിടയ്ക്കുന്നതും ചലനം നിലയ്ക്കുന്നതും സത്യമായും ഞാന്‍ അറിഞ്ഞു.....സ്നേഹത്തോടെ എന്നെ തലോടിയ കൈകള്‍ എന്‍റെ ശരീരത്തില്‍ ഉപ്പും മുളകും മസാലയും പുരട്ടി തിളയ്ക്കുന്ന എണ്ണയിലേയ്ക്ക് എന്നെ എടുത്തിട്ട് ........എന്നെ സ്നേഹിക്കുകയും തലോടുകയും ചെയ്ത കരങ്ങള്ക്ക് ഞാന്‍ ആഹാരമായി ......ശേഷം എല്ലാവരുടെയും മുഖത്ത് കണ്ട സംതൃപ്തി എന്‍റെ ജന്മം സഫലമാക്കി ....!

Saturday, June 1, 2013

ഒരു ചെറുവരി

ചിലര്‍ അക്ഷരങ്ങളിലൂടെ എഴുതി വയ്‌ക്കുന്നത്‌ അവരുടെ മനസ്സാണ്‌.....!....!

മറ്റു ചിലര്‍ അക്ഷരങ്ങളിലൂടെ ഒളിപ്പിക്കുന്നതും അവരുടെ മനസ്സാണ്‌.....!!


ഇതൊക്കെ വായിച്ചു വായനക്കാര്‍ക്കു കൈവിട്ടു പോകുന്നതും അവരുടെ മനസ്സാണ്‌.....!!!


മനസ്സുകൊndu മനസ്സുകളെ വായിക്കാന്‍ കഴിഞ്ഞാല്‍ മനോഹരമാണ്‌ അത്‌......!!!!


ആത്‌മബന്ധത്താല്‍,,നിഷ്‌കളങ്ക സ്‌നേഹത്താല്‍ വായിക്കാനാകും മനസ്സുകളെ........!!!!!





                       !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!


കൂട്ടിനു ആരും ഇല്ലന്ന് മനസ്സ് പറയുമ്പോള്‍ ........

മിഴികള്‍ നിറയുമ്പോള്‍ ...........

ഒരു കുഞ്ഞുതെന്നല്‍ തലോടുന്നത് അറിയുന്നു ...!

സ്നേഹാകാശത്തില്‍ കൂട് കൂട്ടിയ 
ഓമല്‍ കുരുവിയെ ഹൃദയത്തോട് ചേര്‍ക്കുന്നു....!!

                        !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ചില സങ്കടങ്ങള്‍ നീര്‍ക്കുമിളകള്‍ പോലെയാണ് 

കരുതലിന്റെ കരങ്ങള്‍ തൊട്ടാല്‍ 

പൊട്ടിപ്പോകുന്ന നീര്‍ക്കുമിളകള്‍.....

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഏകാന്തതയുടെ വേനല്‍ച്ചൂടില്‍ 

സ്നേഹമഴ പെയ്തിറങ്ങിയപ്പോള്‍ 

താങ്ങാനാകാതെ മിഴികള്‍ കൂമ്പി ഹൃദയപ്പൂക്കള്‍....!!

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Monday, May 6, 2013

കടിഞ്ഞൂല്‍ പുത്രന്‍


യൗവ്വനത്തിന്റെ ചോരത്തിളപ്പില്‍ പറ്റിയ ഒരു അബദ്ധം അല്ല തെറ്റ് തന്നെ  .ഡെയ്സി പേരുപോലെ തന്നെ ഒരു പുഷ്പ്പം പോലെ മനോഹരിയായവള്‍  ഒരു അമ്മയുടെ ഉദരത്തില്‍ പിറന്നില്ലങ്കിലും പെങ്ങളെപ്പോല  കരുതെണ്ടവള്‍ അവളെ  കീഴ്പ്പെടുത്തി ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചത് കുറ്റം തന്നെയാണ്.
അവള്‍ക്കു മറച്ചുവയ്ക്കാന്‍ ആകാത്തവിധം ആ കുറ്റം മറ്റുള്ളവരുടെ കണ്ണില്‍ വെളിപ്പെട്ടപ്പോള്‍ ബന്ധുക്കളോടൊപ്പം നിന്ന് അവളെ തേവിടിശി എന്ന് കൈ ചൂണ്ടി അധിക്ഷേപിച്ചതും കുറ്റം തന്റെ മാത്രം കുറ്റം
എന്നിട്ടും അവള്‍ തന്‍റെ പേര് പറഞ്ഞില്ല.
കുറെ മാസങ്ങള്‍ക്ക് ശേഷം അമ്മ അപ്പനോട് പറയുന്ന കേട്ട് ഡെയ്സി അവള്‍ പ്രസവിച്ചു  ആണ്‍കുട്ടിയാണ്  കുഞ്ഞിനെ ഒരു അനാഥാലയത്തില്‍ കൊടുത്തു എന്നും.
പ്രസവിച്ച വയര്‍ ഉണങ്ങും മുന്‍പേ മുലപ്പാലിന്റെ ഗന്ധം മാരും മുന്‍പേ അവളെ ഒരു അനാഥന് കല്യാണം ചെയ്തു കൊടുത്തു അവളുടെ അപ്പനും ആങ്ങിളമാരും ഭാരമോഴിച്ചു .
എന്ന് മുതലാണ്‌ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ താന്‍ ഓര്‍ക്കാനും സ്നേഹിക്കാനും തുടങ്ങിയത്.
 ഒരുത്തിയെ പ്രേമിച്ചു കല്യാണം കഴിച്ചു തനിക്ക് ഒരു മകന്‍ ഉണ്ടായപ്പോള്‍,അവന്‍ മുപ്പതാം ദിവസം മരണപ്പെട്ടപ്പോള്‍ ....അതെ അന്ന് ആ മകനെ നഷ്ട്ടപ്പെട്ടത്‌ മുതലാണ്‌ താന്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ കുറിച്ച് ഓര്‍ക്കാനും അവനെ സ്നേഹിക്കാനും തുടങ്ങിയത്..
അപ്പോള്‍ അവനു അഞ്ചു വയസ്സ് പ്രായം ആയിക്കാണും .അവനെ ഒന്ന് കാണാന്‍ വേണ്ടി കൊതിച്ച നാളുകള്‍ .
ഒരിക്കല്‍ വീട്ടില്‍ ഒരു ആവശ്യത്തിന് എല്ലാവരും ഒത്തുകൂടിയ അന്ന് അവളെ തനിച്ചു കിട്ടിയപ്പോള്‍ ചോദിച്ചു.
“അന്ന് നമ്മുടെ കുഞ്ഞിനെ ഏതു അനാഥാലയത്തില്‍ ആണ് കൊടുത്തത് എനിക്ക് അവനെ ഒന്ന് കാണണം “
ജീവനോടെ ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു അവളുടെ മറുപടി ....ദുഃഖം ഉരുണ്ടു കൂടി പെയ്യാന്‍ വിതുമ്പുന്ന പോലെയുള്ള അവളുടെ മുഖം ജ്വലിക്കുന്ന ആ കണ്ണുകളെ  നേരിടാനും കൂടുതല്‍ എന്തെങ്കിലും ചോദിക്കാനും ഉള്ള ധൈര്യം തനിക്ക് ഉണ്ടായില്ല.
പിന്നെ അറിയാവുന്ന ഒന്നുരണ്ടു അനാഥാലയത്തില്‍ കയറിയിറങ്ങി അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടികളെ ഒക്കെ കണ്‍ നിറയെ കണ്ടു .അവരില്‍ ഒരാള്‍ ആകും തന്‍റെ മകന്‍ എന്ന് വെറുതെ ഉറപ്പിച്ചു .അന്നുമുതല്‍ എല്ലാ വര്‍ഷവും ഒരു ദിവസം കണക്കുകൂട്ടി കുറെ മിട്ടായിയും കേക്കുമായി അവിടെ പോകും തന്‍റെ മകന്റെ പിറന്നാള്‍ ആണെന്ന് പറഞ്ഞു അതവര്‍ക്ക് വിതരണം ചെയ്യും .തന്നെ നോക്കി പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളെ എല്ലാം ചേര്‍ത്ത് നിര്‍ത്തി ചുംബിക്കും ....വീട്ടില്‍ എന്ത് ആവശ്യം നടന്നാലും മൂന്നു അനാഥാലയത്തില്‍ ഭക്ഷണം എത്തിച്ചിരിക്കും .
താന്‍ ഇതുവരെ കാണാത്ത കയ്യില്‍ എടുക്കാത്ത തന്‍റെ കടിഞ്ഞൂല്‍ പുത്രന് വേണ്ടി അയാള്‍ മുപ്പതു വര്‍ഷത്തോളമായി മുടക്ക് വരുത്താതെ ഇതെല്ലാം ചെയ്യുന്നു .
ഇന്ന് അയാള്‍ക്ക്‌ കെട്ടിക്കാന്‍ പ്രായമായ മൂന്നു പെണ്മക്കള്‍ ഉണ്ട് 
പാതിരാത്രി കാറിന്‍റെ ഒച്ച കേട്ട് ഭാര്യ ജെസ്സി വാതില്‍ തുറന്നു.കാറില്‍ നിന്നും മൂന്നാല് ആളുകള്‍ കൂടി അയാളെ എടുത്തു വരാന്തയില്‍ കൊണ്ട് കിടത്തി ....വന്നവര്‍ ജെസ്സിയോടു ഒന്നും മിണ്ടാതെ കാറില്‍ കയറി പോയി .....ജെസ്സി പിറുപിറുത്തുകൊണ്ട് വാതില്‍ വലിച്ചടച്ചു.
എത്രയോ വര്‍ഷങ്ങളായി  ഇതെന്നും പതിവാന് കുടിച്ചു ലക്ക് കെടുമ്പോള്‍  കൂട്ടുകാര്‍ കൊണ്ടുവന്നു വരാന്തയില്‍ കിടത്തും ...
“മോനെ അപ്പച്ചനോട് ക്ഷമിക്കെടാ”
വരാന്തയില്‍ നിന്നും ഞെരക്കവും മൂളലും നിലവിളിയും ....അവസാനം എപ്പോഴോ ബോധം കേട്ട് ഉറങ്ങും ...
ഓരോ യുവാക്കളും തന്‍റെ നേരെ നടന്നടുക്കുമ്പോള്‍  ഹൃദയത്തില്‍ ഒരു പെരുമ്പറ മുഴങ്ങും.തല കുനിച്ചു ശ്വാസം അടക്കിപ്പിടിച്ച് അയാള്‍ നിന്നിടത് നിന്നും ചലിക്കാന്‍ ആകാതെ ......
ഇവനാകുമോ തന്‍റെ നേരെ  കൈ ചൂണ്ടി മനസാക്ഷിയുടെ കോടതിയില്‍ തന്നെ നിറുത്തി തന്‍റെ നേരെ ചോദ്യശരങ്ങള്‍ എയ്തു വിടുന്ന കടിഞ്ഞൂല്‍ പുത്രന്‍ 

Wednesday, May 1, 2013

ഹൃദയം അറിയുന്നുണ്ടോ.


.

പലവട്ടം കാതുകള്‍ കേട്ടതും 

കണ്ണുകള്‍ കണ്ടതും ഹൃദയം 
അറിഞ്ഞിരുന്നില്ല .....

സ്നേഹിക്കാന്‍ ഒരാളുണ്ടാവുക 

എന്നാണു ഹൃദയം കാത്തിരിക്കുന്നത്, 
കൊതിക്കുന്നത് ....
ഓരോ തുടിപ്പിലും 
അലിയുന്ന സ്നേഹത്തിനായി .....
അലിഞ്ഞു അലിഞ്ഞു ഒന്നായ്‌ 
ചേരുന്ന നിത്യസ്നേഹത്തിനായി ....

കണ്ണുകള്‍ അടച്ചു 

ഒരു നിമിഷം ചിന്തിക്കുക 
കണ്ണുകള്‍ കണ്ടതും,
കാതുകള്‍ കേട്ടതും 
ഹൃദയം അറിയുന്നുണ്ടോ ??

അല്ലെങ്കില്‍ നാളെ 

ഹൃദയം നമ്മെ പഴിപറയും 
നീ കേട്ടതും കണ്ടതും 
നിന്റെ മാത്രം ഇഷ്ട്ടങ്ങള്‍ ആയിരുന്നു 
അവയില്‍ ഒന്നുപോലും 
ഞാന്‍ അറിഞ്ഞിരുന്നില്ല എന്ന്......

നമ്മുടെ ജീവനായ്‌ 

ഓരോ നിമിഷവും 
നമുക്കായ് തുടിക്കുന്ന ഹൃദയം
നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും 

അറിയാതെ പോകരുത്....

നമ്മള്‍ കാണുന്നത് 

ഹൃദയം അറിഞ്ഞാല്‍
അത് നന്മ്കള്‍ ആയിരിക്കും .......

കേള്‍ക്കുന്നത് എല്ലാം 

ഹൃദയഗീതങ്ങള്‍ ആയിരിക്കും...
ഹൃദയതാളത്തില്‍ 

ജീവിതം ധന്യമാകും ...!!

അപ്പോള്‍ ഇന്നുമുതല്‍ 

ഹൃദയം കൊണ്ട് കേള്‍ക്കാം....
ഹൃദയം കൊണ്ട് കാണാം...... 

Sunday, April 21, 2013

ഹൃദയങ്ങള്‍


കാറ്റ്‌ കടന്നു പോകുന്ന വഴികള്‍ 
അറിയണമെങ്കില്‍ 
ഒരു പുല്‍ക്കൊടി എങ്കിലും വേണം .....!!

സ്നേഹം നിറഞ്ഞ 
ഹൃദയത്തെ അറിയണമെങ്കില്‍ 
ഒരല്‍പം സ്നേഹവും .....!!!

കൊടുംങ്കാറ്റിന്‍റെ  വരവ് 
അകലെ നിന്നേ തിരിച്ചറിയാം പക്ഷെ 
ഓടാനും ഒളിക്കാനും സമയം തരാതെ 
അത് എല്ലാം തകര്‍ത്തെറിഞ്ഞിട്ടുണ്ടാകും
അതുപോലെയാണ് ചില ഹൃദയങ്ങളും ....!!

ഇരുണ്ടു മൂടി 
രാക്ഷസരൂപം പ്രാപിക്കുന്ന 
മേഘങ്ങളെയും 
പൊട്ടിക്കരയാന്‍ വിതുമ്പി നില്ക്കുന്ന 
ആകാശത്തെയും 
കണ്ടാല്‍ തോന്നും 
ഇന്നീ മഴ തോരില്ലന്നു 
പക്ഷെ ഒരു കാറ്റിന്‍റെ  തലോടലില്‍ 
പെയ്യാന്‍ മറന്നു പോകുന്നു 
അങ്ങിനെയും ചില ഹൃദയങ്ങള്‍ ......!!

പകല്‍ മുഴുവന്‍ 
തെളിഞ്ഞ അന്തരീക്ഷം
പുഞ്ചിരി വെയില്‍ കൊണ്ട്  
എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന നീലവാനം 
രാത്രിയില്‍ ഇടവിടാതെ പെയ്തുകൊണ്ടിരിക്കുന്നു 
ഇങ്ങിനെയും ചില ഹൃദയങ്ങള്‍......!!!.....!!.... ..............

തോരാതെ പെയ്യുന്ന 
ഇടവപ്പാതി പോലെയും .......
ഒരു മഴയ്ക്കായ്‌ കൊതിക്കുന്ന 
വേനല്‍ പോലെയും ചില ഹൃദയങ്ങള്‍........!!.......

വര്‍ഷത്തില്‍ പെയ്യാതെയും 
വേനലില്‍ തോരാതെയും 
ചില ഹൃദയങ്ങള്‍.......!!....

ഇതില്‍ ഏതാണ് എന്റെ  ഹൃദയമെന്നു 
ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു .....!!

Sunday, April 14, 2013

നിശാഗന്ധി


തേന്മാവിന്റെ തളിരകള്‍ മുറ്റത്താകെ കൊഴിഞ്ഞു വീണിരുന്നു.......

അതില്‍ രാവില്‍ പെയ്തൊഴിഞ്ഞ മേഘകണ്ണീര്‍ തളം കെട്ടി നിന്നിരുന്നു.......

ഒന്നും അറിയാത്ത ഭാവത്തില്‍ സൂര്യന്‍ ആ കണ്ണീര്‍ തുള്ളിയില്‍ കണ്ണാടി നോക്കുന്നു.......

പിന്നെ സ്നേഹിച്ചു സ്നേഹിച്ചു സൂര്യന്‍ ആ തുള്ളിയെ സ്വന്തമാക്കി.......

അപ്പോഴും തന്‍റെ അരുണനെ ഒരു നോക്ക് കാണാന്‍ രാവ്‌ മുഴുവന്‍ ഉറങ്ങാതെ കാത്തിരുന്ന നിശാഗന്ധി തളര്‍ന്നു വീണു കഴിഞ്ഞിരുന്നു......

പാവം നിശാഗന്ധി സൂര്യനെ സ്നേഹിച്ചു സ്നേഹിച്ചു ചന്ദ്രന്‍റെ സ്വന്തമാകാന്‍ വിധിക്കപ്പെട്ടവള്‍.....

എന്നും സൂര്യന്‍റെ ചുംബനമേറ്റ് വിരിയാന്‍ ഭാഗ്യം ലഭിച്ച പത്തുമണിപ്പൂക്കള്‍ നിറഞ്ഞ പുഞ്ചിരിയുമായി നിശാഗന്ധിയുടെ ചുറ്റും നിരന്നു നിന്നു......!!!

Wednesday, April 10, 2013

ക്ലാസ്സിഫൈഡ്


ഞായറാഴ്ച പത്രത്തിലെ ക്ലാസ്സിഫൈഡ് പേജില്‍ വിവാഹപരസ്യത്തിലൂടെ കയറിയിറങ്ങി നടക്കുകയായിരുന്നു ടോണിയുടെ കണ്ണും മനസ്സും.പെട്ടന്ന് ഒരു പരസ്യത്തില്‍ കണ്ണുകള്‍ ഉടക്കി..
സാമ്പത്തികം ഉള്ള ഇടത്തരം കുടുംബത്തിലെ ആര്‍ സി യുവതി ,ഇരുപത്തെട്ടു വയസ്സ്,നൂറ്റിഅറുപത്തിമൂന്നു സെന്റിമീറ്റര്‍ ഉയരം,ജനറല്‍ നേഴ്സ് ,വെളുത്ത സുന്ദരി,ജൂണ്‍ ആദ്യവാരം നാട്ടില്‍ വരുന്നു..സുമുഖനും സാമ്പത്തികവും വിദ്യാഭ്യാസവും ജോലിയുമുള്ള യുവാക്കളുടെ ആലോചനകള്‍ ക്ഷണിക്കുന്നു.
ആഹാ ഫോണ്‍ നമ്പര്‍ ഉണ്ടല്ലോ....സേവ് ചെയ്തു വയ്ക്കാം ...ചുമ്മാ ഇരിക്കുമ്പോള്‍ മിസ്ഡ്‌ കോള്‍ കൊടുക്കാമല്ലോ..ടോണി മൊബൈല്‍ എടുത്തു ആ നമ്പര്‍ സേവ് ചെയ്തു വച്ചു.....നല്ല നല്ല പരസ്യങ്ങളിലെ ഫോണ്‍ നമ്പര്‍ എല്ലാം എടുത്തു സേവ് ചെയ്തു വച്ചു മിസ്ഡ്‌ കോള്‍ അടിച്ചു ചുമ്മാ സംസാരിക്കുന്നതു ടോണിയ്ക്കും കൂട്ടുകാര്‍ക്കും  ഒരു ഹോബിയാണ്....പലപ്പോഴും അവര്‍ മൂന്നു പേരും കൂടി പല പെണ്‍കുട്ടികളെയും ഇങ്ങിനെ പെണ്ണ് കാണാന്‍ പോയിട്ടുണ്ട്....
ടോണി ഫോണ്‍ എടുത്തു ഹരിയുടെ നമ്പര്‍ ഡയല്‍ ചെയ്തു .....
ഹലോ ....എന്താടാ.....വല്ല കോളും ഉണ്ടോ...?
എടാ ഹരി ...ഒരു വെളുത്ത സുന്ദരി ജനറല്‍ നേഴ്സ്.....
ആണോ?? എവിടെയാടാ??.....ഹരിയ്ക്ക് ആകാംക്ഷയായി...
സ്ഥലപ്പേര് ഇല്ലാടാ ....ഫോണ്‍ നമ്പര്‍ ഉണ്ട്....ടോണി പറഞ്ഞു.
നീ വിളിച്ചു നോക്കിയോ ടോണി???
ഇല്ലാടാ ...ഞാന്‍ നിന്റെ വീട്ടിലോട്ട് വരാം ...അവിടുന്ന് വിളിക്കാം ....ഓക്കേ.
ടോണി വേഗം റെഡിയായി ഹരിയുടെ വീടിന്റെ അടുത്തെത്തി.....അവിടെ ഹരിയും നാസറും അവനെ നോക്കി നില്‍പ്പുണ്ടായിരുന്നു....മൂന്നുപേരും കൂടി പരസ്യത്തില്‍ കണ്ട നമ്പറില്‍ ഡയല്‍ ചെയ്തു.....ഹരിയുടെ ഫോണില്‍ നിന്നാണ് വിളിച്ചത്
ബെല്ലടിക്കുന്നുണ്ട് ....ഹരി പറഞ്ഞു..
ഇങ്ങു താ ഞാന്‍ സംസാരിക്കാം ...നാസര്‍ ഫോണ്‍ തട്ടിപ്പറിച്ചു.
ഹലോ.....ഒരു പുരുഷ ശബ്ദം ഒഴുകി വന്നു....ചെവിയില്‍ കോലിട്ടു കുത്തിയ പോലെ തോന്നി നാസറിനു.....
ഇന്നാ നീ തന്നെ സംസാരിച്ചോ....നാസര്‍ ഫോണ്‍ പൊത്തിപ്പിടിച്ചു കൊണ്ട് ഹരിയ്ക്ക് നേരെ നീട്ടി
ഹലോ...ഹലോ......വിളികള്‍ തുറന്നുകൊണ്ടിരുന്നു.
ഹലോ...ഹരി വെള്ളമിറക്കിക്കൊണ്ട് പറഞ്ഞു.
ആ ഹലോ പറയൂ ആരാണ്??
ഞാന്‍ ജോസ്‌ ...ഒരു വിവാഹപരസ്യം കണ്ടിട്ട് വിളിക്കുന്നതാ...ഹരി സൌമ്യമായി പറഞ്ഞു.
ഉവ്വ് മകള്‍ക്കുവേണ്ടി വിവാഹപരസ്യം കൊടുത്തിരുന്നു.....എവിടുന്നാ വിളിക്കുന്നെ?? അയാള്‍ ചോദിച്ചു.
ഞാന്‍ എറണാകുളത്തും നിന്നാണ്.....
എന്താ ജോലി...? വീട്ടില്‍ ആരൊക്കെയുണ്ട്?? എന്തുവരെ പഠിച്ചു..? എത്ര വയസ്സുണ്ട്...?
ഞാന്‍ ഇന്‍ഫോപാര്‍ക്കില്‍ വര്‍ക്ക്‌ ചെയ്യുന്നു...എം സി എ പാസ്സായി...മുപ്പത്തൊന്നു വീട്ടില്‍ അപ്പന്‍ അമ്മ ഒരു പെങ്ങള്‍ ....പെങ്ങളുടെ കല്യാണം കഴിഞ്ഞു...ഹരി വിശദീകരിച്ചു .
ഓക്കേ ജോസ്‌ മകള്‍ ജൂണ്‍ ആദ്യവാരം വരും .....അപ്പോള്‍ അറിയിക്കാം ....
ശരി അപ്പച്ചാ......ഹരി ഫോണ്‍ വച്ചു
അ..പ്പ..ച്ച...നാ...
ടോണിയും നാസറും ഒരേ സ്വരത്തില്‍ ചോദിച്ചു..
ഹരി നാണം അഭിനയിച്ചു താഴെ നോക്കി തലയാട്ടി.
അയ്യടാ....എന്താ അയാള്‍ പറഞ്ഞെ.....?
ജൂണ്‍ ആദ്യം വരുമെന്ന് വരുമ്പോള്‍ അറിയിക്കാം എന്ന് ....
എങ്ങിനെ അറിയിക്കും ....?
ആ അയാള്‍ വിളിക്കുമായിരിക്കും ഈ നമ്പരില്‍
അപ്പോള്‍ ഇനി നാല് ദിവസം കാത്തിരിക്കണം അല്ലെ...?
ഹോ ഇന്നത്തെ പത്രം മുഴുവനും അരിച്ചു പെറുക്കിയിട്ട് ഈ ഒരു നമ്പര്‍ കിട്ടിയുള്ളൂ നിനക്ക്....നാസര്‍ നിരാശയോടെ പിറുപിറുത്തു
എടെ വേറെ നമ്പര്‍ ഒക്കെയുണ്ട് എല്ലാം മാര്യേജ് ബ്യൂറോയുടെ നമ്പര്‍ ആണ്....
ഉം ഇനി നാല് ദിവസം ആകെ ബോര്‍ ....ഹരി പറഞ്ഞു.
എന്ത് ബോര്‍ പാര്‍ക്കില്‍ വായിനോക്കുന്ന നിനക്കും ബോറടിയോ??...നാസര്‍ ചിരിച്ചു.
പോടാ....കാലാ....ഹരി നാസറിനെ പിടിച്ചു തള്ളി
കാത്തിരിപ്പിനൊടുവില്‍ ഹരിയുടെയും ടോണിയുടെയും നാസറിന്റെയും മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു ജൂണ്‍ മാസം വന്നെത്തി....
അനുമോളെ നിന്നെ കാണാന്‍ നാളെ ഒരു ചെറുപ്പക്കാരന്‍ വരും...അവറാച്ചന്‍ ചേട്ടന്‍ രാത്രി അത്താഴം കഴിക്കാന്‍ ഇരുന്നപ്പോള്‍ മകളോട് പറഞ്ഞു.
നമ്മള്‍ പത്രത്തില്‍ പരസ്യം കൊടുതിരുന്നില്ലേ അത് കണ്ടിട്ട് വിളിച്ചതാണ്.....എറണാകുളത് ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന പയ്യന്‍ ....എം.സി.എ .പഠിച്ചിട്ടുണ്ട്...അപ്പച്ചന്‍ നാളെ അവരോടു വരാന്‍ പറഞ്ഞിട്ടുണ്ട്.
ഫോണ്‍ നമ്പര്‍ ഉണ്ടോ അപ്പച്ചാ എറണാകുളത് ആണെങ്കില്‍ ജാന്‍സിയോടു ഒന്ന് അന്വേഷിക്കാന്‍ പറയാമായിരുന്നു ....അവളെ കെട്ടിചിരിക്കുന്നത് ഏറണാകുളം ആണ്........അവളുടെ കൂട്ടുകാരിയാണ് ജാന്‍സി .
ഫോണ്‍ നമ്പര്‍ ഉണ്ട് മോള്‍ എന്നാല്‍ ഇപ്പോള്‍തന്നെ വിളിച്ചു ഒന്ന് തിരക്ക്‌......അയാള്‍ പറഞ്ഞു.
അനു ഫോണ്‍ നമ്പര്‍ വാങ്ങി ജാന്‍സിയെ വിളിച്ചു സംസാരിച്ചു.... ഫോണ്‍ നമ്പരും കൊടുത്തു ....ഞാന്‍ ചേട്ടനെക്കൊണ്ടും ചേട്ടന്റെ കൂട്ടുകാരെക്കൊണ്ടും  അന്വേഷിപ്പിക്കാം അവരറിയാത ആരും ഈ എറണാകുളത് കാണില്ല......ഒന്നും പേടിക്കണ്ട ധൈര്യമായി പെണ്ണുകാണാന്‍ ഒരുങ്ങിക്കൊലാന്‍ പറഞ്ഞു ജാന്‍സി....
പിറ്റേന്ന് മൂന്നുപേരും നല്ല സുന്ദരമായി അണിഞ്ഞു ഒരുങ്ങി പെണ്ണ് കാണാന്‍ പുറപ്പെട്ടു ....ഫോണില്‍ വിളിച്ചു വഴിയെല്ലാം മനസ്സിലാക്കി വച്ചിരുന്നു....തൃശൂര്‍ ആണ് പെണ്ണിന്റെ വീട്.......പള്ളിയുടെ അടുത്ത് കാണുന്ന മൂന്നാമത്തെ വീട്.
ടോണിയുടെ ഇന്നോവാ കാറിലാണ് അവര്‍ പുറപ്പെട്ടത്‌.
വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല .....കാറില്‍ നിന്നും ഇറങ്ങിയപ്പോത്തന്നെ  പെണ്‍കുട്ടിയുടെ അപ്പച്ചന്‍ ഓടിവന്നു ചോദിച്ചു .
ജോസും കൂട്ടരും അല്ലെ??
അതെ .....ഞങ്ങള്‍ വൈകിയില്ലല്ലോ...ടോണി വിനയത്തോടെ പറഞ്ഞു .
ഇല്ല ..വരൂ..വരൂ..ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.....അയാള്‍ ക്ഷണിച്ചു.
നല്ല ഒരു ഇരുനില വീട് ..മുറ്റത്ത് നല്ല ഒരു പൂന്തോട്ടം മൊത്തത്തില്‍ നല്ല ഐശ്വര്യം ഉള്ള സ്ഥലം....വീടും പരിസരവും മൂന്നു പേര്‍ക്കും നന്നായി ഇഷ്ട്ടപ്പെട്ടു.
വിശാലമായ ഹോള്‍ മനോഹരമായ സെറ്റി ....
ഇരിക്കൂ...അയാള്‍ പറഞ്ഞു.
മൂന്നു പേരും ഇരുന്നു...
ആരാ ഇതില്‍ ചെറുക്കന്‍....?
ഞാനാണ് ...ഹരി പതുക്കെ എഴുന്നേറ്റിട്ട് പറഞ്ഞു....
ഇത് എന്‍റെ കൂട്ടുകാര്‍ ...ഇവന്‍ പ്രദീപ്‌ ...ഇവന്‍ ഡേവീസ്....ഹരി ടോണിയെയും നാസറിനെയും ചൂണ്ടി പറഞ്ഞു.
അല്ലെങ്കിലും വീട്ടുകാരുടെ കൂടെ പെണ്ണുകാണാന്‍ പോകാന്‍ ചെറക്കന്മാര്‍ക്ക് ഒരു ചമ്മലാണ്......അയാള്‍ ഉറക്കെ ചിരിച്ചു.
സംസാരത്തിന് ശേഷം അയാള്‍ പറഞ്ഞു .
മകളെ കാണണ്ടേ ...വിളിക്കാം ...
മോളെ അനു .....
അയാള്‍ അകത്തേയ്ക്ക് നോക്കി വിളിച്ചു.
നല്ല നീല സാരിയുടുത്തു ....മുടി നിറയെ മുല്ലപ്പൂ ചൂടി.....കയ്യില്‍ ട്രേയുമായി പതുക്കെ പതുക്കെ സുന്ദരിയായ അനു കടന്നു വന്നു...
ഇങ്ങോട്ട് കൊടുക്കൂ മോളെ....
അയാള്‍ പറഞ്ഞു.
അനു ആദ്യം നടുക്കിരുന്ന ഹരിയ്ക്ക് നേരെ ചായ കപ്പു എടുത്തു നീട്ടി....ടോണി തോള്കൊണ്ട് ഹരിയുടെ തോളില്‍ തട്ടി.....നാണത്താല്‍ ഹരിയുടെ കാവില്‍ ചുവന്നു.....
അവള്‍ ഒരു പുഞ്ചിരി അവനു സമ്മാനിച്ചുകൊണ്ട് മുറിയുടെ ഒരു വശത്തേയ്ക്ക് നീങ്ങി നിന്നു......
ഒരിറക്ക് ചായ കുടിച്ചിട്ട് ഒന്ന് കൂടി അവളെ കാണാനായി കൊതിയോടെ നോക്കിയാ അവന്‍ ആ കാഴ്ച കണ്ടു ഞെട്ടി.....അനുവിന്റെ തോളില്‍ കയ്യിട്ടു തന്നെ നോക്കി ചിരിക്കുന്ന ഇന്ദു...!!
ഈശ്വരാ ഇന്ദു...!!
തന്‍റെ പ്രിയപ്പെട്ട ഭാര്യ....!!
പ്രസവിച്ചു കിടക്കാന്‍ പോയ ഇവളെന്താ ഇവിടെ .
ഹരി പതുക്കെ എഴുന്നേറ്റു ടോണിയെ തോണ്ടി....
എന്താടാ ...?
നോക്ക് നോക്ക് ഹരി കണ്ണുകൊണ്ട് അനുവിന് നേരെ ആംഗ്യം കാണിച്ചു......
ഹായ് ടോണി ...
ആ കാഴ്ചകണ്ട് ടോണിക്ക് തലകറങ്ങി.

ജാന്‍സി...!!
തന്‍റെ പ്രിയതമ...!
അപ്പോള്‍ ഒരു കൊച്ചുകുട്ടി ഒരു റോസാപ്പൂ കൊണ്ട് വന്നു നാസറിനു നേരെ നീട്ടി
പുഞ്ചിരിയോടെ ആ കുഞ്ഞിനു നേരെ കൈനീട്ടിയ നാസര്‍ ഞെട്ടി
ബാപ്പാ.....ഇത് അനു ചേച്ചി തന്നതാ......!