Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, September 28, 2014

ഒരു നോക്ക് കാണാതെ ഒരു വാക്കില്‍ നീയെന്നെ ഒരു ജന്മത്തോളം അറിഞ്ഞതെങ്ങിനെ !!!

നീ കൂടെയുള്ളിടത്തോളം ഓരോ പുലരിയും എനിക്ക് സ്വര്‍ഗ്ഗമാണ് !!!

നിന്‍ സ്നേഹചൂടില്‍ അലിയുന്നു ഞാനൊരു മഞ്ഞുതുള്ളിയായ്‌ !!!

കയ്യെത്താദൂരെ എന്നാലും നീയെന്‍ ആത്മാവിന്‍ ചാരെ !!

അകലുവാനാകുമോ ഇനി ഈ ജന്മത്തില്‍ ആരൊക്കെ നമ്മളെ അകറ്റിയാലും !!

അനന്തമായ് നീളുന്ന ജീവിതവഴിയില്‍ നീ വിരല്‍ത്തുമ്പില്‍ എന്നെയും ചേര്‍ത്തിടുന്നു !!

Wednesday, August 27, 2014

പല ഓര്‍മ്മകള്‍ കൊണ്ട് നിറയുമ്പോഴും അതില്‍ സുഖമുള്ളൊരു ഓര്‍മ്മയായ് നിറയുന്നത് നീ മാത്രമാണ് !!!

പല പൂക്കള്‍ ചുറ്റുമുണ്ടെങ്കിലും ആത്മാവില്‍ സ്നേഹസുഗന്ധം പരത്തുന്നത് നീ എന്ന ഇത്തിരിപ്പൂ മാത്രം !!!

ഒരായിരം ചിരികള്‍ ചുറ്റും മുഴങ്ങുന്നുണ്ടെങ്കിലും നിന്‍ മുഖത്തെ പുഞ്ചിരി അത് മാത്രമാണ് എന്നില്‍ സ്നേഹവും ധൈര്യവും നിറയ്ക്കുന്നത് !!!

ആള്‍ക്കൂട്ടത്തിനു നടുവിലെങ്കിലും കണ്ണുകള്‍ തിരയുന്നത് നിന്നെ മാത്രമാണ്!!!

Friday, August 15, 2014

അരികിലിരുന്നാലെന്‍ 
ആത്മം തുടിക്കും 
അകലുമ്പോഴെന്‍
മിഴി നിറയും 

നിന്‍ ചിരി ഇന്നെന്നില്‍ 
ലഹരിയായ്‌ നിറയും 
നിന്‍ സ്നേഹമോ എന്നില്‍ 
അനുഭൂതിയാകും 

ആത്മാവില്‍ കുളിരായ്
നിന്‍ സ്നേഹസ്പര്‍ശനം
അലിവായ്‌ അമൃതായ്
നിന്‍ മൊഴികള്‍

Sunday, August 10, 2014

ജീവനില്‍ നീയൊരു ജ്വാലയായി 

മങ്ങിയ മനസ്സില്‍ മാരിവില്ലായ്‌ 

മറക്കുവാന്‍ ആകാത്ത മൊഴികളായി

അളക്കുവാനാകാത്ത സ്നേഹമായി 

അകലുവാനാകാതെ അടുത്തുപോയി 

അരികിലായ്‌ ആത്മാവില്‍ ചേര്‍ത്തുപോയി

അനുദിനം ഞാന്‍ നിന്നില്‍ അലിഞ്ഞുപോയി 

Tuesday, August 5, 2014

തെന്നലായ്

പിണങ്ങി ഞാന്‍ അകന്നപ്പോള്‍
പറയാതെ വന്നെന്നെ
പുല്‍കിയ തെന്നലല്ലേ

മറക്കുവാന്‍ ആകാതെ
ഹൃദയം പിടഞ്ഞപ്പോള്‍
മിഴിനീര്‍ത്തുള്ളിയായ്‌
തഴുകിയില്ലേ

കയ്യെത്താദൂരെയ്ക്ക്
കാലം നയിച്ചപ്പോള്‍
കൈവെള്ളയില്‍ നീയെന്നെ
എഴുതിയില്ലേ

തമ്മില്‍ കാണുകയില്ലെന്ന്
കാലം വിധിച്ചപ്പോള്‍
കാവ്യമായ് നീയെന്നില്‍
നിറഞ്ഞില്ലേ

തിരികെ ഒരു യാത്ര
ഈ വഴിയില്ലെന്നറിഞ്ഞിട്ടും
കാത്തിരിക്കുന്നോരോ
ഇലയനക്കത്തിലും 

Sunday, July 27, 2014

നീ

വിട്ടു പോകാന്‍ കഴിയാത്തൊരു ബന്ധം നമ്മള്‍ തമ്മില്‍ ഉണ്ട് ....

ഏതോ ഒരു അദൃശ്യ ശക്തിയാല്‍ തീര്‍ത്ത വളരെ ലോലമായ ഒന്ന് 

നിറഞ്ഞ മിഴികളാലും നിഷ്ക്കളങ്ക സ്നേഹത്താലും അനുദിനം ശക്തി പ്രാപിക്കുന്ന എന്തോ ഒന്ന് അതിനെ കീഴടക്കിക്കൊണ്ടിരിക്കുന്നു 

ആത്മാവില്‍ ആളുന്ന സ്നേഹാഗ്നിയില്‍ ദഹിപ്പിക്കുന്നുണ്ട് നിന്നിലെ ഓരോ പോരായ്മകളെയും

ഹൃദയത്തോട് ചേര്‍ത്തുവച്ചു ഓമനിക്കുന്നുണ്ട് നിന്റെ കുസൃതിയും ഇഷ്ട്ടങ്ങളും

നിശ്വസതോടൊപ്പം നിറയ്ക്കുന്നുണ്ട് ഞാന്‍ എന്നില്‍ നിന്‍റെ സ്നേഹവും ഓര്‍മ്മകളും

ഈ ലോകത്തില്‍ എവിടെയായിരുന്നാലും എന്നരികില്‍ ഉണ്ട് നീയെപ്പോഴും!

Saturday, November 2, 2013

മണ്ണ് !!




മണ്ണിനെ സ്വന്തമാക്കാന്‍ 
സ്വന്തമായവരെ അരിഞ്ഞുവീഴ്ത്തി 
മണ്ണിന്‍റെ മാറിലടക്കി
മണ്ണ് പങ്കിടുന്നവരോട്
മണ്ണിന്‍റെ മനസ്സിന്‍റെ മന്ത്രണം 

നിങ്ങള്‍ക്ക് മാത്രമായി എന്നില്‍ നിന്നും 
ഒരു മുള പൊട്ടുകയോ
എന്‍റെ ഉറവയില്‍ നിന്നും 
ഒരുതുള്ളി കിനിയുകയോ ചെയ്തിട്ടില്ല 

പാദങ്ങള്‍ കൊണ്ട്  ചവിട്ടുകയല്ലാതെ 
കരങ്ങള്‍ കൊണ്ട് ഇതുവരെ 
നിങ്ങളെന്നെ  ഒന്ന് തൊട്ടിട്ടില്ല 
നിങ്ങളുടെ വിയര്‍പ്പോ ഗന്ധമോ 
എനിക്ക് പരിചിതമല്ല 
എന്നിട്ടും ഞാന്‍ സ്വന്തമെന്നു 
അവകാശപ്പെട്ട് നിങ്ങളെനിക്കുവേണ്ടി 
പൊരുതുന്നതെന്തിനു 

പാലൂട്ടി വളര്‍ത്തിയ പെറ്റമ്മയെയും 
പിച്ചവയ്ക്കാന്‍ പഠിപ്പിച്ച പിതാവിനെയും 
ഒരേ ഉദരവും സ്തന്യവും പങ്കിട്ടവരെയും
നിങ്ങള്‍ വെട്ടിക്കീറുന്നു  
എന്നെ സ്വന്തമാക്കാന്‍ വേണ്ടി

നിങ്ങള്‍ക്ക് അവകാശപ്പെട്ടത് 
ആറടി മണ്ണ് 
അതിനു വേണ്ടി 
കുരുക്ഷേത്ര യുദ്ധം വേണ്ട
ജനിച്ചപ്പോഴേ ഞാനത് 
ദാനമായി നല്‍കിക്കഴിഞ്ഞു

Saturday, August 24, 2013

വിസ്മയം

പച്ചിലക്കുലകള്‍ക്കിടയില്‍ 
ഇരുന്നൊരു മഞ്ഞയില 
വിടപറയാന്‍ കഴിയാതെ 
വിഷമിച്ചോരിലയെ
തഴുകി കൂടെ കൊണ്ടുപോയി 
ഒരു തെമ്മാടിക്കാറ്റ്‌ 


ഒരു മണല്‍ത്തരിയുടെ 
പ്രണയത്തില്‍ 
കൊഴിഞ്ഞുകൊണ്ടിരിക്കുന്നൊരു 
പനിനീര്‍പ്പൂവ്

മണ്ണിനെ തൊടാന്‍
മടിയുള്ള
ഇലകള്‍ക്കും പൂക്കള്‍ക്കും
മണ്ണിന്‍റെ മാറില്‍ വിശ്രമം

വിണ്ണില്‍ നിന്നും
ഭൂമിയെ പ്രണയിച്ചു
മഴത്തുള്ളിയ്ക്കൊപ്പം
ഒളിച്ചോടിയ മേഘങ്ങള്‍
ധരണിയുടെ മിഴികളില്‍
കണ്ടതും വിണ്ണിനെ തന്നെ

നിലാവിനായ്‌ മാത്രം
ജാലകവാതില്‍
പാതിതുറന്നൊരു നിശാഗന്ധി

വെയിലിന്‍റെ വര്‍ണ്ണങ്ങള്‍ ചാലിച്ച്
അരുണന്‍ എഴുതുന്നു
നിഴല്‍ച്ചിത്രം

Thursday, July 25, 2013

മഴത്തുള്ളി

തോരാതെ നനഞ്ഞിട്ടും 
സ്വന്തമാക്കിയ ഒരു മഴത്തുള്ളി കാറ്റ്‌ കവര്‍ന്നെന്നു ചേമ്പിലയ്ക്ക് പരിഭവം തീര്‍ന്നില്ല

തെങ്ങോലയെ ആദ്യം ചുംബിച്ചെന്നു തൊടിയിലെ കാശിത്തുമ്പയ്ക്ക് മഴത്തുള്ളിയോടു പിണക്കം


അനുസ്യൂതം ഒഴുകുന്ന മഴയെ വാഴക്കൈകള്‍ പറഞ്ഞു തിരിച്ചെന്നുമഴനനയാന്‍ മടിയുള്ള ചീരചെടിയുടെ പരദൂഷണം


തന്നെ കോരിയെടുത്ത കുഞ്ഞു കൈകളില്‍ അമ്മ തല്ലിയെന്ന് മഴത്തുള്ളിയ്ക്കും സങ്കടം

Thursday, July 11, 2013

കുഞ്ഞു കുറിപ്പുകള്‍



ഒരു തിരി തെളിയേണ്ട താമസമേ ഉള്ളൂ അന്ധകാരം വഴിമാറാന്‍ 
ആ തിരി തെളിക്കെണ്ടവര്‍ അന്ധകാരത്തില്‍ തപ്പിത്തടയുന്നു ...!!




നമുക്ക് ഉള്ളത് ഒന്നും നമ്മളുടെ സ്വന്തമല്ല 
കണ്ണീര്‍ പോലും സ്വന്തമല്ല അത് ശേഖരിക്കാന്‍ നമുക്കാവില്ല ....

നമ്മുടെ പുഞ്ചിരിയും സ്വന്തമല്ല കാരണം നമ്മുടെ പുഞ്ചിരിപ്പൂക്കളും നമുക്കുവേണ്ടിയല്ല വിരിയുന്നത് ....

ദാനമായി നല്‍കാന്‍ ആരോ തന്ന ഭിക്ഷയാണ് എല്ലാം 
എത്രത്തോളം നല്‍കുന്നോ അത്രത്തോളം നേടുന്നു ...!








തിരിഞ്ഞു നോക്കുമെന്ന് പ്രതീക്ഷിച്ചപ്പോള്‍ അവര്‍ അന്ധരായിരുന്നെന്നു അറിഞ്ഞിരുന്നില്ല...!!
വിളി കേള്‍ക്കുമെന്നു വിശ്വസിച്ചപ്പോള്‍ അവര്‍ ചെകിടര്‍ ആണെന്നും അറിഞ്ഞില്ല .....!!
അരികത്തുണ്ട് എന്ന് കരുതിയവര്‍ അകലെയാണെന്ന് അറിയാനും ....

അകലെയാണെന്ന് നിനച്ചവര്‍ അരികിലുണ്ടെന്നു അറിയാനും വൈകി....!!!





എന്നില്‍ നിന്നും ജന്മാന്തരങ്ങളോളം അകലെയാണ് നീ എന്‍ പൊന്നമ്പിളി എന്നാലും എന്‍റെ കൈക്കുമ്പിളില്‍ നിറയുന്ന സ്നേഹ ഉറവയില്‍ എന്നും നീ എന്നരികിലെത്താറുണ്ട് ......!!



പൂക്കളെ ഞാന്‍ സ്നേഹിക്കുന്നു 
ഞാന്‍ മരിക്കുമ്പോള്‍ കൂടെ മരിക്കുന്നതും 
ഉണരാത്ത ഉറക്കത്തിലും കാവലിരിക്കുന്നതും പൂക്കള്‍ തന്നെ 
ഉറ്റവരുടെ സ്നേഹത്തിന്‍റെ മുദ്ര എന്നില്‍ 
പതിപ്പിക്കുന്നതും പൂക്കള്‍ തന്നെ




ഓരോ നിമിഷവും കണ്ണാടിയിലെന്ന പോലെ കാണുന്നുണ്ട്.....!!
ഹൃദയമിടിപ്പ് പോലും വ്യക്തമായി കേള്‍ക്കുന്നുണ്ട്.... !!
മനസ്സില്‍ ചിന്തകള്‍ കൂട് കൂട്ടുന്നതും അതില്‍ എന്റെ സ്ഥാനവും ഞാന്‍ കാണുന്നുണ്ട്.......!!
ഹൃദയത്തില്‍ ഊറുന്ന സ്നേഹംകൊണ്ട് മഞ്ഞിനേക്കാള്‍ വെണ്മയുള്ള ആത്മബന്ധത്തെ വിശുദ്ധിയുടെ വസ്ത്രം ധരിപ്പിച്ചു ആത്മാവില്‍ തൊട്ടു തലോടി അതില്‍ എന്റെ മുഖം കണ്ടു ആ കണ്ണുകളില്‍ തുളുമ്പുന്ന വാത്സല്യത്തിന്റെ മുത്തുകളും ഞാന്‍ കാണുന്നുണ്ട് ....!!



കാറ്റിനോട് പിണങ്ങിയോടിയ മേഘക്കീറിനെ മഴത്തുള്ളിയായി ഒളിപ്പിച്ചത് ഇലക്കൈകള്‍ 
കാറ്റിനെ വിട്ടു ഇലക്കൈകളില്‍ നിന്നും മഴത്തുള്ളിയെ സ്വന്തമാക്കിയത് മണല്‍തരി





Saturday, June 1, 2013

ഒരു ചെറുവരി

ചിലര്‍ അക്ഷരങ്ങളിലൂടെ എഴുതി വയ്‌ക്കുന്നത്‌ അവരുടെ മനസ്സാണ്‌.....!....!

മറ്റു ചിലര്‍ അക്ഷരങ്ങളിലൂടെ ഒളിപ്പിക്കുന്നതും അവരുടെ മനസ്സാണ്‌.....!!


ഇതൊക്കെ വായിച്ചു വായനക്കാര്‍ക്കു കൈവിട്ടു പോകുന്നതും അവരുടെ മനസ്സാണ്‌.....!!!


മനസ്സുകൊndu മനസ്സുകളെ വായിക്കാന്‍ കഴിഞ്ഞാല്‍ മനോഹരമാണ്‌ അത്‌......!!!!


ആത്‌മബന്ധത്താല്‍,,നിഷ്‌കളങ്ക സ്‌നേഹത്താല്‍ വായിക്കാനാകും മനസ്സുകളെ........!!!!!





                       !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!


കൂട്ടിനു ആരും ഇല്ലന്ന് മനസ്സ് പറയുമ്പോള്‍ ........

മിഴികള്‍ നിറയുമ്പോള്‍ ...........

ഒരു കുഞ്ഞുതെന്നല്‍ തലോടുന്നത് അറിയുന്നു ...!

സ്നേഹാകാശത്തില്‍ കൂട് കൂട്ടിയ 
ഓമല്‍ കുരുവിയെ ഹൃദയത്തോട് ചേര്‍ക്കുന്നു....!!

                        !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ചില സങ്കടങ്ങള്‍ നീര്‍ക്കുമിളകള്‍ പോലെയാണ് 

കരുതലിന്റെ കരങ്ങള്‍ തൊട്ടാല്‍ 

പൊട്ടിപ്പോകുന്ന നീര്‍ക്കുമിളകള്‍.....

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഏകാന്തതയുടെ വേനല്‍ച്ചൂടില്‍ 

സ്നേഹമഴ പെയ്തിറങ്ങിയപ്പോള്‍ 

താങ്ങാനാകാതെ മിഴികള്‍ കൂമ്പി ഹൃദയപ്പൂക്കള്‍....!!

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Wednesday, May 1, 2013

ഹൃദയം അറിയുന്നുണ്ടോ.


.

പലവട്ടം കാതുകള്‍ കേട്ടതും 

കണ്ണുകള്‍ കണ്ടതും ഹൃദയം 
അറിഞ്ഞിരുന്നില്ല .....

സ്നേഹിക്കാന്‍ ഒരാളുണ്ടാവുക 

എന്നാണു ഹൃദയം കാത്തിരിക്കുന്നത്, 
കൊതിക്കുന്നത് ....
ഓരോ തുടിപ്പിലും 
അലിയുന്ന സ്നേഹത്തിനായി .....
അലിഞ്ഞു അലിഞ്ഞു ഒന്നായ്‌ 
ചേരുന്ന നിത്യസ്നേഹത്തിനായി ....

കണ്ണുകള്‍ അടച്ചു 

ഒരു നിമിഷം ചിന്തിക്കുക 
കണ്ണുകള്‍ കണ്ടതും,
കാതുകള്‍ കേട്ടതും 
ഹൃദയം അറിയുന്നുണ്ടോ ??

അല്ലെങ്കില്‍ നാളെ 

ഹൃദയം നമ്മെ പഴിപറയും 
നീ കേട്ടതും കണ്ടതും 
നിന്റെ മാത്രം ഇഷ്ട്ടങ്ങള്‍ ആയിരുന്നു 
അവയില്‍ ഒന്നുപോലും 
ഞാന്‍ അറിഞ്ഞിരുന്നില്ല എന്ന്......

നമ്മുടെ ജീവനായ്‌ 

ഓരോ നിമിഷവും 
നമുക്കായ് തുടിക്കുന്ന ഹൃദയം
നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും 

അറിയാതെ പോകരുത്....

നമ്മള്‍ കാണുന്നത് 

ഹൃദയം അറിഞ്ഞാല്‍
അത് നന്മ്കള്‍ ആയിരിക്കും .......

കേള്‍ക്കുന്നത് എല്ലാം 

ഹൃദയഗീതങ്ങള്‍ ആയിരിക്കും...
ഹൃദയതാളത്തില്‍ 

ജീവിതം ധന്യമാകും ...!!

അപ്പോള്‍ ഇന്നുമുതല്‍ 

ഹൃദയം കൊണ്ട് കേള്‍ക്കാം....
ഹൃദയം കൊണ്ട് കാണാം...... 

Sunday, April 21, 2013

ഹൃദയങ്ങള്‍


കാറ്റ്‌ കടന്നു പോകുന്ന വഴികള്‍ 
അറിയണമെങ്കില്‍ 
ഒരു പുല്‍ക്കൊടി എങ്കിലും വേണം .....!!

സ്നേഹം നിറഞ്ഞ 
ഹൃദയത്തെ അറിയണമെങ്കില്‍ 
ഒരല്‍പം സ്നേഹവും .....!!!

കൊടുംങ്കാറ്റിന്‍റെ  വരവ് 
അകലെ നിന്നേ തിരിച്ചറിയാം പക്ഷെ 
ഓടാനും ഒളിക്കാനും സമയം തരാതെ 
അത് എല്ലാം തകര്‍ത്തെറിഞ്ഞിട്ടുണ്ടാകും
അതുപോലെയാണ് ചില ഹൃദയങ്ങളും ....!!

ഇരുണ്ടു മൂടി 
രാക്ഷസരൂപം പ്രാപിക്കുന്ന 
മേഘങ്ങളെയും 
പൊട്ടിക്കരയാന്‍ വിതുമ്പി നില്ക്കുന്ന 
ആകാശത്തെയും 
കണ്ടാല്‍ തോന്നും 
ഇന്നീ മഴ തോരില്ലന്നു 
പക്ഷെ ഒരു കാറ്റിന്‍റെ  തലോടലില്‍ 
പെയ്യാന്‍ മറന്നു പോകുന്നു 
അങ്ങിനെയും ചില ഹൃദയങ്ങള്‍ ......!!

പകല്‍ മുഴുവന്‍ 
തെളിഞ്ഞ അന്തരീക്ഷം
പുഞ്ചിരി വെയില്‍ കൊണ്ട്  
എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന നീലവാനം 
രാത്രിയില്‍ ഇടവിടാതെ പെയ്തുകൊണ്ടിരിക്കുന്നു 
ഇങ്ങിനെയും ചില ഹൃദയങ്ങള്‍......!!!.....!!.... ..............

തോരാതെ പെയ്യുന്ന 
ഇടവപ്പാതി പോലെയും .......
ഒരു മഴയ്ക്കായ്‌ കൊതിക്കുന്ന 
വേനല്‍ പോലെയും ചില ഹൃദയങ്ങള്‍........!!.......

വര്‍ഷത്തില്‍ പെയ്യാതെയും 
വേനലില്‍ തോരാതെയും 
ചില ഹൃദയങ്ങള്‍.......!!....

ഇതില്‍ ഏതാണ് എന്റെ  ഹൃദയമെന്നു 
ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു .....!!

Wednesday, April 3, 2013

വിരല്‍തുമ്പില്‍

ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ 
എനിക്ക് നിന്‍റെഹൃദയമാകണം ...
ഓരോ നിശ്വാസതിലും ... 

ഓരോ തുടിതാളത്തിലും 
നിന്നോട് ചേര്‍ന്നിരിക്കാന്‍
നിനക്കായ്‌ തുടിക്കാന്‍ ,,

ഓരോ തുള്ളി രക്തത്തിലും 
നിന്‍റെ ജീവശ്വാസമാകാന്‍,,,
പിന്നെയും ജന്മം ഉണ്ടെങ്കില്‍ 

എനിക്ക് നിന്‍റെ മിഴികളാകണം 
നക്ഷത്രങ്ങള്‍ കൂടുകൂട്ടിയ 
നിന്‍റെ നിറമിഴിയില്‍ 
തിളങ്ങുന്ന മഴവില്ലാകണം ......
ഇനിയും എനിക്ക് നിന്‍റെ കാതുകളാകണം

 നിന്‍റെ സ്നേഹസ്വരങ്ങള്‍ 
എന്റെ കാതുകളില്‍ അലയടിക്കണം .......
ഈ സ്നേഹാക്ഷരങ്ങളില്‍ നീ 

അലിഞ്ഞില്ലാതാകുമ്പോള്‍ 
ഞാന്‍ ഇവിടം വിട്ടു  യാത്രയാകും........

*********************

വിരല്ത്തുമ്പിലൂടെ വളരുന്ന ബന്ധങ്ങള്‍ ....
ഏതോ ജന്മങ്ങളില്‍ കൈവിട്ടുപോയ 
സഹോദരങ്ങളെ തിരികെ ലഭിക്കുന്നപോലെ .....
ഒരുമിച്ചു ഉണ്ടും ഉറങ്ങിയും 
കഴിഞ്ഞിരുന്ന കൂടപ്പിറപ്പുകള്‍ 
ഒരു മുറ്റത്ത്‌ ഒത്തുകൂടിയപോലെ .....
നിഷ്കളങ്ക സ്നേഹത്തില്‍ 
പിറവികൊള്ളുന്ന ജന്മങ്ങള്‍ .......
വിരലതുമ്പില്‍ തൂങ്ങി നടക്കാന്‍ 
ഒരുപാട് ഏട്ടന്മാരുടെ കൈകള്‍ .....
പലപ്പോഴും മനസ്സിനെ തൊടുന്നുണ്ട് ...
ആശ്വസിപ്പിക്കുന്നുണ്ട്.....
എന്തിനെന്നറിയാതെ മിഴികള്‍ നനയുന്നുണ്ട്......
കൂട്ടായുള്ളവരുടെ ദുഃഖദുരിതങ്ങള്‍ 
കേള്ക്കുമ്പോള്‍ ....കാണുമ്പോള്‍....
എന്‍ അരികിലെ സ്വര്ഗ്ഗം കാണാന്‍ കഴിയുന്നുണ്ട്.......

***************************************

ചെറുവരികള്‍

മനക്കല്ലില്‍ ഉരച്ചുനോക്കി സ്വന്തമാക്കിയ

പത്തരമാറ്റ്‌ സ്വര്‍ണ്ണത്തിന്റെ നിറംമങ്ങിപ്പോയതെങ്ങിനെ....................????ക്ലാവ്പിടിച്ചു വലിച്ചെറിഞ്ഞവവജ്രം പോലെ തിളങ്ങിയതെങ്ങിനെ............????




                         **************

മക്കളെ മണ്ണില്‍ ഇറങ്ങരുത്....
മഴവെള്ളത്തില്‍ കളിക്കരുത്......
ചെളിയില്‍ ചവിട്ടരുത്......
പറഞ്ഞു ശീലിപ്പിച്ചില്ലേ 
എന്നിട്ടെന്തിനാ നിങ്ങള്‍ ഒരുപിടി മണ്ണും തന്നു 
മണ്ണില്‍ത്തന്നെ എനിക്ക് കിടക്ക ഒരുക്കിയത് ......??

                ************


പാവപ്പെട്ടവന്റെയും 
പണക്കാരന്റെയും 
ശരീരത്തിന് ഒരേ ടേസ്റ്റ് എന്ന് 
ശവംതീനി പുഴുക്കള്‍...!!!

       *********

മരണം വന്നു വിളിച്ചു ......
ഞാന്‍ പറഞ്ഞു....
ഞാന്‍ ഇപ്പോള്‍ എഴുന്നേറ്റതെ ഉള്ളൂ....
പല്ല് തെച്ചില്ല .....
കുളിച്ചില്ല.......
നല്ല ഡ്രസ്സ്‌ ഇട്ടില്ല....
മരണം പറഞ്ഞു ...........
എന്നാല്‍ ഞാന്‍ ഒന്ന് കറങ്ങിട്ടുവരാം ......
പിന്നെ കേട്ട് .....
കുളികഴിഞ്ഞു ......
പൌഡര്‍ ഇട്ടു.....
പൊട്ടു കുത്തി.....
നല്ല ഉടുപ്പിട്ട .......
പൈതലിനെ ....
അവന്‍ തട്ടിക്കൊണ്ടു പോയി എന്ന്........

          ********

കാഴ്ചകള്‍ മുട്ടയിട്ടു
ചിന്തകള്‍ അടയിരുന്ന്
ഭാവനകള്‍ വിരിഞ്ഞു
സ്വപ്നങ്ങളുടെ ചിറകേറി
മനസ്സുകളില്‍ നിന്നും
മനസ്സുകളിലെയ്ക്ക് ചേക്കേറി

   8*********

ചുംബനം

വാല്‍സല്യം ,,,സ്നേഹം,,,,ചതി,,,, 
മൂന്നിനും ഈ മൂന്നക്ഷരം മതി......!!!

      *********

ഇടയ്ക്കു എപ്പോഴോക്കയോ
ആത്മാവില്‍ തൊടുന്നുണ്ട് നീ...

സ്നേഹം തുളുമ്പും വാക്കുകള്‍
ഹൃദയം കാതോര്‍ക്കുന്നുണ്ട്.....

സ്നേഹം കൊണ്ടും സ്വാന്തനം കൊണ്ടും
എന്നെ തോല്‍പ്പിക്കുന്നുണ്ട്......

മിഴികള്‍ നിറയുന്നതും
ഹൃദയം വിതുമ്പുന്നതും
ഈ സ്നേഹക്കടലില്‍ താഴുമ്പോഴാണ്...
     


Sunday, March 17, 2013

ഈറന്‍ സന്ധ്യ





കുളികഴിഞ്ഞു  
ഈറന്‍ തുള്ളികള്‍ 
ഇറ്റുവീഴുന്ന 
മുടികളും 
ചുളിവു വീണ 
കൈകളും 
നിര്‍മ്മലമായ 
മനസ്സുമായ് 

ജീവിത
സായഹ്നസന്ധ്യകളില്‍ 
നിലവിളക്കിന്‍ മുന്‍പില്‍ 
കൈകൂപ്പി കണ്ണടച്ച് 
മനസ്സാം അമ്പലത്തില്‍ 
ഭഗവാനെ കണ്ടു  

മനസ്സില്‍ നിറയെ 
ഭക്തിതന്‍ പൂക്കളും 
ചുണ്ടില്‍ 
നാമജപവുമായ് 
അമ്മെനാരായണ 
ദേവിനാരായണ 
മന്ത്രം ജപിച്ചു ...
ഈറന്‍ സന്ധ്യയില്‍ 
പൂമുഖത്തിരിക്കുന്ന 
മുത്തശ്ശിയമ്മയോടൊപ്പം 
കുഞ്ഞിളംകാറ്റും 
ഈറന്‍ മേഘവും 
കുഞ്ഞാറ്റ കിളികളും 
ജപമന്ത്രം ഈണത്തില്‍ 
ഏറ്റുചൊല്ലി 


കുഞ്ഞിളം 
കൈകള്‍ കൂപ്പി 
മുത്തശിയമ്മയോടൊപ്പം 
ഐശ്വര്യം നിറച്ചു 
നന്മതന്‍ തിരിയിട്ട 
നിറദീപത്തിനു മുന്‍പില്‍ 
വട്ടമിട്ടു ഇരുന്നു 
നാമം ജപിച്ച ത്രിസന്ധ്യകള്‍ 
ഇന്ന് ഓര്‍മ്മ മാത്രമായ്

Saturday, February 23, 2013

പരിഭവം

ഒരു കുഞ്ഞു കാറ്റിന്‍റെ തേരിലേറി 
ഒരപ്പൂപ്പന്‍ താടി എന്‍ അരികിലെത്തി
 വഴിയോര കാഴ്ചകള്‍ ചൊല്ലിതന്നു

കരുതിവച്ച സ്നേഹനീര്‍ വാങ്ങുവാന്‍ 

ഉണ്ണികളാരും ഈ വഴി വരുന്നില്ലെന്നൊരു 
മഷിത്തണ്ട് തേങ്ങിയെന്നു

ഇടവഴില്‍ ആരും 

ഒരു പുഞ്ചിരിപ്പൂതരുന്നില്ലെന്നൊരു
സുന്ദരിപ്പൂവിന്‍റെ പരിഭവം

തൊടിയില്‍ കൂടെക്കളിക്കാന്‍ 

കൂട്ടില്ലെന്ന്തുമ്പിപ്പെണ്ണിന്‍റെ ഗദ്ഗദം

നിയന്ത്രിക്കാന്‍  ആളില്ലാതെ

വഴിതെറ്റി അലയുന്നു എന്നൊരു
കളി പട്ടത്തിന്റെ പരാതി

മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ നിറയുന്ന മിഴികള്‍

കൂട്ടിനില്ലെന്നു ഒരു മയില്‍പ്പീലി

Wednesday, February 20, 2013

സഹയാത്രികര്‍’


കുപ്പായത്തിന്റെ പുറം
കഴുത്തില്‍ തൂങ്ങി
കത്തുന്ന വെയിലിലും
ആര്‍ത്തലച്ച മഴയിലും
താങ്ങായി തണലായി
കാലത്തിനൊപ്പം ഒരു ഒറ്റക്കാലന്‍

അഴുക്കിലും ആര്‍ഭാടത്തിലും
വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ
ചവിട്ടാന്‍ അറയ്ക്കുന്നിടതൊക്കെ
ചുംബിച്ചും
പാദപൂജ ചെയ്യുമ്പോഴും
പാപിയെപ്പോള്‍ ചവിട്ടേറ്റ്‌
ഒരു രക്ഷകന്‍
 

തോളില്‍ എടുത്ത
ചങ്ങാതിയുടെ
 മര്‍ദനത്തില്‍
വാവിട്ട നിലവിളി
ഒരു താളമായി മേളമായി
 അത് ആയിരം കാതുകള്‍ക്ക്
ആനന്ദമായി
 അടികൊണ്ടു തയമ്പായി
 ഞാനൊരു തായമ്പകയായി 

Saturday, February 9, 2013

നാവ്....!!!



ഒരു നിമിഷത്തില്‍ അനുഗ്രഹവും

 മറു നിമിഷത്തില്‍ ഉഗ്രശാപവും 
മൊഴിയുന്നതോരെ നാവ് തന്നെ

നാമം ജപിക്കുന്ന നാവ്‌

മധുരമായ്‌ പാടുന്ന നാവ്
സന്തോഷമരുള്ളുന്ന നാവ്
സാന്ത്വനമേകുന്ന നാവ്
ഇരുതലവാളിനെ തോല്‍പ്പിക്കുമാറ്
സംഹാരതാന്ധവമാടുന്ന നാവ്‌

തീയാണ് നാവ് 

സകലവും ചുട്ടെരിച്ചീടുന്ന തീക്കാറ്റാണ് നാവ്
വാളൊന്നു തൊട്ടാല്‍ ചോര പൊടിയും
 നാവൊന്നു ചുഴറ്റിയാല്‍ ഹൃദയം മുറിയും 
ഒരു ചാന്‍  വരുന്നോരീ ആയുധം 

അരിഞ്ഞു തള്ളിയതെത്ര ജീവിതങ്ങളെ

Wednesday, November 14, 2012

നക്ഷത്രക്കൂട്ടുള്ള രാപ്പാടി

മൂകമാം രാത്രിയില്‍

തനിചിരുന്നൊരു രാപ്പാടി കേഴുന്നു

കേള്‍വിക്കാര്‍ ആരുമില്ലെങ്കിലും


പാട്ടിത് പാടതിരിക്കാനാകുമോ

കൂരിരുട്ടില്‍ തനിച്ചായ

രാപ്പാടിക്ക് മാനത്തെ നക്ഷത്രം കൂട്ടിരുന്നു

രാവുകളോക്കെയും കരഞ്ഞു തീര്‍ത്തു

വീണ്ടും കരയുവാനൊരു

രാവിനായ്‌ കേഴുന്നു

ജീവിതയാത്രയില്‍ ഒരു സഹയാത്രക്കാരായി

കണ്ടുമുട്ടി നമ്മള്‍

എല്ലാമായി സ്വപ്നങ്ങളും

ദുഖങ്ങളും നീ പങ്കുവച്ചപ്പോള്‍

നിറഞ്ഞൊഴുകുന്ന മിഴികള്‍ കണ്ടു

നെഞ്ചുപിടഞ്ഞു ഒരു മന്ദമാരുതനായി

അരികിലാണയാന്‍ ഞാന്‍ കൊതിച്ചുപോയി

എന്‍റെ സ്വരത്തിലെ ഇടര്‍ച്ചയും

നെഞ്ചിലെ തേങ്ങലും

എന്നെക്കാള്‍ ആദ്യം തിരിച്ചറിഞ്ഞതും

നീ മാത്രമായിരുന്നു

രാത്രിയില്‍ നിന്‍റെ വാക്കുകള്‍

എനിക്കൊരു താരാട്ടായിരുന്നു

പുലരിയില്‍ എന്നെ ഉണര്‍ത്തുന്ന

മഞ്ഞുതുള്ളിയായി നീ

ഓരോ ദിനവും ഞാന്‍ കൊതിച്ചത്

നിനക്കുവേണ്ടി മാത്രമായിരുന്നു

ഇന്നീ ഏകാന്ത രാത്രികളില്‍

മിഴിനീര്‍ത്തുള്ളികള്‍ ഓര്‍മ്മിപ്പിക്കുന്നു നിന്നെ

യാത്ര പറഞ്ഞു പിരിഞ്ഞവര്‍ അല്ല നമ്മള്‍

ലക്ഷ്യ സ്ഥാനത് യാത്ര നിറുത്തി

നീ ഇറങ്ങിപ്പോയപ്പോള്‍

ആ കണ്ണുകളില്‍ കണ്ടത്

ഒരു യാത്ര പറചിലായിരുന്നില്ല

വീണ്ടും കാണാമെന്ന ഒരു പ്രതീക്ഷയായിരുന്നു

ഇനി എവിടെ വച്ചാണ് നീ

എന്‍റെ ജീവിതവണ്ടിയില്‍

ഒരു യാത്രക്കരനാകുക

മനസ്സില്‍ നിനക്കായി ഇരിപ്പിടം

ഒരുക്കി കാത്തിരിക്കുന്നു ഞാന്‍