Sunday, April 21, 2013

ഹൃദയങ്ങള്‍


കാറ്റ്‌ കടന്നു പോകുന്ന വഴികള്‍ 
അറിയണമെങ്കില്‍ 
ഒരു പുല്‍ക്കൊടി എങ്കിലും വേണം .....!!

സ്നേഹം നിറഞ്ഞ 
ഹൃദയത്തെ അറിയണമെങ്കില്‍ 
ഒരല്‍പം സ്നേഹവും .....!!!

കൊടുംങ്കാറ്റിന്‍റെ  വരവ് 
അകലെ നിന്നേ തിരിച്ചറിയാം പക്ഷെ 
ഓടാനും ഒളിക്കാനും സമയം തരാതെ 
അത് എല്ലാം തകര്‍ത്തെറിഞ്ഞിട്ടുണ്ടാകും
അതുപോലെയാണ് ചില ഹൃദയങ്ങളും ....!!

ഇരുണ്ടു മൂടി 
രാക്ഷസരൂപം പ്രാപിക്കുന്ന 
മേഘങ്ങളെയും 
പൊട്ടിക്കരയാന്‍ വിതുമ്പി നില്ക്കുന്ന 
ആകാശത്തെയും 
കണ്ടാല്‍ തോന്നും 
ഇന്നീ മഴ തോരില്ലന്നു 
പക്ഷെ ഒരു കാറ്റിന്‍റെ  തലോടലില്‍ 
പെയ്യാന്‍ മറന്നു പോകുന്നു 
അങ്ങിനെയും ചില ഹൃദയങ്ങള്‍ ......!!

പകല്‍ മുഴുവന്‍ 
തെളിഞ്ഞ അന്തരീക്ഷം
പുഞ്ചിരി വെയില്‍ കൊണ്ട്  
എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന നീലവാനം 
രാത്രിയില്‍ ഇടവിടാതെ പെയ്തുകൊണ്ടിരിക്കുന്നു 
ഇങ്ങിനെയും ചില ഹൃദയങ്ങള്‍......!!!.....!!.... ..............

തോരാതെ പെയ്യുന്ന 
ഇടവപ്പാതി പോലെയും .......
ഒരു മഴയ്ക്കായ്‌ കൊതിക്കുന്ന 
വേനല്‍ പോലെയും ചില ഹൃദയങ്ങള്‍........!!.......

വര്‍ഷത്തില്‍ പെയ്യാതെയും 
വേനലില്‍ തോരാതെയും 
ചില ഹൃദയങ്ങള്‍.......!!....

ഇതില്‍ ഏതാണ് എന്റെ  ഹൃദയമെന്നു 
ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു .....!!

Sunday, April 14, 2013

നിശാഗന്ധി


തേന്മാവിന്റെ തളിരകള്‍ മുറ്റത്താകെ കൊഴിഞ്ഞു വീണിരുന്നു.......

അതില്‍ രാവില്‍ പെയ്തൊഴിഞ്ഞ മേഘകണ്ണീര്‍ തളം കെട്ടി നിന്നിരുന്നു.......

ഒന്നും അറിയാത്ത ഭാവത്തില്‍ സൂര്യന്‍ ആ കണ്ണീര്‍ തുള്ളിയില്‍ കണ്ണാടി നോക്കുന്നു.......

പിന്നെ സ്നേഹിച്ചു സ്നേഹിച്ചു സൂര്യന്‍ ആ തുള്ളിയെ സ്വന്തമാക്കി.......

അപ്പോഴും തന്‍റെ അരുണനെ ഒരു നോക്ക് കാണാന്‍ രാവ്‌ മുഴുവന്‍ ഉറങ്ങാതെ കാത്തിരുന്ന നിശാഗന്ധി തളര്‍ന്നു വീണു കഴിഞ്ഞിരുന്നു......

പാവം നിശാഗന്ധി സൂര്യനെ സ്നേഹിച്ചു സ്നേഹിച്ചു ചന്ദ്രന്‍റെ സ്വന്തമാകാന്‍ വിധിക്കപ്പെട്ടവള്‍.....

എന്നും സൂര്യന്‍റെ ചുംബനമേറ്റ് വിരിയാന്‍ ഭാഗ്യം ലഭിച്ച പത്തുമണിപ്പൂക്കള്‍ നിറഞ്ഞ പുഞ്ചിരിയുമായി നിശാഗന്ധിയുടെ ചുറ്റും നിരന്നു നിന്നു......!!!

Wednesday, April 10, 2013

ക്ലാസ്സിഫൈഡ്


ഞായറാഴ്ച പത്രത്തിലെ ക്ലാസ്സിഫൈഡ് പേജില്‍ വിവാഹപരസ്യത്തിലൂടെ കയറിയിറങ്ങി നടക്കുകയായിരുന്നു ടോണിയുടെ കണ്ണും മനസ്സും.പെട്ടന്ന് ഒരു പരസ്യത്തില്‍ കണ്ണുകള്‍ ഉടക്കി..
സാമ്പത്തികം ഉള്ള ഇടത്തരം കുടുംബത്തിലെ ആര്‍ സി യുവതി ,ഇരുപത്തെട്ടു വയസ്സ്,നൂറ്റിഅറുപത്തിമൂന്നു സെന്റിമീറ്റര്‍ ഉയരം,ജനറല്‍ നേഴ്സ് ,വെളുത്ത സുന്ദരി,ജൂണ്‍ ആദ്യവാരം നാട്ടില്‍ വരുന്നു..സുമുഖനും സാമ്പത്തികവും വിദ്യാഭ്യാസവും ജോലിയുമുള്ള യുവാക്കളുടെ ആലോചനകള്‍ ക്ഷണിക്കുന്നു.
ആഹാ ഫോണ്‍ നമ്പര്‍ ഉണ്ടല്ലോ....സേവ് ചെയ്തു വയ്ക്കാം ...ചുമ്മാ ഇരിക്കുമ്പോള്‍ മിസ്ഡ്‌ കോള്‍ കൊടുക്കാമല്ലോ..ടോണി മൊബൈല്‍ എടുത്തു ആ നമ്പര്‍ സേവ് ചെയ്തു വച്ചു.....നല്ല നല്ല പരസ്യങ്ങളിലെ ഫോണ്‍ നമ്പര്‍ എല്ലാം എടുത്തു സേവ് ചെയ്തു വച്ചു മിസ്ഡ്‌ കോള്‍ അടിച്ചു ചുമ്മാ സംസാരിക്കുന്നതു ടോണിയ്ക്കും കൂട്ടുകാര്‍ക്കും  ഒരു ഹോബിയാണ്....പലപ്പോഴും അവര്‍ മൂന്നു പേരും കൂടി പല പെണ്‍കുട്ടികളെയും ഇങ്ങിനെ പെണ്ണ് കാണാന്‍ പോയിട്ടുണ്ട്....
ടോണി ഫോണ്‍ എടുത്തു ഹരിയുടെ നമ്പര്‍ ഡയല്‍ ചെയ്തു .....
ഹലോ ....എന്താടാ.....വല്ല കോളും ഉണ്ടോ...?
എടാ ഹരി ...ഒരു വെളുത്ത സുന്ദരി ജനറല്‍ നേഴ്സ്.....
ആണോ?? എവിടെയാടാ??.....ഹരിയ്ക്ക് ആകാംക്ഷയായി...
സ്ഥലപ്പേര് ഇല്ലാടാ ....ഫോണ്‍ നമ്പര്‍ ഉണ്ട്....ടോണി പറഞ്ഞു.
നീ വിളിച്ചു നോക്കിയോ ടോണി???
ഇല്ലാടാ ...ഞാന്‍ നിന്റെ വീട്ടിലോട്ട് വരാം ...അവിടുന്ന് വിളിക്കാം ....ഓക്കേ.
ടോണി വേഗം റെഡിയായി ഹരിയുടെ വീടിന്റെ അടുത്തെത്തി.....അവിടെ ഹരിയും നാസറും അവനെ നോക്കി നില്‍പ്പുണ്ടായിരുന്നു....മൂന്നുപേരും കൂടി പരസ്യത്തില്‍ കണ്ട നമ്പറില്‍ ഡയല്‍ ചെയ്തു.....ഹരിയുടെ ഫോണില്‍ നിന്നാണ് വിളിച്ചത്
ബെല്ലടിക്കുന്നുണ്ട് ....ഹരി പറഞ്ഞു..
ഇങ്ങു താ ഞാന്‍ സംസാരിക്കാം ...നാസര്‍ ഫോണ്‍ തട്ടിപ്പറിച്ചു.
ഹലോ.....ഒരു പുരുഷ ശബ്ദം ഒഴുകി വന്നു....ചെവിയില്‍ കോലിട്ടു കുത്തിയ പോലെ തോന്നി നാസറിനു.....
ഇന്നാ നീ തന്നെ സംസാരിച്ചോ....നാസര്‍ ഫോണ്‍ പൊത്തിപ്പിടിച്ചു കൊണ്ട് ഹരിയ്ക്ക് നേരെ നീട്ടി
ഹലോ...ഹലോ......വിളികള്‍ തുറന്നുകൊണ്ടിരുന്നു.
ഹലോ...ഹരി വെള്ളമിറക്കിക്കൊണ്ട് പറഞ്ഞു.
ആ ഹലോ പറയൂ ആരാണ്??
ഞാന്‍ ജോസ്‌ ...ഒരു വിവാഹപരസ്യം കണ്ടിട്ട് വിളിക്കുന്നതാ...ഹരി സൌമ്യമായി പറഞ്ഞു.
ഉവ്വ് മകള്‍ക്കുവേണ്ടി വിവാഹപരസ്യം കൊടുത്തിരുന്നു.....എവിടുന്നാ വിളിക്കുന്നെ?? അയാള്‍ ചോദിച്ചു.
ഞാന്‍ എറണാകുളത്തും നിന്നാണ്.....
എന്താ ജോലി...? വീട്ടില്‍ ആരൊക്കെയുണ്ട്?? എന്തുവരെ പഠിച്ചു..? എത്ര വയസ്സുണ്ട്...?
ഞാന്‍ ഇന്‍ഫോപാര്‍ക്കില്‍ വര്‍ക്ക്‌ ചെയ്യുന്നു...എം സി എ പാസ്സായി...മുപ്പത്തൊന്നു വീട്ടില്‍ അപ്പന്‍ അമ്മ ഒരു പെങ്ങള്‍ ....പെങ്ങളുടെ കല്യാണം കഴിഞ്ഞു...ഹരി വിശദീകരിച്ചു .
ഓക്കേ ജോസ്‌ മകള്‍ ജൂണ്‍ ആദ്യവാരം വരും .....അപ്പോള്‍ അറിയിക്കാം ....
ശരി അപ്പച്ചാ......ഹരി ഫോണ്‍ വച്ചു
അ..പ്പ..ച്ച...നാ...
ടോണിയും നാസറും ഒരേ സ്വരത്തില്‍ ചോദിച്ചു..
ഹരി നാണം അഭിനയിച്ചു താഴെ നോക്കി തലയാട്ടി.
അയ്യടാ....എന്താ അയാള്‍ പറഞ്ഞെ.....?
ജൂണ്‍ ആദ്യം വരുമെന്ന് വരുമ്പോള്‍ അറിയിക്കാം എന്ന് ....
എങ്ങിനെ അറിയിക്കും ....?
ആ അയാള്‍ വിളിക്കുമായിരിക്കും ഈ നമ്പരില്‍
അപ്പോള്‍ ഇനി നാല് ദിവസം കാത്തിരിക്കണം അല്ലെ...?
ഹോ ഇന്നത്തെ പത്രം മുഴുവനും അരിച്ചു പെറുക്കിയിട്ട് ഈ ഒരു നമ്പര്‍ കിട്ടിയുള്ളൂ നിനക്ക്....നാസര്‍ നിരാശയോടെ പിറുപിറുത്തു
എടെ വേറെ നമ്പര്‍ ഒക്കെയുണ്ട് എല്ലാം മാര്യേജ് ബ്യൂറോയുടെ നമ്പര്‍ ആണ്....
ഉം ഇനി നാല് ദിവസം ആകെ ബോര്‍ ....ഹരി പറഞ്ഞു.
എന്ത് ബോര്‍ പാര്‍ക്കില്‍ വായിനോക്കുന്ന നിനക്കും ബോറടിയോ??...നാസര്‍ ചിരിച്ചു.
പോടാ....കാലാ....ഹരി നാസറിനെ പിടിച്ചു തള്ളി
കാത്തിരിപ്പിനൊടുവില്‍ ഹരിയുടെയും ടോണിയുടെയും നാസറിന്റെയും മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു ജൂണ്‍ മാസം വന്നെത്തി....
അനുമോളെ നിന്നെ കാണാന്‍ നാളെ ഒരു ചെറുപ്പക്കാരന്‍ വരും...അവറാച്ചന്‍ ചേട്ടന്‍ രാത്രി അത്താഴം കഴിക്കാന്‍ ഇരുന്നപ്പോള്‍ മകളോട് പറഞ്ഞു.
നമ്മള്‍ പത്രത്തില്‍ പരസ്യം കൊടുതിരുന്നില്ലേ അത് കണ്ടിട്ട് വിളിച്ചതാണ്.....എറണാകുളത് ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന പയ്യന്‍ ....എം.സി.എ .പഠിച്ചിട്ടുണ്ട്...അപ്പച്ചന്‍ നാളെ അവരോടു വരാന്‍ പറഞ്ഞിട്ടുണ്ട്.
ഫോണ്‍ നമ്പര്‍ ഉണ്ടോ അപ്പച്ചാ എറണാകുളത് ആണെങ്കില്‍ ജാന്‍സിയോടു ഒന്ന് അന്വേഷിക്കാന്‍ പറയാമായിരുന്നു ....അവളെ കെട്ടിചിരിക്കുന്നത് ഏറണാകുളം ആണ്........അവളുടെ കൂട്ടുകാരിയാണ് ജാന്‍സി .
ഫോണ്‍ നമ്പര്‍ ഉണ്ട് മോള്‍ എന്നാല്‍ ഇപ്പോള്‍തന്നെ വിളിച്ചു ഒന്ന് തിരക്ക്‌......അയാള്‍ പറഞ്ഞു.
അനു ഫോണ്‍ നമ്പര്‍ വാങ്ങി ജാന്‍സിയെ വിളിച്ചു സംസാരിച്ചു.... ഫോണ്‍ നമ്പരും കൊടുത്തു ....ഞാന്‍ ചേട്ടനെക്കൊണ്ടും ചേട്ടന്റെ കൂട്ടുകാരെക്കൊണ്ടും  അന്വേഷിപ്പിക്കാം അവരറിയാത ആരും ഈ എറണാകുളത് കാണില്ല......ഒന്നും പേടിക്കണ്ട ധൈര്യമായി പെണ്ണുകാണാന്‍ ഒരുങ്ങിക്കൊലാന്‍ പറഞ്ഞു ജാന്‍സി....
പിറ്റേന്ന് മൂന്നുപേരും നല്ല സുന്ദരമായി അണിഞ്ഞു ഒരുങ്ങി പെണ്ണ് കാണാന്‍ പുറപ്പെട്ടു ....ഫോണില്‍ വിളിച്ചു വഴിയെല്ലാം മനസ്സിലാക്കി വച്ചിരുന്നു....തൃശൂര്‍ ആണ് പെണ്ണിന്റെ വീട്.......പള്ളിയുടെ അടുത്ത് കാണുന്ന മൂന്നാമത്തെ വീട്.
ടോണിയുടെ ഇന്നോവാ കാറിലാണ് അവര്‍ പുറപ്പെട്ടത്‌.
വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല .....കാറില്‍ നിന്നും ഇറങ്ങിയപ്പോത്തന്നെ  പെണ്‍കുട്ടിയുടെ അപ്പച്ചന്‍ ഓടിവന്നു ചോദിച്ചു .
ജോസും കൂട്ടരും അല്ലെ??
അതെ .....ഞങ്ങള്‍ വൈകിയില്ലല്ലോ...ടോണി വിനയത്തോടെ പറഞ്ഞു .
ഇല്ല ..വരൂ..വരൂ..ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.....അയാള്‍ ക്ഷണിച്ചു.
നല്ല ഒരു ഇരുനില വീട് ..മുറ്റത്ത് നല്ല ഒരു പൂന്തോട്ടം മൊത്തത്തില്‍ നല്ല ഐശ്വര്യം ഉള്ള സ്ഥലം....വീടും പരിസരവും മൂന്നു പേര്‍ക്കും നന്നായി ഇഷ്ട്ടപ്പെട്ടു.
വിശാലമായ ഹോള്‍ മനോഹരമായ സെറ്റി ....
ഇരിക്കൂ...അയാള്‍ പറഞ്ഞു.
മൂന്നു പേരും ഇരുന്നു...
ആരാ ഇതില്‍ ചെറുക്കന്‍....?
ഞാനാണ് ...ഹരി പതുക്കെ എഴുന്നേറ്റിട്ട് പറഞ്ഞു....
ഇത് എന്‍റെ കൂട്ടുകാര്‍ ...ഇവന്‍ പ്രദീപ്‌ ...ഇവന്‍ ഡേവീസ്....ഹരി ടോണിയെയും നാസറിനെയും ചൂണ്ടി പറഞ്ഞു.
അല്ലെങ്കിലും വീട്ടുകാരുടെ കൂടെ പെണ്ണുകാണാന്‍ പോകാന്‍ ചെറക്കന്മാര്‍ക്ക് ഒരു ചമ്മലാണ്......അയാള്‍ ഉറക്കെ ചിരിച്ചു.
സംസാരത്തിന് ശേഷം അയാള്‍ പറഞ്ഞു .
മകളെ കാണണ്ടേ ...വിളിക്കാം ...
മോളെ അനു .....
അയാള്‍ അകത്തേയ്ക്ക് നോക്കി വിളിച്ചു.
നല്ല നീല സാരിയുടുത്തു ....മുടി നിറയെ മുല്ലപ്പൂ ചൂടി.....കയ്യില്‍ ട്രേയുമായി പതുക്കെ പതുക്കെ സുന്ദരിയായ അനു കടന്നു വന്നു...
ഇങ്ങോട്ട് കൊടുക്കൂ മോളെ....
അയാള്‍ പറഞ്ഞു.
അനു ആദ്യം നടുക്കിരുന്ന ഹരിയ്ക്ക് നേരെ ചായ കപ്പു എടുത്തു നീട്ടി....ടോണി തോള്കൊണ്ട് ഹരിയുടെ തോളില്‍ തട്ടി.....നാണത്താല്‍ ഹരിയുടെ കാവില്‍ ചുവന്നു.....
അവള്‍ ഒരു പുഞ്ചിരി അവനു സമ്മാനിച്ചുകൊണ്ട് മുറിയുടെ ഒരു വശത്തേയ്ക്ക് നീങ്ങി നിന്നു......
ഒരിറക്ക് ചായ കുടിച്ചിട്ട് ഒന്ന് കൂടി അവളെ കാണാനായി കൊതിയോടെ നോക്കിയാ അവന്‍ ആ കാഴ്ച കണ്ടു ഞെട്ടി.....അനുവിന്റെ തോളില്‍ കയ്യിട്ടു തന്നെ നോക്കി ചിരിക്കുന്ന ഇന്ദു...!!
ഈശ്വരാ ഇന്ദു...!!
തന്‍റെ പ്രിയപ്പെട്ട ഭാര്യ....!!
പ്രസവിച്ചു കിടക്കാന്‍ പോയ ഇവളെന്താ ഇവിടെ .
ഹരി പതുക്കെ എഴുന്നേറ്റു ടോണിയെ തോണ്ടി....
എന്താടാ ...?
നോക്ക് നോക്ക് ഹരി കണ്ണുകൊണ്ട് അനുവിന് നേരെ ആംഗ്യം കാണിച്ചു......
ഹായ് ടോണി ...
ആ കാഴ്ചകണ്ട് ടോണിക്ക് തലകറങ്ങി.

ജാന്‍സി...!!
തന്‍റെ പ്രിയതമ...!
അപ്പോള്‍ ഒരു കൊച്ചുകുട്ടി ഒരു റോസാപ്പൂ കൊണ്ട് വന്നു നാസറിനു നേരെ നീട്ടി
പുഞ്ചിരിയോടെ ആ കുഞ്ഞിനു നേരെ കൈനീട്ടിയ നാസര്‍ ഞെട്ടി
ബാപ്പാ.....ഇത് അനു ചേച്ചി തന്നതാ......!

Wednesday, April 3, 2013

വിരല്‍തുമ്പില്‍

ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ 
എനിക്ക് നിന്‍റെഹൃദയമാകണം ...
ഓരോ നിശ്വാസതിലും ... 

ഓരോ തുടിതാളത്തിലും 
നിന്നോട് ചേര്‍ന്നിരിക്കാന്‍
നിനക്കായ്‌ തുടിക്കാന്‍ ,,

ഓരോ തുള്ളി രക്തത്തിലും 
നിന്‍റെ ജീവശ്വാസമാകാന്‍,,,
പിന്നെയും ജന്മം ഉണ്ടെങ്കില്‍ 

എനിക്ക് നിന്‍റെ മിഴികളാകണം 
നക്ഷത്രങ്ങള്‍ കൂടുകൂട്ടിയ 
നിന്‍റെ നിറമിഴിയില്‍ 
തിളങ്ങുന്ന മഴവില്ലാകണം ......
ഇനിയും എനിക്ക് നിന്‍റെ കാതുകളാകണം

 നിന്‍റെ സ്നേഹസ്വരങ്ങള്‍ 
എന്റെ കാതുകളില്‍ അലയടിക്കണം .......
ഈ സ്നേഹാക്ഷരങ്ങളില്‍ നീ 

അലിഞ്ഞില്ലാതാകുമ്പോള്‍ 
ഞാന്‍ ഇവിടം വിട്ടു  യാത്രയാകും........

*********************

വിരല്ത്തുമ്പിലൂടെ വളരുന്ന ബന്ധങ്ങള്‍ ....
ഏതോ ജന്മങ്ങളില്‍ കൈവിട്ടുപോയ 
സഹോദരങ്ങളെ തിരികെ ലഭിക്കുന്നപോലെ .....
ഒരുമിച്ചു ഉണ്ടും ഉറങ്ങിയും 
കഴിഞ്ഞിരുന്ന കൂടപ്പിറപ്പുകള്‍ 
ഒരു മുറ്റത്ത്‌ ഒത്തുകൂടിയപോലെ .....
നിഷ്കളങ്ക സ്നേഹത്തില്‍ 
പിറവികൊള്ളുന്ന ജന്മങ്ങള്‍ .......
വിരലതുമ്പില്‍ തൂങ്ങി നടക്കാന്‍ 
ഒരുപാട് ഏട്ടന്മാരുടെ കൈകള്‍ .....
പലപ്പോഴും മനസ്സിനെ തൊടുന്നുണ്ട് ...
ആശ്വസിപ്പിക്കുന്നുണ്ട്.....
എന്തിനെന്നറിയാതെ മിഴികള്‍ നനയുന്നുണ്ട്......
കൂട്ടായുള്ളവരുടെ ദുഃഖദുരിതങ്ങള്‍ 
കേള്ക്കുമ്പോള്‍ ....കാണുമ്പോള്‍....
എന്‍ അരികിലെ സ്വര്ഗ്ഗം കാണാന്‍ കഴിയുന്നുണ്ട്.......

***************************************

ചെറുവരികള്‍

മനക്കല്ലില്‍ ഉരച്ചുനോക്കി സ്വന്തമാക്കിയ

പത്തരമാറ്റ്‌ സ്വര്‍ണ്ണത്തിന്റെ നിറംമങ്ങിപ്പോയതെങ്ങിനെ....................????ക്ലാവ്പിടിച്ചു വലിച്ചെറിഞ്ഞവവജ്രം പോലെ തിളങ്ങിയതെങ്ങിനെ............????




                         **************

മക്കളെ മണ്ണില്‍ ഇറങ്ങരുത്....
മഴവെള്ളത്തില്‍ കളിക്കരുത്......
ചെളിയില്‍ ചവിട്ടരുത്......
പറഞ്ഞു ശീലിപ്പിച്ചില്ലേ 
എന്നിട്ടെന്തിനാ നിങ്ങള്‍ ഒരുപിടി മണ്ണും തന്നു 
മണ്ണില്‍ത്തന്നെ എനിക്ക് കിടക്ക ഒരുക്കിയത് ......??

                ************


പാവപ്പെട്ടവന്റെയും 
പണക്കാരന്റെയും 
ശരീരത്തിന് ഒരേ ടേസ്റ്റ് എന്ന് 
ശവംതീനി പുഴുക്കള്‍...!!!

       *********

മരണം വന്നു വിളിച്ചു ......
ഞാന്‍ പറഞ്ഞു....
ഞാന്‍ ഇപ്പോള്‍ എഴുന്നേറ്റതെ ഉള്ളൂ....
പല്ല് തെച്ചില്ല .....
കുളിച്ചില്ല.......
നല്ല ഡ്രസ്സ്‌ ഇട്ടില്ല....
മരണം പറഞ്ഞു ...........
എന്നാല്‍ ഞാന്‍ ഒന്ന് കറങ്ങിട്ടുവരാം ......
പിന്നെ കേട്ട് .....
കുളികഴിഞ്ഞു ......
പൌഡര്‍ ഇട്ടു.....
പൊട്ടു കുത്തി.....
നല്ല ഉടുപ്പിട്ട .......
പൈതലിനെ ....
അവന്‍ തട്ടിക്കൊണ്ടു പോയി എന്ന്........

          ********

കാഴ്ചകള്‍ മുട്ടയിട്ടു
ചിന്തകള്‍ അടയിരുന്ന്
ഭാവനകള്‍ വിരിഞ്ഞു
സ്വപ്നങ്ങളുടെ ചിറകേറി
മനസ്സുകളില്‍ നിന്നും
മനസ്സുകളിലെയ്ക്ക് ചേക്കേറി

   8*********

ചുംബനം

വാല്‍സല്യം ,,,സ്നേഹം,,,,ചതി,,,, 
മൂന്നിനും ഈ മൂന്നക്ഷരം മതി......!!!

      *********

ഇടയ്ക്കു എപ്പോഴോക്കയോ
ആത്മാവില്‍ തൊടുന്നുണ്ട് നീ...

സ്നേഹം തുളുമ്പും വാക്കുകള്‍
ഹൃദയം കാതോര്‍ക്കുന്നുണ്ട്.....

സ്നേഹം കൊണ്ടും സ്വാന്തനം കൊണ്ടും
എന്നെ തോല്‍പ്പിക്കുന്നുണ്ട്......

മിഴികള്‍ നിറയുന്നതും
ഹൃദയം വിതുമ്പുന്നതും
ഈ സ്നേഹക്കടലില്‍ താഴുമ്പോഴാണ്...
     


ജീവിതവഴിയിലെ തണല്‍മരങ്ങള്‍.....



അന്ന് ഉറച്ച തീരുമാനത്തോടെ അയാള്‍ റയില്‍ പാലം ലക്ഷ്യമാക്കി നടന്നു .....തന്‍റെ ജീവിതം പോലെ 
നീളുന്ന റയില്‍പാളത്തിലൂടെനടക്കുമ്പോള്‍ ......നാളെ തന്‍റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന 
ഭീകരനിമിഷങ്ങള്‍ അയാളുടെ മുന്പില്‍ നിഴലാട്ടം നടത്തി....
ഭാര്യയേയും മക്കളെയുംജീവിക്കാന്‍ വിട്ടു മരണത്തിന്‍റെ വിളിയ്ക്കു കാതോര്‍ത്തു നടക്കുമ്പോള്‍
അയാള്‍കേട്ടു എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചില്‍ അയാള്‍ അവിടെ എല്ലാം നോക്കി
റയില്‍പാളത്തില്‍ കിടന്നു കരയുന്ന ഒരു പിഞ്ചുകുഞ്ഞു ....

അയാള്‍ ഓടിച്ചെന്നു ആ കുഞ്ഞിനെ
വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്തു......തീവണ്ടിയുടെ രൂപത്തില്‍ ഓടിയടുക്കുന്ന മരണദൂതനെ
പുല്‍കാന്‍ പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ അയാളെ അനുവദിച്ചില്ല ....ആരുംഅവകാശികളില്ലാത
ആ കുഞ്ഞിനെയും കൊണ്ട് തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ അയാളുടെഅരികില്‍ ഒരു
കാര്‍ വന്നു നിന്നു....കാറില്‍ നിന്നിറങ്ങിയ തന്‍റെ പഴയ കൂട്ടുകാരനെകണ്ട് അയാള്‍
പുഞ്ചിരിച്ചു...

“ നീ എവിടെ പോയിരുന്നു ഞാന്‍ നിന്റെവീട്ടില്‍ നിന്നാണ് വരുന്നത്”

“ഞാന്‍ ഒന്ന് നടക്കാന്‍ പോയതാണ്....എന്താ പോള്‍ കാര്യം?”

“നീ ഒന്ന് വീട്ടിലേയ്ക്ക് വരണംഅപ്പച്ചന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ നിന്റെ കാര്യങ്ങള്‍

അറിഞ്ഞത്......നീ ഒന്ന്കൊണ്ടും വിഷമിക്കണ്ട ബാങ്കില്‍ അടയ്ക്കാന്‍ ഉള്ള പൈസ ഞാന്‍
തരാം.....നാളെജപ്തിയാണെന്ന് ഞാന്‍ അറിഞ്ഞു......”

പോള്‍ അയാളുടെ തോളില്‍ തട്ടിക്കൊണ്ടുപറഞ്ഞു...

വര്‍ഷങ്ങളായി ഒരുമിച്ചുപണിയെടുത്തു.....ഗള്‍ഫില്‍ ജോലികിട്ടി പിരിഞ്ഞതില്‍ പിന്നെ നാട്ടുകാരനായ പോളിനെ അയാള്‍ കാണുന്നത് ഇപ്പോള്‍ആണ്......അന്ന് ഒരുമിച്ചു ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന കൂട്ടുകാര്‍......അയാളുടെകണ്ണുകള്‍ നിറഞ്ഞൊഴുകി .....അയാളുടെ കയ്യില്‍ ഇരുന്ന പിഞ്ചുകുഞ്ഞ്‌ പോളിനെ നോക്കിപുഞ്ചിരിച്ചു .....

“മകളാണോഡാ സുന്ദരിക്കുട്ടി....”

കുഞ്ഞിന്റെ കവിളില്‍ തട്ടിയിട്ടു പോള്‍ ചോദിച്ചു.

“അതെ മകള്‍ മാത്രമല്ല എന്റെ കാവല്‍മാലാഖയും.”

കുഞ്ഞികൈകള്‍ കൊണ്ട് അയാളുടെ കവിളില്‍തൊട്ടു അവളുടെ ഭാഷയില്‍ ആ കുഞ്ഞു അയാളോട് പറഞ്ഞതെന്തായിരിക്കും....!

Monday, April 1, 2013

ഇലയട




അടുത്ത വീട്ടിലെ കുഞ്ഞിപ്പെണ്ണ്‍ ഭര്‍ത്താവ്‌ മരിച്ചു രണ്ടു മക്കളെയും കൊണ്ട് ഒറ്റയ്ക്ക് താമസിക്കുന്നു ......
യൌവനത്തിലെ വിധവയാകേണ്ടി വന്ന കുഞ്ഞിപ്പെണ്ണ്‍ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ വളരെ അച്ചടക്കത്തില്‍ ജീവിക്കുന്നു .....
മക്കളെ വളര്‍ത്താന്‍ കൂലിപ്പണിയ്ക്ക് പോകുന്നു .....എന്നും ആ വീട്ടിലെ പ്രധാന പലഹാരം ആണ് ഇലയട
ഒരു പങ്കു അടുത്ത വീട്ടിലെ താമസക്കാരനായ പത്രോസ് ചേട്ടനും കിട്ടിയിരുന്നു. അത് ഉണ്ടാക്കുന്ന കുഞ്ഞിപ്പെണിനെ അയാള്‍ എന്നും പുകഴ്ത്തി പറയും ..എന്തൊരു കൈപ്പുണ്യം ആണ് കുഞ്ഞിപ്പെണ്ണേ നിനക്ക്.....വീട്ടില്‍ ഒരുത്തിയുണ്ട് എന്ത് ഉണ്ടാക്കിയാലും വായില്‍ വയ്ക്കാന്‍ കൊള്ളില്ല ......കുഞ്ഞിപ്പെണ്ണ്‍ അത് കേട്ട് ചിരിക്കും ....നല്ല ഭംഗിയാണ് അവരുടെ ചിരികാണാന്‍.....
അങ്ങിനെയിരിക്കെ ഒരു ദിവസം കുഞ്ഞിപ്പെണ്ണ്‍ മക്കളെയും കൂട്ടി അവരുടെ വീട്ടില്പ്പോയി കുട്ടികള്ക്ക് സ്ക്കൂള്‍ അവധിയാണ് കുറച്ചു ദിവസം വീട്ടില്‍ നില്‍ക്കണം ....
പത്രോസ് ചേട്ടന്‍ ഓരോ ദിവസവും കാത്തിരുന്നു ദിവസങ്ങള്‍ യുഗങ്ങള്‍ പോലെ കടന്നു പോയി ....എന്നും വഴിക്കണ്ണുമായി കാത്തിരുന്നു .....ചിലപ്പോഴൊക്കെ കൊതി സഹിക്കവയ്യാതെ വീടിനു ചുറ്റും കറങ്ങി നടന്നു........
അങ്ങിനെ കാത്തിരിക്കെ കുഞ്ഞിപ്പെണ്ണ്‍ മക്കളെയും കൂട്ടി വിരുന്നു കഴിഞ്ഞു എത്തി ...പക്ഷെ പത്രോസ് ചേട്ടനെ കണ്ടിട്ട് കണ്ട ഭാവം പോലും നടിച്ചില്ല......രണ്ടു ദിവസം കുഞ്ഞിപ്പെന്നിന്റെ വീടിനു മുന്പില്‍ കൂടി പോയിട്ട് പോലും ഒന്ന് വിളിച്ചു പോലുമില്ല ....
അന്ന് രാത്രി പത്രോസ് ചേട്ടന്‍ മനസ്സില്‍ ഉറപ്പിച്ചു ...നാളെ ജോലിയ്ക്ക് പോകണ്ട ഇങ്ങനെ ആഗ്രഹം അടക്കാന്‍ വയ്യ അറ്റകൈ പ്രയോഗിക്കുക തന്നെ പിന്നീട് വരുന്ന നാണക്കേട് ഒന്നും പത്രോസ് ചേട്ടന്‍ ചിന്തിച്ചില്ല മനസ്സില്‍ ഒരേ ഒരു ആഗ്രഹം മാത്രം ഒരേഒരു ലക്‌ഷ്യം
അയാള്‍ നേരം വെളുക്കാന്‍ കാത്തിരുന്നു കുഞ്ഞിപെണ്ണിന്റെ വീട്ടിലേക്കു ഇടയ്ക്ക് ഒളിഞ്ഞു നോക്കി ......അവളുടെ മക്കള്‍ സ്ക്കൂളിലെയ്ക്ക് പോകുന്നത് കണ്ട പത്രോസ് ചേട്ടന്‍ പതുങ്ങി പതുങ്ങി കുഞ്ഞിപെണ്ണിന്റെ അടുക്കള വാതില്ക്ക്ല്‍ എത്തി ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ വാതില്‍ പതുക്കെ എടുത്തു മാറ്റിവച്ചു ശബ്ദമുണ്ടാക്കാതെ പൂച്ചയെപ്പോലെ പതുങ്ങി അകത്തു കയറി ചുറ്റും നോക്കി ആരെയും കാണുന്നില്ല ആര്‍ത്തിയോടെ പത്രോസ് ചേട്ടന്‍ പണി തുടങ്ങി........കുഞ്ഞിപെണ്ണിന്‍റെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത് അവര്‍ വീടിനു ചുറ്റും നിരന്നു വാതില്‍ തുറന്നു കള്ളനെപ്പിടിക്കാന്‍ അകത്തു കടന്നവര്‍ കണ്ടത് വായിലും കയ്യിലുമായി ഇലയടയുമായി നിന്ന് കണ്ണുമിഴിയ്ക്കുന്ന പത്രോസ് ചേട്ടനെയാണ്!!!